കൊച്ചി: വോയ്സ് കൾച്ചറിൽ മാസ്റ്ററാണ് പി.കെ. സണ്ണി. പാടാൻ കഴിവുള്ളവരെ നേർവഴിക്ക് നയിക്കുകയാണ് ദൗത്യം. വിദേശികളടക്കം ശിഷ്യഗണങ്ങൾ ഏറെ. അറുപതാണ്ടത്തെ സംഗീതപരിചയമാണ് പിൻബലം.
''പാട്ടിന്റെ ഉത്ഭവം നാഭിയിൽ നിന്നാണ്. അത് നെഞ്ചിൽ പരുവപ്പെട്ട് ശിരസ്സിൽ സാക്ഷാത്കരിക്കുന്നു. സ്വരമാധുരിക്ക് ശ്വാസ, ചലനനിയന്ത്രണം അനിവാര്യമാണ്. എല്ലാവർക്കും സ്വതസിദ്ധമാകില്ല..."" അതിനു സഹായിക്കുകയാണ് തൃശൂർ പുറനാട്ടുകര പ്ലാക്കൽ പി.കെ. സണ്ണി (72) എന്ന സംഗീതകാരൻ. വോയ്സ് കൾച്ചറിൽ പിച്ചിംഗ്, വിബ്രാറ്റോ, ഡൈനമിക്സ്, ഓർണമെന്റേഷൻ, മോഡുലേഷൻ എന്നിവയുണ്ട്. ശ്രുതിചേർത്തു പാടുന്നത്, ആരോഹണ അവരോഹണ നിയന്ത്രണം, ശബ്ദത്തിന്റെ റേഞ്ച് കൂട്ടൽ തുടങ്ങിയവയിലാണ് പരിശീലനം. പാട്ടിനെ പ്രൊഫഷനാക്കുന്നവർക്ക് ഗുണംചെയ്യും. സണ്ണിയുടെ ഓൺലൈൻ ക്ലാസിൽ ദുബായ്, മസ്കറ്റ്, ബ്രൂണെ, അയർലൻഡ് എന്നിവിടങ്ങളിലുള്ളവരുണ്ട്.
ബാല്യത്തിൽ പള്ളി ക്വയറുകളിൽ പാടിയും ഹാർമോണിയം വായിച്ചുമാണ് പി.കെ. സണ്ണി സംഗീതലോകത്തെത്തിയത്. നാടകങ്ങളിലും പാടിയിരുന്നു. സ്കൂൾ കലോത്സവങ്ങളിൽ ലളിതഗാനത്തിന് സമ്മാനങ്ങൾ നേടി. മെക്കാനിക്കായി കോഴിക്കോട് ജോലി ചെയ്യുമ്പോൾ പ്രശസ്ത ഗായകരെ പരിചയപ്പെട്ടു. ഹോട്ടൽ ബാൻഡിലെ പാട്ടുകാരനായി. സംഗീതമാണ് മേഖലയെന്ന് തിരിച്ചറിഞ്ഞു. തിരിച്ചുനാട്ടിലെത്തിയപ്പോൾ കർണാടക സംഗീതവും പഠിച്ചു. വയലിനിലും ഗിറ്റാറിലും പിയാനോയിലും പ്രാവീണ്യം നേടി. പത്മഭൂഷൺ ടി.വി. ഗോപാലകൃഷ്ണന് ആറു വർഷം ശിഷ്യപ്പെട്ടതാണ് കാഴ്ചപ്പാടുകൾ മാറ്റിയത്. വോയ്സ് കൾച്ചറിന്റെ സാദ്ധ്യതകളറിഞ്ഞതും അക്കാലത്താണ്.
കലാസദൻ പുറത്തിറക്കിയ കേരളത്തിലെ ആദ്യ കാസെറ്റിൽ ആദ്യത്തെ പാട്ടുപാടിയത് സണ്ണിയായിരുന്നു - 'ഒരു പുലരി പുലർന്നു..." എന്ന ഭക്തിഗാനം. സംഗീതാദ്ധ്യാപകനായും പ്രവർത്തിച്ച ശേഷമാണ് പാട്ടുകൾ ചിട്ടപ്പെടുത്തിത്തുടങ്ങിയത്. ഇരുനൂറിലധികം ആൽബങ്ങൾ പുറത്തിറക്കി. 'ഇന്നലയെത്തേടി" സിനിമയ്ക്കും ഫാ. ഗബ്രിയേൽ, ദ് ലീഡർ എന്നീ ബയോപിക്കുകൾക്കും ടെലിഫിലിമുകൾക്കും സംഗീതസംവിധാനം നിർവഹിച്ചു. തത്സമയ സംഗീതപരിപാടികളുടെ മ്യൂസിക് കണ്ടക്ടറുമാണ്. സിനിമയിൽ സജീവമാകണമെന്നാണ് ആഗ്രഹം. ഭാര്യ: ലൂസി. അനൂപും ബിജോണുമാണ് മക്കൾ.
പാപ്പയ്ക്ക് മുന്നിൽ
1986ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ തൃശൂരിലെത്തിയപ്പോൾ അവതരിപ്പിച്ച 26 ഗാനങ്ങൾ ചിട്ടപ്പെടുത്തി. 300 പേരുടെ ഗായകസംഘത്തെ നിയന്ത്രിക്കുകയും ചെയ്തു. 2014ൽ ഇളയരാജയുടെയും 2019ൽ ആനന്ദ്ജിയുടെയും സാന്നിദ്ധ്യത്തിൽ സംഗീതപരിപാടികൾ നയിച്ചു. 2022ൽ ഗുരു ടി.വി.ജിയുടെ നവതി ആഘോഷത്തിൽ ആചാര്യരത്ന അവാർഡിനും സണ്ണി അർഹനായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |