കൊല്ലം: കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി. കൊല്ലം പത്തനാപുരം മഞ്ചള്ളൂർ വാടകയ്ക്ക് താമസിക്കുന്ന 33 കാരിയാണ് ഇരട്ട ആൺകുട്ടികൾക്ക് ജന്മം നൽകിയത്. കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് 1.55നാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പത്തനാപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് സിജോരാജ്, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിത ശ്രീജിത്ത് എന്നിവർ സ്ഥലത്തെത്തി യുവതിയുമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചു.
ആംബുലൻസ് പിറവന്തൂർ എത്തുമ്പോഴേക്കും യുവതിയുടെ ആരോഗ്യനില കൂടുതൽ വഷളാവുകയും തുടർന്ന് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിത നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ട് പോകുന്നത് അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമല്ലെന്ന് മനസിലാക്കി ആംബുലൻസിൽ തന്നെ സജ്ജീകരണങ്ങൾ ഒരുക്കി. തുടർന്ന് 3.10ന് യുവതി ആംബുലൻസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. ഉടൻ നിത അമ്മയും കുഞ്ഞുമായുള്ള പൊക്കൽകോടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി. തുടർന്ന് ആംബുലൻസ് പൈലറ്റ് സിജോരാജ് ആംബുലൻസുമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് കുതിച്ചു. 3.30ന് പുനലൂർ താലൂക്ക് ആശുപത്രി ലേബർ റൂമിൽ വച്ച് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ നിതയുടെയും ആശുപത്രി അധികൃതരുടെയും പരിചരണത്തിൽ യുവതി രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം അമ്മയെയും കുഞ്ഞുങ്ങളെയും വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് ഇതേ ആംബുലൻസിൽ തന്നെ മാറ്റി. അമ്മയും കുഞ്ഞുങ്ങളും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |