പത്തനംതിട്ട: യുവതലമുറയെ ലഹരിയുടെ പിടിയിൽ നിന്ന് മോചിപ്പിച്ച് കളിക്കളങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സ്പെയിസ് ടു സ്പോർട്സ് ലഹരിവിരുദ്ധ സന്ദേശയാത്രയുടെ പത്തനംതിട്ട ജില്ലയിലെ സമാപന സമ്മേളനം വലിയ ജനപങ്കാളിത്തത്തോടെ പൂർത്തിയായി. മന്ത്രി വി. അബ്ദുറഹിമാൻ ജാഥാക്യാപ്ടനായ പര്യടനത്തിലും അതിനോട് അനുബന്ധിച്ച് നടന്ന വാക്കത്തോണിലും മാരത്തോണിലും നിരവധിപേർ പങ്കാളികളായി. സമാപന ചടങ്ങിന്റെ ഉദ്ഘാടനം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ലഹരിക്കെതിരായ പോരാട്ടത്തിൽ കായികരംഗത്തിന്റെ പ്രാധാന്യം വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവരുടെ പിന്തുണയോടെ ഓരോ ജില്ലയിലും ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കായിക വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ മുന്നേറ്റം യുവതലമുറയ്ക്ക് പുതിയൊരു ദിശാബോധം നൽകുമെന്നും ജനീഷ് കുമാർ പറഞ്ഞു.
ലോകചാമ്പ്യനും ദേശീയ ബോക്സിംഗ് താരവുമായ കെ.സി ലേഖ ലഹരി വിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ദേശീയ ഫെൻസിങ് താരമായ ആദിൽ പ്രസാദിനെ ആദരിച്ചു. ജാഥാ ക്യാപ്റ്റനായ മന്ത്രി വി. അബ്ദുൾ റഹ്മാൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ, സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം.ആർ രഞ്ജിത്ത്, മുൻ ഫുട്ബോൾ താരം കെ.ടി ചാക്കോ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി അമൽജിത്ത്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ആർ. പ്രസന്നകുമാർ തുടങ്ങിയവർ പങ്കെടുത്തു.
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ നിന്നാരംഭിച്ച വാക്കത്തോണോടെയാണ് സമാപന പരിപാടികൾക്ക് തുടക്കമായത്. ജില്ലയിൽ തിരുവല്ല സ്വിമ്മിംഗ് പൂൾ, പ്രമാടം ഇൻഡോർ സ്റ്റേഡിയം തുടങ്ങിയ കളിസ്ഥലങ്ങൾ കായിക മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ച് കായിക താരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |