നെടുമ്പാശേരി: യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ നെടുമ്പാശേരി വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് (31) കോൺസ്റ്റബിൾ മോഹൻ കുമാർ (28) എന്നിവരെ അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇരുവരെയും ആലുവ സബ് ജയിലിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി പത്തോടെയാണ് അങ്കമാലി തുറവൂർ ആരിശേരിൽ വീട്ടിൽ ജിജോ ജെയിംസിന്റെ മകൻ ഐവിൻ ജിജോ (24) ദാരുണമായി കൊല്ലപ്പെട്ടത്. നാട്ടുകാരിൽ നിന്ന് മർദ്ദനമേറ്റ മുഖ്യ പ്രതി വിനയകുമാർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ പുലർച്ചെ രണ്ടരയോടെ ഡിസ്ചാർജ് വാങ്ങി പുറത്തിറങ്ങിയപ്പോഴാണ് അറസ്റ്റ്.
കേസിന്റെ റിപ്പോർട്ട് സി.ഐ.എസ്.എഫ് നെടുമ്പാശേരി യൂണിറ്റിലെ കമണ്ടാന്റിന് കൈമാറിയതായി നെടുമ്പാശേരി സി.ഐ സാബുജി പറഞ്ഞു.
സി.ഐ.എസ്.എഫ് എസ്.ഐ വിനയകുമാർ ദാസ് ഓടിച്ച കാറിനടിയിൽ ഐവിനെ വലിച്ചിഴച്ചത് 37 മീറ്ററാണെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 700 മീറ്ററോളമാണ് ബോണറ്റിൽ കിടത്തി കാർ ഓടിച്ചത്. ജീവഹാനി സംഭവിക്കുമെന്ന് അറിയാമായിരുന്നിട്ടും കാർ ഓടിച്ചു.
സി.ഐ.എസ്.എഫ്
അന്വേഷണം ആരംഭിച്ചു
സി.ഐ.എസ്.എഫ് എയർപോർട്ട് സൗത്ത് സോൺ (ചെന്നൈ) ഡി.ഐ.ജി ആർ. പൊന്നിയുടെ നേതൃത്വത്തിൽ സംഭവത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഇന്നലെ പൊന്നിയുടെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശേരിയിലെത്തി യൂണിറ്റ് കമണ്ടാന്റ് ഉൾപ്പെടെയുള്ളവരിൽ നിന്ന് വിവരങ്ങൾ തേടി. എഫ്.ഐ.ആറും പരിശോധിച്ചു. പ്രതികൾക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നാണ് സൂചന.
ഐവിന് വിട നൽകി നാട്
അങ്കമാലി: സി.ഐ.എസ്. എഫുകാർ വാഹനമിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയ്ക്ക് നാട് വിട നൽകി. ഫരീദാബാദ് ബിഷപ്പ് ജോസ് പുത്തമൂട്ടിലന്റെ നേതൃത്വത്തിൽ നടന്ന മരണാനന്തര കർമ്മങ്ങൾക്ക് ശേഷം തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ കേന്ദ്ര മന്ത്രി പി.സി. തോമസ്,മുൻ മന്ത്രി ജോസ് തെറ്റയിൽ, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് കുമാർ, ബി.ജെ.പി നോർത്ത് ജില്ലാ സെക്രട്ടറി എം.എ ബ്രഹ്മരാജ്, റോജി എം.ജോൺ എം.എൽ.എ, ബിഷപ്പ് മാർ തോമസ് ചക്യേത്ത്, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തടൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |