കാളികാവ്: കഴിഞ്ഞ ദിവസം ടാപ്പിംഗ് തൊഴിലാളിയെ കൊന്നു തിന്ന കടുവയെ കണ്ടെത്താൻ തെരച്ചിൽ വ്യാപകം. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കാളികാവ് അടക്കാക്കുണ്ട് റാവുത്തൻ കാട്ടിൽ ടാപ്പിംഗ് തൊഴിലാളിയായ കളപ്പറമ്പി ഗഫൂറലിയെ കടുവ കൊന്നിരുന്നു.നരഭോജി കടുവയെ ഏതു വിധേനയും പിടികൂടാനുള്ള വ്യാപക തെരച്ചിലാണ് നടക്കുന്നത്. റാവുത്തൻ കാട് പ്രദേശം മുഴുവനും വനം വകുപ്പിന്റെ ദ്രുത കർമ്മ സേന വളഞ്ഞിരിക്കുകയാണ്. വിവിധ ബാച്ചുകളായാണ് തിരച്ചിൽ നടക്കുന്നത്. ഇന്നലെ മലയുടെ പല ഭാഗങ്ങളിലായി അമ്പത് കാമറകൾ സ്ഥാപിച്ചിരുന്നു. എല്ലാ കാമറകളും പരിശോധിച്ചെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവയുള്ള സ്ഥലം സ്ഥിരീകരിച്ചു കഴിഞ്ഞാൽ കുങ്കിയാനകളുടെ സേവനം ഉപയോഗപ്പെടുത്തും. ഇതിനായി മുത്തങ്ങയിലെ കുഞ്ചു,കോന്നിയിലെ സുരേന്ദ്രൻ എന്നീ കുങ്കിയാനകളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പാലക്കാട് വൈൽഡ് ലൈഫ് വാർഡൻ ഉമാ കമൽഹാറിന്റെ (ഐ.എഫ്.എസ്) നേതൃത്വത്തിൽ മയക്കുവെടി വിദഗ്ദൻ ഡോ.അരുൺ സക്കറിയ്യയുടെ കീഴിൽ സായുധരായ അമ്പത് പേരാണ് തെരച്ചിൽ നടത്തുന്നത്.കടുവയെ കണ്ടെത്തുന്നത് വരെ തെരച്ചിൽ തുടരും. ഇനി ഒരു ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കുമെന്ന് വനം അധികൃതർ നാട്ടുകാർക്ക് ഉറപ്പ് നൽകി. കടുവയെ കെണിയിൽ വീഴ്ത്തുന്നതിന് സ്ഥലത്ത് രണ്ടു കൂടുകളും സ്ഥാപിച്ചിട്ടുണ്ട്. കടുവയാക്രമണത്തിൽ കൊല്ലപ്പെട്ട ജാഫറലിയുടെ കുടുംബത്തിനു അഞ്ചു ലക്ഷം രൂപ ഡി.എഫ്.ഒ കൈമാറി. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടെ ദൗത്യ സംഘം തെരച്ചിൽ നിർത്തി. ഇന്ന് വീണ്ടും തെരച്ചിൽ പുനരാരംഭിക്കും.
കാളികാവിൽ കടുവയെ പിടി കൂടാനായി റബ്ബർ തോട്ടത്തിൽ കൂട് സ്ഥാപിക്കുന്നു.കാളികാവിൽ കടുവയെ പിടി കൂടാനായി റബ്ബർ തോട്ടത്തിൽ കൂട് സ്ഥാപിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |