കൊച്ചി: തൃക്കാക്കരയ്ക്ക് പിന്നാലെ കളമശേരി നഗരസഭയിലും കോടികളുടെ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. 2023-24ലെ ഓഡിറ്റിൽ കണ്ടെത്തിയ ക്രമക്കേടുകൾ ഗുരുതരമാണെന്നും തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടറോട് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും തദ്ദേശ വകുപ്പ് മന്ത്രി എം.ബി. രാജേഷ് 'കേരളകൗമുദിയോട്' പറഞ്ഞു.
ക്രമക്കേടുകളിൽ ഉദ്യോഗസ്ഥ തലത്തിലുള്ള ഇടപെടലുകളുണ്ടെങ്കിൽ കുറ്റക്കാരായ ഒരാൾ പോലും സർവീസിലുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു. സമാന ക്രമക്കേട് കണ്ടെത്തിയ തൃക്കാക്കരയിൽ ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകൾ രാഷ്ട്രീയപ്രേരിതമാണെന്ന ചെയർപേഴ്‌സൺ രാധാമണി പിള്ളയുടെ ആരോപണവും മന്ത്രി തള്ളി. തൃക്കാക്കരയിലെ ക്രമക്കേടും അന്വേഷിക്കും. ക്രമക്കേടുകൾക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുകളുണ്ടെങ്കിൽ വകുപ്പുതല അന്വേഷണം നടത്തും. കളമശേരി നഗരസഭയിൽ വർഷങ്ങളായി തുടരുന്ന ക്രമക്കേടുകൾ ഉൾപ്പെട്ട ഓഡിറ്റ് റിപ്പോർട്ട് കേരളകൗമുദിയാണ് പുറത്തെത്തിച്ചത്.
ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയ്ക്ക് പരാതി. കളമശേരി പേഴയ്ക്കൽ സ്വദേശിയായ സി.എം. കണ്ണനാണ് ഫോറൻസിക് ഓഡിറ്റ് ആവശ്യപ്പെട്ട് പരാതി നൽകിയത്. സാമ്പത്തിക ക്രമക്കേട് നടന്നു. പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചോയെന്ന് അന്വേഷിക്കണമെന്നും പരാതിയിലുണ്ട്.
ക്രമക്കേടുകൾ നിരവധി
2010 മുതൽ വിവിധ ബാങ്കുകളിൽ നഗരസഭയുടേതായി നിക്ഷേപിച്ച 2.30 കോടിയിലേറെ രൂപ അക്കൗണ്ടിൽ ക്രെഡിറ്റാകാത്തത്.
കരാറില്ലാതെ നഗരസഭയുടെ കെട്ടിടങ്ങൾക്ക് വാടകയ്ക്ക് നൽകി.
ദശലക്ഷ കണക്കിന് രൂപയുടെ വാടക കുടിശിക.
സ്വകാര്യ കെട്ടിടങ്ങളുടെ ഉപയോഗ ക്രമം തെറ്റായി രേഖപ്പെടുത്തി കോടികളുടെ നികുതി കുടിശികയ്ക്ക് ഒത്താശ.
ബയോ ബിൻ വാങ്ങിയതിലെ ക്രമക്കേട്.
അംഗീകാരമില്ലാത്ത പൊതുമരാമത്ത് പ്രവൃത്തികൾ.
പരസ്യ പ്രതിഷേധത്തിന് സി.പി.എം
അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് സി.പി.എം പരസ്യ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കുറ്റക്കാരവർ സർവീസിൽ തുടരുന്നത് അനുവദിക്കില്ലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ് കേരളകൗമുദിയോട് പറഞ്ഞു. വരും ദിവസങ്ങളിൽ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കും.
എ.ഐ.വൈ.എഫ് ധർണ
ക്രമക്കേട് അമ്പരപ്പിക്കുന്നതാണെന്നും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ് പറഞ്ഞു. ചൊവ്വാഴ്ച നരസഭയിലേക്ക് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും.
ക്രമക്കേടുകളില്ലെന്ന്
ക്രമക്കേടുകൾ സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയ വിവരങ്ങളിൽ പിഴവുണ്ടെന്ന് നഗരസഭാ ചെയർപേഴ്‌സൺ സീമാ കണ്ണൻ കേരളകൗമുദിയോട് പറഞ്ഞു. സോഫ്റ്റ്‌വെയർ തകരാർ മാത്രമാണുള്ളതെന്നു പറഞ്ഞ ചെയർപേഴ്‌സൺ സെക്രട്ടറിയുടെ ശമ്പളം, പെൻഷൻ എന്നിവയുടെ അംശാദായത്തിലെ തത്തുല്യമായ തുക നഗരസഭ സർക്കാരിലേക്ക് അടക്കുന്നില്ലെന്നത് തനിക്കറിയില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |