കോഴിക്കോട്: പെരിങ്ങളത്തുണ്ടായ അപകടത്തിൽ നിന്ന് സ്കൂട്ടർ യാത്രിക അത്ഭുതകരമായി രക്ഷപ്പെട്ടു. പെരിങ്ങളം സ്വദേശി അശ്വതിയാണ് രക്ഷപ്പെട്ടത്. യുവതി ചെറിയ പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. റോഡിലെ കയറ്റത്തിലൂടെ സഞ്ചരിച്ചിരുന്ന ലോറി പെട്ടന്ന് പിറകോട്ട് നീങ്ങി അശ്വതി ഓടിച്ച സ്കൂട്ടറിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്ന് അശ്വതി ഒരു വശത്തേക്ക് തെറിച്ച് വീണതോടെയാണ് രക്ഷപ്പെട്ടത്.
പെരിങ്ങളം അങ്ങാടിയിൽ നിന്നും മെഡിക്കൽ കോളേജ് ഭാഗത്തേക്കുള്ള റോഡിൽ സിഡബ്ല്യുആർഡിഎമ്മിനു സമീപത്തെ കയറ്റത്തിൽ വച്ചാണ് അപകടം ഉണ്ടായത്. ഇതുവഴി ഹോളോബ്രിക്സുമായി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ടിപ്പർ ലോറിയുടെ നിയന്ത്രണമാണ് പോയത്. റോഡരികിലെ മരത്തിൽ ഇടിച്ചാണ് ലോറി നിന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചത്. അശ്വതിയുടെ പരിക്ക് സാരമുള്ളതല്ല എന്നാണ് പ്രാഥമിക വിവരം. ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാവാം അപകടകാരണം എന്നാണ് സൂചന. അപകടത്തിൽ സ്കൂട്ടറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവരം പുറംലോകമറിഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |