ചേർത്തല: കരപ്പുറത്തിന്റെ നേർചിത്രങ്ങളൊരുക്കി കഞ്ഞിക്കുഴിയിലെ ഫോട്ടോഗ്രാഫർ സജിമോൻ സീതാസ്. കഞ്ഞിക്കുഴി പുത്തനമ്പലത്ത് പ്രവർത്തിക്കുന്ന ശ്രീ കേശവഗുരു ഗ്രന്ഥശാലയുടെ 60ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് സജിമോൻ സീതാസ് തന്റെ ക്യാമറയിൽ ഒപ്പിയെടുത്ത ചിത്രങ്ങളുടെ പ്രദർശനം ഒരുക്കിയത്. വാർഷിക ആഘോഷവും ചിത്ര പ്രദർശനവും ഇന്ന് സമാപിക്കും. മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ നിരവധി പേരുടെ തൊഴിലും ജീവിതചര്യയുമാണ് ക്യാമറയിൽ ഒപ്പിയെടുത്ത് ജീവൻ തുടിക്കുന്ന ചിത്രങ്ങളാക്കിയത്. പരമ്പരാഗത തൊഴിൽ മേഖലയും കയറും കാർഷിക വൃത്തിയുമൊക്കെ നിറയുന്നതാണ് ചിത്രങ്ങളിലധികവും. ഓരോ ചിത്രത്തിനും വിശദമായ വിവരണങ്ങളുമുണ്ട്. നാനാ വിഭാഗം ജനങ്ങളെയും ആകർഷിക്കുന്നതാണ് ചിത്രങ്ങളോരോന്നും. കഞ്ഞിക്കുഴിയുടെ വിവിധ കാലഘട്ടങ്ങളിലെ
കരുത്തുറ്റ അടയാളപ്പെടുത്തലുകളാണ് ചിത്രങ്ങളിൽ തെളിയുന്നത്.
ചിത്രപ്രദർശനം കാണാൻ വൻ തിരക്കാണ് ശ്രീ കേശവഗുരു ഗ്രന്ഥശാല ഹാളിൽ അനുഭവപ്പെട്ടത്. യു.പ്രതിഭ എം.എൽ.എ ഗ്രന്ഥശാലയിൽ സന്ദർശനം നടത്തി. കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ഗീതാകാർത്തികേയൻ,വൈസ്. പ്രസിഡന്റ് അഡ്വ.എം. സന്തോഷ്‌കുമാർ,ബ്ലോക്ക് പഞ്ചായത്ത് അംഗം സുധാസരേഷ്, ഗ്രന്ഥശാല താലൂക്ക് സെക്രട്ടറി കെ.പി.നന്ദകുമാർ,ഗ്രന്ഥശാല പ്രസിഡന്റ് കെ.എം. വിനോജ്,സെക്രട്ടറി എ.ഡി.അപ്പുക്കുട്ടൻ,ജോയിന്റ് സെക്രട്ടറി എൻ.പി. അജിമോൻ,സി.പി.എം ചെറുവാരണം ലോക്കൽ സെക്രട്ടറി കെ.സുരജിത്, ഏരിയ കമ്മിറ്റി അംഗം സി.പി.ദിലീപ്,എൻ.കെ.നടേശൻ,എൻ.സന്തോഷ് തുടങ്ങിയവർ എത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |