കണ്ണൂർ: സംഘർഷം നിലനിൽക്കുന്ന മലപ്പട്ടത്ത് പ്രകോപന പ്രസംഗവുമായി സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.വി ഗോപിനാഥ്. മലപ്പട്ടത്തെ യൂത്ത് കോൺഗ്രസ് നേതാവ് സനീഷ് പി.ആറിനെതിരെയാണ് പ്രകോപനം. സനീഷിനെ നിലക്ക് നിർത്താൻ ബാലസംഘം മതി. ഗാന്ധി സ്തൂപം ഉണ്ടാക്കാൻ സനീഷ് മെനക്കെടേണ്ട. സനീഷിന്റെ വീടിന്റെ അടുക്കളയിൽ പോലും ഗാന്ധി സ്തൂപം ഉണ്ടാക്കാൻ അനുവദിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി മലപ്പട്ടത്ത് നടന്ന സി.പി.എം യോഗത്തിലാണ് പ്രസംഗം. ''സനീഷിനോട് സ്‌നേഹത്തോടെ പറയാനുള്ളത് ഗാന്ധിസ്തൂപം ഉണ്ടാക്കാൻ ഇനി മെനക്കെടേണ്ട എന്നാണ്. അടുവാപ്പുറത്തെ നിന്റെ വീടിന്റെ മുന്നിലായിക്കോട്ടെ നിന്റെ അടുക്കളയിലായിക്കോട്ടെ ഗാന്ധിസ്തൂപം ഉണ്ടാക്കാൻ നീ മെനക്കെടേണ്ട. നല്ലതുപോലെ ആലോചിച്ചോ'' എന്നാണ് ഗോപിനാഥ് പറഞ്ഞത്.
മറുപടിയുമായി രാഹുൽ
ഗാന്ധി സ്തൂപം ഉണ്ടാക്കാൻ മെനക്കെടേണ്ടെന്ന ഗോപിനാഥിന്റെ ഭീഷണിക്ക് മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ രംഗത്തെത്തി. ''ഗാന്ധി സ്തൂപം ഉണ്ടാക്കാൻ നീ മിനക്കെടണ്ട''. പറയുന്നത് ബി.ജെ.പി നേതാവല്ല, ആർ.എസ്.എസിന്റെ തന്നെ മറ്റൊരു രൂപമായ സി.പി.എമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് മെമ്പർ ആണെന്ന് രാഹുൽ സമൂഹ മാദ്ധ്യമത്തിൽ പരിഹസിച്ചു. ഒരു കാര്യം ഓർത്തോളൂ അവിടെ ഗാന്ധിസ്തൂപം ഉയർന്നിരിക്കും'' എന്നായിരുന്നു രാഹുലിന്റെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |