കണ്ണൂർ: വന്യമൃഗ ആക്രമണങ്ങളും മറ്റുമായി നിലതെറ്റിക്കിടക്കുന്ന മലയോരത്തെ വലച്ച് കൊതുകുശല്യവും വൈറൽ പനിഭീഷണിയും.ഡങ്കി അടക്കമുള്ള പകർച്ചവ്യാധികളുടെ നടുവിൽ സജീവശ്രദ്ധ തേടുകയാണ് മിക്ക മലയോര ഗ്രാമങ്ങളും.
ഈ വർഷം ഇതുവരെ 586 പേർക്കാണ് ജില്ലയിൽ ഡെങ്കിപ്പനി ബാധിച്ചത്. ഇതിൽ ഭൂരിഭാഗം രോഗികളും മലയോര പ്രദേശങ്ങളിൽ നിന്നുള്ളവരാണെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിക്കുന്നു. സ്വകാര്യാശുപത്രികളിലെ കണക്കുകൾ ഇതിൽ പെടാത്തതിൽ യഥാർത്ഥ കണക്ക് ഇതിലും ഏറെ മുകളിലാകാനാണ് സാദ്ധ്യത.
കേളകം, കൊട്ടിയൂർ, ആറളം, എന്നീ മേഖലകളിലാണ് പനിയുടെ വ്യാപനം കൂടുതലായി ഉള്ളത്. ആറളം കൊട്ടിയൂർ മേഖലകളിൽ മാത്രമായി നാൽപ്പത് വീതം ഡങ്കിപ്പനികളാണ് റിപ്പോർട്ട് ചെയ്തത്. അയ്യങ്കുന്ന്, ചെമ്പിലോട്, പേരാവൂർ, മുഴക്കുന്ന്, കേളകം, ചെറുപുഴ, കുന്നോത്തുപറമ്പ്, ഇരിട്ടി, കോളയാട് എന്നിവിടങ്ങളിൽ 15ന് മുകളിലും കേസുകൾ ഉണ്ടായിട്ടുണ്ട്. പേരാവൂർ താലൂക്കിൽ പനി ബാധിച്ചവരെ വയനാട് ജില്ലാ ആശുപത്രിയിൽ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.രോഗം മൂർച്ഛിച്ചവർ കണ്ണൂരിലും കോഴിക്കോടുമായി സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
ഡങ്കിപ്പനി
കേളകം -40
കൊട്ടിയൂർ 40
ആറളം 40
അയ്യങ്കുന്ന്, ചെമ്പിലോട്, പേരാവൂർ, മുഴക്കുന്ന്, കേളകം, ചെറുപുഴ, കുന്നോത്തുപറമ്പ്, ഇരിട്ടി, കോളയാട് -15 വീതം
അരയും തലയും മുറുക്കി ആരോഗ്യ വകുപ്പ്
മലയോര മേഖലയിലെ പകർച്ച വ്യാധികളും പ്രശ്നങ്ങളും പരിഹരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പ്. രോഗം നിയന്ത്രിക്കുന്നതിലും മുൻകരുതലുകളെടുക്കുന്നതിലും ആരോഗ്യവകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും പറ്റിയ പോരായ്മകൾ മുൻ ദിവസങ്ങളിൽ കേരള കൗമുദി ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതിന് പിന്നാലെ രോഗവ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ത്വരിതപെടുത്തിതിയിട്ടുണ്ട്.
കേളകത്ത് ഡങ്കിവ്യാപനം കൂടുതൽ
കേളകം പഞ്ചായത്തിലെ വളയഞ്ചാൽ,കുണ്ടേരി, വെണ്ടേക്കും ചാൽ, പാറത്തോട് പ്രദേശങ്ങളിൽ ഡെങ്കി വ്യാപനം കൂടുതലാണ്. വേനൽ മഴയെ തുടർന്ന് ഇത് മറ്റിടങ്ങളിലേക്ക് വ്യാപിക്കുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിട്ടുണ്ട്. റബ്ബർ തോട്ടങ്ങളിലും മറ്റും പരിശോധനകൾ കർശനമാക്കിയതായും കൊതുകിന്റെ പ്രജനനം ഇല്ലാതാക്കുന്നുണ്ടെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു.
തോട്ടങ്ങളിൽ രോഗ വ്യാപനത്തിനുള്ള സാദ്ധ്യതകൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജന ആരോഗ്യ നിയമ പ്രകാരം നടപടിയും ഉണ്ടാകും. അത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ആരോഗ്യ വകുപ്പിനെ അറിയിക്കാൻ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. -ജില്ലാ ആരോഗ്യ വകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |