മുംബയ്: 14 വർഷത്തെ ടെസ്റ്റ് കരിയറിന് വിരാമമിട്ട് വിരാട് കൊഹ്‌ലി വിരമിച്ചതിന്റെ വേദനയിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകൾ നടക്കുന്നതിനിടെയായിരുന്നു താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. ഇപ്പോഴിതാ വിരാടുമൊത്തുള്ള ചില അവിസ്‌മരണീയമായ നിമിഷങ്ങൾ ഇന്ത്യൻ പേസർ ഇഷാന്ത് ശർമ പങ്കുവച്ചതാണ് ശ്രദ്ധനേടുന്നത്. അണ്ടർ 17 ക്രിക്കറ്റ് മുതൽ സീനിയർ ടീമിൽവരെ വിരാടിന്റെ ഉറ്റപങ്കാളിയായിരുന്നു ഇഷാന്ത്.
'വിരാടിനൊപ്പം വളർന്നവർക്ക് അവനെപ്പോഴും' ചീക്കു' തന്നെയായിരിക്കും. പുറത്തുള്ളവർക്കാണ് വിരാട് കൊഹ്‌ലി എന്ന താരം. അണ്ടർ 17ൽ വിരാടിനൊപ്പം കളിച്ചതിനാൽ എനിക്കവനെ അങ്ങനെ കാണാൻ സാധിക്കില്ല. എന്റെ ബാല്യകാല സുഹൃത്താണവൻ.
അണ്ടർ 19ൽ ആയിരുന്നപ്പോൾ കയ്യിൽ എത്ര പണമുണ്ടെന്ന് നമ്മൾ എണ്ണിനോക്കുമായിരുന്നു. നമ്മുടെ യാത്രാ അലവൻസുകൾ കൂട്ടിവച്ചാണ് പുറത്ത് ഭക്ഷണം കഴിക്കാൻ പോയിരുന്നത്. വിരാട് കൊഹ്‌ലി എനിക്ക് വ്യത്യസ്തനാണ്. ആലോചിച്ചുനോക്കൂ, നിങ്ങളുടെ സഹോദരൻ വലിയ ഉയരങ്ങളിൽ എത്തുന്നത്. എല്ലാവരും അവനെ മഹത്തായ വ്യക്തിയായാണ് കണക്കാക്കുന്നത്. എന്നാൽ അവനും ഒരു സാധാരണ മനുഷ്യനാണ്. അവനൊപ്പം ധാരാളം സമയം ചെലവഴിച്ചിട്ടുള്ളതിനാൽ തന്നെ അവൻ അകത്തും പുറത്തും എങ്ങനെയാണെന്ന് അറിയാൻ സാധിക്കും. അവൻ എന്താണെന്നും എന്ത് അല്ലായെന്നും അറിയാം.
നമ്മൾ ഒത്തുകൂടുമ്പോൾ ക്രിക്കറ്റ് മത്സരങ്ങളെക്കുറിച്ച് സംസാരിക്കാറേയില്ല. തമാശകളാണ് എപ്പോഴും പറയുന്നത്. അവൻ വിരാട് കൊഹ്‌ലി ആണെന്ന് എനിക്ക് തോന്നിയിട്ടേയില്ല. ഞങ്ങൾക്കവൻ ചീക്കു ആണ്. അവനും എന്നെ അങ്ങനെയാണ് കാണുന്നത്. നമ്മൾ ഒരേ മുറി പങ്കിട്ടുള്ളവരാണ്'- ഇഷാന്ത് പങ്കുവച്ചു. ഗുജറാത്ത് ടൈറ്റൻസും ഡൽഹി ക്യാപിറ്റൽസും തമ്മിലെ ഐപിഎൽ മത്സര ദിവസമായിരുന്നു ഇഷാന്ത് മനസുതുറന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |