തിരുവനന്തപുരം: സ്‌പോൺസർ പണമടച്ചില്ല. ഇതിഹാസതാരം ലയണൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം ഈ വർഷം കേരളത്തിലെത്താനുള്ള സാദ്ധ്യത ഏറക്കുറെ അടഞ്ഞു. 300 കോടി രൂപയുടേതായിരുന്നു കരാർ.
മെസി ഒക്ടോബറിൽ വരുമെന്ന കായിക മന്ത്രിയുടെ പ്രഖ്യാപനം വന്ന് മാസങ്ങൾ കഴിഞ്ഞിട്ടും ഒരു രൂപ പോലും സ്പോൺസർമാർ നൽകിയില്ല. ഇതോടെ ലക്ഷക്കണക്കിന് ആരാധകർ നിരാശരാകേണ്ടിവന്നേക്കും.
അതേസമയം ഒക്‌ടോബറിൽ ചൈനയിൽ പര്യടനം നടത്താൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തീരുമാനിച്ചെന്നാണ് വിവരം. ചൈനയിൽ രണ്ട് മത്സരങ്ങൾ മെസിയും സംഘവും കളിക്കും. അർജന്റീയുടെ 2026ലെ വിദേശ പര്യടന ഷെഡ്യൂളിലും കേരളമില്ല.
സ്വർണ വ്യാപാരികളുടെ സംഘടനയായ ഓൾ കേരള ഗോൾഡ് മർച്ചന്റ്‌സ് അസോസിയേഷനെയാണ് അർജന്റീനയുടെ സൗഹൃദമത്സരത്തിന്റെ സ്പോൺസറാകാൻ ആദ്യം കണ്ടെത്തിയത്. 200 കോടി രൂപ സമാഹരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഇതിൽ പകുതിയോളം രൂപ അപ്പിയറൻസ് ഫീസായി അർജന്റീന ടീമിന് നൽകേണ്ടി വരുമെന്നായതോടെ ഫണ്ടിംഗ് പാളി. പിന്നീട് പ്രധാന സ്‌പോൺസർമാരായി സ്വകാര്യ വാർത്താചാനലുള്ള ബ്രോഡ്‌കാസ്‌റ്റിംഗ് കമ്പനി വന്നു.
എന്നാൽ തുകയുടെ കാര്യത്തിൽ ചലനമുണ്ടായില്ല. തുക അടയ്‌ക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും റിസർവ് ബാങ്കിന്റെയും അനുമതിയും സംസ്ഥാന സർക്കാർ വാങ്ങിക്കൊടുത്തിരുന്നു. പണമടച്ചാൽ, കഴിഞ്ഞ ഡിസംബറിൽ കേരളത്തിലെ സ്റ്റേഡിയം സന്ദർശിക്കുമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചിരുന്നു. എന്നാൽ പണം കിട്ടാത്തതിനാൽ അവരെത്തിയില്ല.
പ്രതികരിക്കാതെ കായിക മന്ത്രാലയം
സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ കായിക മന്ത്രി വി. അബ്‌ദു റഹിമാനോ അദ്ദേഹത്തിന്റെ ഓഫീസോ തയ്യാറായില്ല. കഴിഞ്ഞവർഷം അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി സ്‌പെയിനിൽ മന്ത്രി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് ഒക്‌ടോബറിൽ രണ്ട് സൗഹൃദ മത്സരം കളിക്കാൻ അർജന്റീന വരുമെന്ന് മന്ത്രി പ്രഖ്യാപിച്ചത്. അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ഇന്ത്യയിലെ പാർട്‌ണർമാരായ എച്ച്.എസ്.ബി.സി ഇന്ത്യയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. 2011ൽ കൊൽക്കത്തയിലെ സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെനിസ്വേലയ്‌ക്ക് എതിരായ സൗഹൃദ മത്സരത്തിനായാണ് അവസാനമായി മെസിയുൾപ്പെടെയുള്ള അർജന്റീന ടീം ഇന്ത്യയിലെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |