മുംബയ്: ടെസ്റ്റ് ക്രിക്കറ്റിൽനിന്നും രോഹിത് ശർമ്മ വിരമിച്ചതിനു പിന്നാലെ ആരായിക്കും അടുത്ത ടെസ്റ്റ് ക്യാപ്റ്റൻ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റു നോക്കുന്നത്. വിരാട് കൊഹ്‌ലിയും അതിനു പിന്നാലെ വിരമിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയായി. കൊഹ്‌ലിക്കും രോഹിത്തിനും ശേഷം അടുത്ത ക്യാപ്റ്റൻസി ആരായിരിക്കുമെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ശുഭ്മാൻ ഗില്ലിന്റെ പേര് തന്നെയാണ് മുഴങ്ങി കേൾക്കുന്നതും. ജൂൺ 20 ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് തന്നെ ഇന്ത്യയെ നയിക്കുക ഗിൽ തന്നെയാകുമെന്നാണ് ക്രിക്കറ്റ് ലോകം ഒന്നടങ്കം പറയുന്നത്.
ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ ഗില്ലിനെ ഡൽഹിയിലെ തന്റെ വസതിയിലേക്ക് ക്ഷണിച്ചിരുന്നു, അഞ്ചു മണിക്കൂറാണ് അവർ ഇതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്. ഗൗതം ഗംഭീറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ശുഭ്മാൻ ഗിൽ തന്നെയാണ് അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി വരുന്നതെന്ന വാർത്തകൾ പുറത്ത് വരുന്നത്. "ക്യാപ്റ്റൻസി ബ്ലൂപ്രിന്റ്' എന്നാണ് ഇരുവരും തമ്മിലുള്ള ചർച്ചയെ ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ചത്. ബിസിസിഐ ശുഭ്മാന്റെ ക്യാപ്റ്റൻസിയുമായി ബന്ധപ്പെട്ട തീരുമാനത്തോട് യോജിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇന്ത്യൻ ക്രിക്കറ്റിനെയും അത് നിയന്ത്രിക്കുന്ന ചില ആളുകൾക്കും ഗില്ലിന്റെ പെട്ടെന്നുള്ള സ്ഥാനക്കയറ്റം അത്ര സുഖകരമായില്ലെന്ന അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ടെസ്റ്റ് ക്യാപ്റ്റൻസിയിലെ ബഹളങ്ങൾക്കിടയിലും ഗിൽ മുംബയിൽ ചെന്ന് ഇന്ത്യൻ ചീഫ് സെലക്ടർ അജിത് അഗാർക്കറെയും കണ്ടിരുന്നു. അജിത് അഗാർക്കർ മെയ് 6 ന് ഗില്ലിനെ കണ്ടതായി സ്ഥിതീകരിച്ച റിപ്പോർട്ടുണ്ട്. ഈ മാസം ആദ്യം മുംബയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഗുജറാത്ത് ടൈറ്റൻസും മുംബയ് ഇന്ത്യൻസും തമ്മിലുള്ള ഐപിഎൽ മത്സരത്തിന് തൊട്ടുപിന്നാലെയാണ് അജിത് അഗാർക്കറും ഗില്ലും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
അഗാർക്കറുമായും ഗംഭീറുമായും ഗിൽ നടത്തിയ തുടർച്ചയായ കൂടിക്കാഴ്ചകൾ സൂചിപ്പിക്കുന്നത് ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുമെന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ്. അതേസമയം, ജസ്പ്രീത് ബുംറ, കെഎൽ രാഹുൽ, പന്ത് തുടങ്ങിയ കളിക്കാരുടെ പേരും ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും സെലക്ടർമാർ ഗില്ലിനെയാണ് പിന്തുണയ്ക്കുകയെന്നാണ് റിപ്പോർട്ട്. ജസ്പ്രീത് ബുംറ, പന്ത്, ജഡേജ തുടങ്ങിയ മുതിർന്ന താരങ്ങളെ മറികടന്ന ഗില്ലിന്റെ ഉയർച്ച പലരെയും അത്ഭുതപ്പെടുത്തി. ഇത്തവണത്തെ ഐപിഎല്ലിൽ ഒന്നാം സ്ഥാനത്ത് തുടരുന്ന ഗുജറാത്ത് ടൈറ്റൻസിനെ ഗിൽ നയിക്കുന്ന രീതിയിൽ ബിസിസിഐ സന്തുഷ്ടരാണ്. മേയ് അവസാനത്തോടെ ഇന്ത്യയുടെ ടെസ്റ്റ് ടീം പ്രഖ്യാപിക്കപ്പെടും, പുതിയ ക്യാപ്റ്റന്റെ കൂടി നിലപാടിന്റെ അടിസ്ഥാനത്തിലാകും ഇംഗ്ലണ്ടുമായുള്ള ടെസ്റ്റ് പരമ്പരയുടെ ടീമിനെ പ്രഖ്യാപിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |