തളിപ്പറമ്പ്: യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ വീടിനു നേരെയുണ്ടായ അക്രമം അപലപനീയമെന്ന് കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ്. അക്രമം നടന്ന തളിപ്പറമ്പിലെ യൂത്ത് കോൺഗ്രസ് നേതാവ് എസ്. ഇർഷാദിന്റെ വീട് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തളിപ്പറമ്പിൽ സി.പി.എം ഗുണ്ടകളുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ നടത്തിരിക്കുന്നത് തികച്ചും ജനാധിപത്യ ധ്വംസനമാണ്. ജില്ലയിൽ എവിടെയും കോൺഗ്രസ് പ്രവർത്തകരെ ഗാന്ധി സ്തൂപം സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്ന സി.പി.എം ജില്ലാ നേതാവിന്റെ പ്രസ്താവനയെക്കുറിച്ച് സി.പി.എം സംസ്ഥാനസെക്രട്ടറി എം.വി ഗോവിന്ദനും മുഖ്യമന്ത്രിയും വ്യക്തമാക്കണം. അക്രമങ്ങൾ കൊണ്ട് കോൺഗ്രസിനെ തകർക്കാൻ സാധിക്കില്ല. രാഷ്ട്രീയ പ്രവർത്തനം ജനാധിപത്യപരമായി ആശയ പ്രചരണത്തിന്റെ അടിസ്ഥാനത്തിൽ നിർവ്വഹിക്കാൻ തയ്യാറുണ്ടോയെന്ന് സി.പി.എമ്മിനെ വെല്ലുവിളിക്കുകയാണ്. മലപ്പട്ടത്ത് പൊലിസിന്റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായി.പൊലിസിന്റെ നയം ഏകാധിപത്യപരമാണെന്നും ക്രിമിനലുകൾക്ക് ഒത്താശ ചെയ്യുകയാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. പി വി അബ്ദുൽ റഷീദ്, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുഹമ്മദ് ബ്ലാത്തൂർ, ടി. ജനാർദ്ദനൻ, പി.ടി.ജോസ്, ടി.സരസ്വതി, സുധിപ് ജയിംസ് , ടി.ആർ.മോഹൻദാസ് തുടങ്ങിയവരും സണ്ണി ജോസഫിനോടൊപ്പം ഉണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |