തിരുവനന്തപുരം: നിശ്ചയദാർഢ്യത്തിലൂടെയും ധീരമായ പ്രവർത്തന ശൈലിയിലൂടെയുമാണ് എസ്.എൻ.ഡി.പിയോഗത്തെ വികസന പാതയിലേക്ക് നയിക്കാൻ വെള്ളാപ്പള്ളി നടേശന് സാദ്ധ്യമായതെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ പറഞ്ഞു. ശ്രീനാരായണ ഗുരുദേവന്റെ ലക്ഷ്യങ്ങളെ അന്വർത്ഥമാക്കാൻ എസ്.എൻ.ഡി.പി യോഗത്തിന് സാധിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിൽ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി ശുഭാംഗാനന്ദ.
മനുഷ്യർ കടൽതീരത്തെ മണൽതരികൾ പോലെ ഒന്നിനൊന്ന് ചേരില്ലെന്ന് ഗുരു പറഞ്ഞിട്ടുണ്ട്. എന്നാൽ സമുദായാംഗങ്ങളെ മെഴുകുപോലെ ഒട്ടിപ്പിടിപ്പിച്ച് നിർത്താൻ കഴിഞ്ഞതാണ് വെള്ളാപ്പള്ളിയുടെ വിജയം. തെറ്റ് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ധൈര്യം അദ്ദേഹത്തിനുണ്ട്. ഗുരുവിന്റെ ഉദ്ബോധനത്തിൽ നിന്നാവണം അത് ലഭിച്ചിട്ടുള്ളത്. മൂന്ന് പതിറ്റാണ്ടായി അത് തുടരുകയാണ്.
സംഘടന കൊണ്ട് ശക്തരാവുക എന്നതായിരുന്നു ഗുരുവിന്റെ സങ്കൽപ്പം. ന്യായമായ അവകാശങ്ങൾ സംരക്ഷിക്കാനും നേടിയെടുക്കാനും അദ്ദേഹം ഉദ്ബോധിപ്പിച്ചു. യോഗത്തിന്റെ അമരക്കാരനായി പ്രവർത്തിച്ച് സംഘടനയുടെ ആത്യന്തിക ലക്ഷ്യം സാധുതപ്രായമാക്കാൻ സാധിച്ചു. മൂന്ന് പതിറ്റാണ്ട് എസ്.എൻ.ഡി.പി യോഗത്തിന്റെ അമരത്ത് വിരാജിച്ചതിന്, അർഹതയ്ക്കുള്ള അംഗീകാരമാണ് കേരളകൗമുദി വെള്ളാപ്പള്ളിക്ക് നൽകിയ ആദരവെന്നും സ്വാമി ശുഭാംഗാനന്ദ ചൂണ്ടിക്കാട്ടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |