ആലപ്പുഴ: മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരന്റെ പേരിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശിച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. തപാൽവോട്ടുകൾ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് നിർദേശം. അടിയന്തര നടപടി സ്വീകരിക്കാനാണ് ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറോട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ആവശ്യപ്പെട്ടത്. നിലവിൽ ഉദ്യോഗസ്ഥർ, ജി സുധാകരന്റെ ആലപ്പുഴയിലെ വീട്ടിലെത്തി മൊഴിയെടുക്കുകയാണ്.
വെളിപ്പെടുത്തലിൽ തുടർ നടപടിക്കുള്ള നിയമവശം പരിശോധിക്കുകയാണെന്നും അത്യന്തം ഗൗരവമുള്ള കാര്യമാണിതെന്നും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കിയതിന് പിന്നാലെയാണ് കേസെടുക്കാൻ നിർദേശം നൽകിയത്. ആലപ്പുഴയിൽ എൻജിഒ യൂണിയൻ സമ്മേളനത്തിൽ നടത്തിയ വെളിപ്പെടുത്തലാണ് ജി സുധാകരന് കുരുക്കായത്.
തപാൽ വോട്ട് പൊട്ടിച്ച് തിരുത്തി വോട്ട് സിപിഎം സ്ഥാനാർത്ഥിക്ക് അനുകൂലമാക്കിയെന്നാണ് വെളിപ്പെടുത്തൽ. കമ്മീഷൻ കേസെടുത്താലും കുഴപ്പമില്ലെന്നാണ് ജി സുധാകരൻ പറഞ്ഞത്. തിരഞ്ഞെടുപ്പ് ക്രമക്കേടിനെക്കുറിച്ചുള്ള വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് കമ്മീഷന് അവഗണിക്കാനാകില്ല. ഈ സാഹചര്യത്തിലാണ് തുടർ നടപടിയുടെ നിയമവശം തിരഞ്ഞെടുപ്പ് കമ്മീഷൻ പരിശോധിക്കുന്നത്.
1989ൽ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ കെവി ദേവദാസ് സിപിഎം സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോഴാണ് താൻ ഉള്‍പ്പെടെയുള്ളവര്‍ തപാൽ വോട്ട് തിരുത്തിയെന്ന് സുധാകരൻ പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ വച്ച് സര്‍ക്കാര്‍ ജീവനക്കാരുടെ തപാൽ വോട്ടുകള്‍ തിരുത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ. സിപിഎം സര്‍വീസ് സംഘടനകളിൽ അംഗമായിരുന്നവരിൽ 15 ശതമാനത്തിന്റെ വോട്ട് ദേവദാസിന് ആയിരുന്നില്ലെന്നും സുധാകരൻ പറയുന്നു. 36 വര്‍ഷം മുമ്പത്തെ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വക്കം പുരുഷോത്തമനാണ് വിജയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |