മിമിക്രിയിലൂടെ സിനിമയിലെത്തിയ താരമാണ് രാജാ സാഹിബ്. ജയനെ അനുകരിച്ചാണ് താരം ശ്രദ്ധേയനായത്. താൻ എഴുതിയ കഥ ഒരാൾ മോഷ്ടിച്ചെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു രാജാ സാഹിബ്.
'സിനിമാ മേഖലയിൽ നടക്കുന്നതാണിത്. നമ്മൾ കഥ ഒരാളോട് പറയുന്നതിന് മുമ്പ് രജിസ്റ്റർ ചെയ്യുകയോ മെയിൽ ചെയ്യുകയോ ഒക്കെ വേണം. അങ്ങനെയൊന്നും ചെയ്യാത്തതുകൊണ്ട് എന്റെയൊരു കഥയങ്ങ് പോയിക്കിട്ടി. എന്റെ നിഷ്‌കളങ്കതവച്ച് ഞാൻ ഒരാളുടെയടുത്ത് എന്റെ ത്രഡ് പറഞ്ഞു.
ജയനെപ്പോലെ അവതരിപ്പിക്കാനായിരുന്നു എനിക്ക് വരുന്ന സിനിമകളെല്ലാം. ലക്ഷങ്ങൾ പ്രതിഫലം താരൻ റെഡിയായി വന്നു. എനിക്ക് കഥാപാത്രമായി മാറി ചെയ്യണമെന്നുണ്ടായിരുന്നു. സിനിമയിൽ നമ്മൾ തന്നെ ക്രീയേറ്റ് ചെയ്യണം. അത് മനസിലാക്കി, എനിക്കുവേണ്ടി ഞാൻ കഥയെഴുതി. സയൻസ് ഫിക്ഷനായി ചെയ്യേണ്ടതായിരുന്നു. ത്രഡ് ഷെയർ ചെയ്തതാണ്. തിരക്കഥയിലേക്ക് കടന്നില്ലായിരുന്നു. പുസ്തകത്തിൽ കഥ കുറിച്ചുവച്ചു
ത്രഡ് കേട്ടപ്പോഴേക്ക് ആ വ്യക്തിയ്ക്ക് ഇഷ്ടമായി. വലിയൊരു തറവാട്ടിൽ ജനിക്കുന്നൊരു കുട്ടി. കുട്ടികളില്ലാതെ കാത്തിരുന്നു കിട്ടിയ കുട്ടി. ആ കുട്ടിയ്ക്ക് ബുദ്ധി വികാസം ഇല്ല. ഹാർട്ട് മാറ്റിവച്ചിട്ടുണ്ടല്ലോ. ബ്രെയിൻ മാറ്റിവയ്‌ക്കുന്നതിനെക്കുറിച്ച് എന്തുകൊണ്ട് ചിന്തിച്ചുകൂടാ എന്ന് കരുതി. അങ്ങനെയുണ്ടായതാണ് ആ കഥ.
അങ്ങനെ ഈ കുട്ടിയ്ക്ക് ആക്സിഡന്റായി മരിച്ചയൊരാളുടെ ബ്രെയിൻ വയ്ക്കുന്നു. എന്നാൽ പയ്യന് കിട്ടിയത് ക്രിമിനലിന്റെ ബ്രെയിനായിരുന്നു. ആ കുട്ടി സർജറിക്ക് ശേഷം ആക്ടീവായി പല പ്രശ്നങ്ങളുമുണ്ടാക്കി. അവസാനം അവനെ വിഷം കൊടുത്ത് അമ്മ തന്നെ കൊല്ലുന്നതായിട്ടായിരുന്നു.
സിനിമയിലെ ഉന്നതനായ സംവിധായകനോടാണ് കഥ പറഞ്ഞത്. അയാൾ തന്നെയാണ് ആ ചിത്രം ചെയ്തത്. സൂപ്പർ ഡ്യൂപ്പർ ഹിറ്റായി. ആ പടം കാണാൻ തന്നെ വിഷമമായിരുന്നു.'- അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |