പട്‌ന: അമ്മാവനെ വിവാഹം കഴിക്കാനായി ഭർത്താവിനെ കൊലപ്പെടുത്തി നവവധു. ബീഹാറിലെ ഔറംഗാബാദിലാണ് സംഭവം. ഗുഞ്ച ദേവി (20) എന്ന യുവതിക്കെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. അമ്മാവനായ ജീവൻ സിംഗുമായി (55) ഗൂഢാലോചന നടത്തി ഭർത്താവ് പ്രിയാൻഷുവിനെ (25) യുവതി കൊലപ്പെടുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. ഗുഞ്ച ദേവിയെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്. ജീവൻ സിംഗിനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഗുഞ്ചയും ജീവനും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, ഇവരെ വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. രണ്ട് മാസം മുമ്പാണ് നിർബന്ധിച്ച് യുവതിയും പ്രിയാൻഷുവും തമ്മിലുള്ള വിവാഹം നടത്തിയത്. പിന്നീട് ജൂൺ 25ന്, പ്രിയാൻഷു തന്റെ സഹോദരിയുടെ വീട്ടിൽ നിന്ന് മടങ്ങിയെത്തവേ റെയിൽവേ സ്റ്റേഷനിൽ വിളിക്കാൻ വരാൻ ഗുഞ്ചയോട് ആവശ്യപ്പെട്ടു. പക്ഷേ, റെയിൽവേ സ്റ്റേഷനിലെത്തിയ പ്രിയാൻഷുവിനെ രണ്ടുപേരെത്തി വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു.
തുടർന്ന് പ്രതിക്കായുള്ള അന്വേഷണം നടക്കവെ ഗുഞ്ച ദേവി ഗ്രാമത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ഇതാണ് പ്രിയാൻഷുവിന്റെ കുടുംബാംഗങ്ങളിൽ സംശയം ഉണ്ടാക്കിയത്. ഗുഞ്ചയുടെ കോൾ റെക്കോർഡ് പരിശോധിച്ചപ്പോൾ അമ്മാവനുമായി നിരന്തരം സംസാരിച്ചിരുന്നതായി കണ്ടെത്തി. കൊലപാതകം അന്വേഷിക്കുന്നതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രിയാൻഷുവിന്റെയും ഗുഞ്ചയുടെയും വിവാഹം കഴിഞ്ഞ് 45-ാം ദിവസമാണ് കൊലപാതകം നടന്നത്. കൊലപാതകം നടത്താനായി ഇവരെ സഹായിച്ച രണ്ടുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |