തിരുവനന്തപുരം: വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി അടുത്തവർഷം കുടുംബശ്രീയിലൂടെ സ്ത്രീകൾക്കായി ഒരുലക്ഷം തൊഴിൽ സൃഷ്ടിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. കുടുംബശ്രീ വാർഷികാഘോഷവും കുടുംബശ്രീ സംസ്ഥാനതല അവാർഡ് വിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കുടുംബശ്രീയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിന്റെ വർഷമായിരിക്കും വരാൻ പോകുന്നത്. അംഗങ്ങൾ, വിദ്യാഭ്യാസ യോഗ്യതയുള്ള വീട്ടമ്മമാർ എന്നിവർക്കെല്ലാം പ്രാദേശികമായുള്ള തൊഴിലുകൾ സൃഷ്ടിക്കാനാകും. ഇതുമായി ബന്ധപ്പെട്ട് വിജ്ഞാനകേരളം, കെ- ഡിസ്‌ക് എന്നിവരുമായി ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു. 1,000 സ്‌കൂളുകളിൽ കുടുംബശ്രീയുടെ മാ കെയർ സ്റ്റോറുകൾ വരും. കെ- ലിഫ്റ്റ് പദ്ധതിയിലൂടെ 3,06,862 പേർക്ക് ഉപജീവനം സാദ്ധ്യമാക്കാൻ കുടുംബശ്രീക്ക് കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
മൂന്നാം സർക്കാരുണ്ടായാൽ കുടുംബശ്രീക്കാണ് ഗുണമുണ്ടാകുകയെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
കുടുംബശ്രീയുടെ വളർച്ചയെക്കുറിച്ച് തദ്ദേശ മന്ത്രി പറഞ്ഞിട്ടും സദസിലെ സഹോദരിമാർക്ക് അനക്കമില്ലെന്ന് മന്ത്രി പരിഭവിച്ചു. കോംപിയർ പറഞ്ഞല്ല കൈയടിക്കേണ്ടത്. മുൻപ് പ്രമുഖ വ്യക്തിക്ക് കൈയടി നൽകാൻ സദസിലുള്ളവരോട് കോംപിയർ ആവശ്യപ്പെട്ടപ്പോൾ, 'ഇയാൾ എനിക്ക് കൈയടി വാങ്ങിത്തരേണ്ട" എന്ന് പറഞ്ഞതും മന്ത്രി ഓർമ്മിപ്പിച്ചു.
ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ അദ്ധ്യക്ഷത വഹിച്ചു. 17 വിഭാഗങ്ങളിലായി മികച്ച അയൽക്കൂട്ടം, മികച്ച എ.ഡി.എസ്, മികച്ച ഓക്സിലറി ഗ്രൂപ്പ് തുടങ്ങി 51 കുടുംബശ്രീ അവാർഡുകൾ മന്ത്രി എം.ബി.രാജേഷ് വിതരണം ചെയ്തു. മന്ത്രി വി.ശിവൻകുട്ടി ഗ്രീൻ ഫെലോഷിപ്പ് വിതരണം ചെയ്തു. കുടുംബശ്രീ എക്സിക്യുട്ടിവ് ഡയറക്ടർ എച്ച്.ദിനേശൻ, ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹൻ, സി.ഡി.എസ് ചെയർപേഴ്സൺമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |