തുറവൂർ: കുത്തിയതോട് പഞ്ചായത്തിലെ മംഗലാപുരം പാലം അപകടാവസ്ഥയിലായിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. മൂന്ന് വശവും വെള്ളത്താൽ ചുറ്റപ്പെട്ടതും നിരവധി വിനോദ സഞ്ചാരികൾ എത്തുന്നതുമായ തഴുപ്പ് ഗ്രാമത്തിനെ പറയകാടുമായി ബന്ധിപ്പിച്ച് പുന്നത്തറ തോടിന് കുറുകെയുള്ളതാണ് പാലം.
നൂറു കണക്കിന് വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി പേരുടെ ആശ്രയമായിരുന്ന പാലം ഏത് നിമിഷവും തകർന്നു വീഴാവുന്ന നിലയിലാണ് ഇപ്പോൾ. പാലത്തിലൂടെയുള്ള അപകടയാത്ര ഒഴിവാക്കാൻ ഇപ്പോൾ കിലോമീറ്ററുകൾ ചുറ്റിയാണ് കുട്ടികൾ സ്കൂളുകളിലേക്ക് പോകുന്നത്.
30 വർഷം മുമ്പ് നല്ല ഉയരത്തിൽ നിർമ്മിച്ചിരുന്ന തടിപ്പാലം നശിച്ചതോടെയാണ് ഇപ്പോഴത്തെ കോൺക്രീറ്റ് പാലം നിർമ്മിച്ചത്. വാഹനങ്ങൾക്ക് കയറിപ്പോകാനാവാത്ത വിധത്തിൽ കാൽനടമാത്രമുള്ള രീതിയിലുള്ളതാണ് കുത്തിയതോട് പഞ്ചായത്ത് 5, 4 എന്നീ വാർഡുകളുടെ അതിർത്തിയിലുള്ള പാലം. കണ്ണാട്ട് റോഡിൽ നിന്ന് കിഴക്കോട്ട് പാലം വരെ റോഡ് സൗകര്യമുണ്ട്. എന്നാൽ തഴുപ്പ് റോഡിൽ നിന്നും പടിഞ്ഞാറോട്ടുള്ള റോഡിൽ മംഗലാപുരം പാലം വരെ ഇനി 20 മീറ്റർ കൂടി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതിനായി സ്ഥലമുടമകളിൽ നിന്ന് അനുമതിപത്രം നേടാനുള്ള ശ്രമം നടന്നുവരിയാണ്. വാഹനങ്ങൾ കടന്നു പോകാൻ കഴിയുന്ന രീതിയിൽ വീതി കൂട്ടി പാലം പുനർനിർമ്മിച്ചാൽ അത് നാട്ടുകാർക്ക് വരെ സഹായകമാകും. എം.എൽ.എ യുടെയോ എം.പി യുടെയോ ജില്ലാ പഞ്ചായത്തിന്റെയോ ഫണ്ട് ലഭിച്ചാലേ ഇത് സാദ്ധ്യമാവുകയുള്ളുവെന്നാണ് നാട്ടുകാർ പറയുന്നത്.
കൈവരികൾ തുരുമ്പെടുത്തു
പാലത്തിന്റെ കൈവരികൾ തുരുമ്പെടുത്തു പൂർണ്ണമായി തകർന്നു
അടിഭാഗത്തെ ബീമിന്റെ കമ്പികൾ തുരുമ്പെടുത്തു
കോൺക്രീറ്റുപാളികൾ അടർന്ന നിലയിലാണ്
യാത്രയ്ക്കിടെ നിരവധിപേർ കാൽ വഴുതി പാലത്തിൽ നിന്ന് വീണിട്ടുണ്ട്
കൈവരി തകർന്നു തുടങ്ങിയപ്പോൾ തന്നെ പാലത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് പഞ്ചായത്ത് കമ്മറ്റിയിൽ ഉന്നയിക്കുകയും ചർച്ച നടത്തുകയും ചെയ്തതാണ്. അധികൃതർക്ക് നിവേദനം നൽകുകയുമുണ്ടായി. പാലം അടിയന്തരമായി പുനർനിർമ്മിക്കണം
-ആർ.ഹരീഷ് , മുൻ പഞ്ചായത്തംഗം
പ്രാധാന്യമേറിയ മംഗലാപുരം പാലം പുനർനിർമ്മിച്ച് ഗതാഗത സൗകര്യം ഉറപ്പാക്കിയാൽ നാടിന്റെ മുഖഛായ തന്നെ മാറും. പാലം നിർമ്മാണത്തിന് തുക ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പിയ്ക്ക് നിവേദനം നൽകി
-കല്പനാദത്ത് എസ്. കണ്ണാട്ട്, നാലാം വാർഡ് അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |