കോട്ടയം : മഴവരും മുന്നേ കുട വിപണി ഉഷാറായി. ഇക്കുറി പൊരിഞ്ഞ ചൂടിൽ പുറത്തിറങ്ങാൻ കുടവേണമെന്നതിനാൽ രണ്ട് മാസമായി കച്ചവടം പൊടിപൊടിക്കുകയാണ്. സ്‌കൂൾ വിപണി സജീവമാകും മുന്നേ ഇക്കുറി കുടയ്ക്ക് ഡിമാൻഡ് കൂടി.
ബാഗിൽ കൊണ്ടുനടക്കാവുന്ന രണ്ട്, മൂന്ന്, അഞ്ച് മടക്കുകളുള്ള കുടകളുണ്ടെങ്കിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ കാലൻ കുടകൾക്കാണ് പ്രിയം. വലിപ്പം, നിറം, രൂപകല്പന എന്നിവയുടെ വൈവിദ്ധ്യത്താൽ കുടയിനങ്ങൾ നൂറിന് മേലെയാണ്. 545 മി.മീറ്റർ വ്യാസമുള്ള സാധാരണ കാലൻകുടകളുടെ സ്ഥാനത്ത് 685, 725 മി.മീറ്റർ വരെ വ്യാസമുള്ള വമ്പന്മാർ ഇടംപിടിച്ചെങ്കിലും ആകർഷണീയമായ ഇത്തിരിക്കുഞ്ഞന്മാരും പിന്നിലല്ല. കാർബൺ ലൈറ്റ് എന്ന പേരിൽ അടുത്തിടെ വിപണിയിലെത്തിയ പുതിയ മോഡലിന് 120 ഗ്രാമാണ് തൂക്കം. ത്രീ ഫോൾഡ് കുടകളുടെ വിവിധ മോഡലകുളുമായി വൻകിട കമ്പനികളും കളംപിടിച്ചിട്ടുണ്ട്. ബ്രാൻഡഡ് കുടകൾക്ക് നൂറുരൂപ മുതൽ വിലയും കൂടി.
മാർച്ച് പകുതിയോടെ ഡിമാൻഡേറി
വെയിൽ ശക്തമായതോടെ കാൽനടയാത്രക്കാർക്ക് കുടയാണ് ആശ്രയം. മാർച്ച് പകുതിയോടെ കുടയ്ക്ക് ഡിമാൻഡേറി. ഇടയ്ക്ക് ക്ഷാമവും നേരിട്ടു. സ്‌കൂൾ വിപണി ലക്ഷ്യം വച്ച് കമ്പനികൾ അസംസ്‌കൃത വസ്തുക്കൾ കരുതിയതിനാൽ പെട്ടെന്ന് ഉത്പാദനം കൂട്ടാനായി. ഈ മാസം പകുതിയോടെ കുടക്കച്ചവടം തകൃതിയാകുകയാണ് പതിവ്. എന്നാൽ ഒന്നരമാസം മുന്നേ കച്ചവടം ഉഷാറായതോടെ സീസണിൽ കച്ചവടം കുറയേമോയെന്ന ആശങ്ക വ്യാപാരികൾക്കുണ്ട്. വെയിലിനെ പേടിച്ച് മിക്ക വീടുകളിലും കുട സ്ഥാനം പിടിച്ചതോടെ മഴക്കാലത്തേയ്ക്കായി ഇനി വാങ്ങാൻ ആളെത്തുമോയെന്നാണ് ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |