കൊല്ലം: സ്‌കൂൾ തുറക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ, ജില്ലയിൽ പാഠപുസ്തക വിതരണം 90 ശതമാനത്തിലെത്തി. 24.31 ലക്ഷം പുസ്തകങ്ങളാണ് വേണ്ടത്. ഇതുവരെ എത്തിയ 18.10 ലക്ഷം പുസ്തകങ്ങളിൽ 14.92 ലക്ഷവും വിതരണം ചെയ്തു. മാർച്ച് 11നാണ് ജില്ലയിൽ വിതരണം ആരംഭിച്ചത്.
നിലവിൽ 3.18 ലക്ഷം പുസ്തകങ്ങൾ ഡിപ്പോയിൽ സ്‌റ്റോക്കുണ്ട്. അച്ചടി പൂർത്തിയാകുന്ന മുറയ്ക്ക് ജില്ലാ ഹബ്ബുകളിലേക്ക് നേരത്തെ തന്നെ എത്തിത്തുടങ്ങിയിരുന്നു. ആദ്യഘട്ട വിതരണത്തിന് 8 ലക്ഷം പാഠപുസ്തകങ്ങളാണ് എത്തിച്ചിരുന്നത്. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് മേഖലകളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിലേക്കുള്ള വിതരണമാണ് പുരോഗമിക്കുന്നത്.
ജില്ലാ ബുക്ക് ഡിപ്പോയിൽ നിന്ന് ജില്ലയിലെ 292 സൊസൈറ്റികളിലേക്കാണ് പുസ്തകങ്ങൾ എത്തിക്കുന്നത്. ഇവിടെ നിന്ന് സ്കൂളുകൾക്ക് കൈമാറും. മദ്ധ്യവേനൽ അവധി തീരുന്നതിന് മുമ്പേ പുതിയ പുസ്തകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് വിതരണം ആരംഭിച്ചത്. കാക്കനാട്ടെ കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിക്കാണ് (കെ.ബി.പി.എസ്) അച്ചടി ചുമതല. പാഠപുസ്തകങ്ങൾ തരം തിരിക്കുന്ന ജോലി ഏറ്റെടുത്തിരിക്കുന്നത് കുടുംബശ്രീയാണ്.
വിതരണം
ഏഴ് എ.ഇ.ഒമാരുടെ കീഴിലുള്ള 242 സ്കൂൾ സൊസൈറ്റികൾ വഴി
മേയ് 30ന് മുമ്പ് വിതരണം പൂർത്തിയാക്കും
ജില്ലയിലെ പുസ്തക വിതരണ കേന്ദ്രം മങ്ങാട്
കുടുംബശ്രീയുടെ അഞ്ചാം 'പുസ്തക' വർഷം
കുടുംബശ്രീ നിയമനം ദിവസ വേതനാടിസ്ഥാനത്തിൽ
പുസ്തകങ്ങൾ തരം തിരിക്കാൻ 14 സ്ത്രീകൾ
വിതരണത്തിന് ആറ് യുവാക്കൾ
ഇരുവിഭാഗത്തിനും 750 രൂപ വേതനം
സൂപ്പർവൈസർക്ക് 900 രൂപ
രാവിലെ 9.30 മുതൽ 5 വരെ തരം തിരിക്കൽ
എത്തിക്കുന്നത് മൂന്ന് വാഹനങ്ങളിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |