ആലപ്പുഴ: സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങളുടെ ജില്ലയിലെ വിതരണം 94.53 ശതമാനം പിന്നിട്ടു. 1, 3, 5, 7, 9 ക്ലാസുകളിലേക്കുള്ള പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി.
2,4,6,8 ക്ലാസുകളിലെ നാല് ലക്ഷത്തിലധികം പുസ്തകങ്ങൾ ജില്ലാ ഹബ്ബായ ആലപ്പുഴ ഗേൾസ് സ്‌കൂളിലെത്തിയിട്ടില്ല. ഇതോടെ പല സ്കൂളുകളിലും പുസ്തക വിതരണം ഈ മാസത്തിലെ അവസാന ആഴ്ച്ച മാത്രമേ നടക്കൂവെന്ന് സ്കൂളുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് അറിയിപ്പ് കൈമാറി. പത്താം ക്ലാസിന്റെ സിലബസിൽ പുതുതായി ഉൾപ്പെടുത്തിയ വർക്ക് ബുക്കും എത്തിയിട്ടില്ല.
ജില്ലയിലെ 261 സൊസൈറ്റികളിൽ നിന്നാണ് വിദ്യാലയങ്ങളിലേക്ക് പുസ്തകങ്ങൾ വിതരണം ചെയ്യുന്നത്. പുസ്തകങ്ങൾ തരം തിരിക്കുന്ന കുടുംബശ്രീ പ്രവർത്തകർ തന്നെയാണ് സൊസൈറ്റികളിലേക്കുള്ള പുസ്തകവിതരണവും നടത്തുന്നത്. പുതിയ അദ്ധ്യയന വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ രണ്ട് വാല്യങ്ങളിലായി ആകെ 27 ലക്ഷം പുസ്തകങ്ങളാണ് ജില്ലയിൽ ആവശ്യമുള്ളത്. ആദ്യ വാല്യം മാത്രം 17 ലക്ഷത്തിലധികമുണ്ട്.
ഡിപ്പോയിൽ എത്തിയത് :12,76,543 പുസ്തകങ്ങൾ
ആകെ വിതരണം ചെയ്തത്: 12,06,654 പുസ്തകങ്ങൾ
വിതരണം ചെയ്തത് : 94.53%
ഡിപ്പോയിലേക്ക് എത്താനുള്ള പുസ്തകങ്ങൾ: 4,41,000 പുസ്തകങ്ങൾ
പുസ്തക വിതരണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബാക്കി പുസ്തകങ്ങൾ ഹബ്ബിൽ എത്തുന്ന മുറയ്ക്ക് വിതരണം പൂർത്തിയാക്കും-
- ആതിര, സൂപ്പർവൈസർ, കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |