തൃശൂർ: നിർമ്മാണ പ്രവർത്തനങ്ങൾ റോഡ് ഗതാഗതത്തെ കുരുക്കുമ്പോൾ കൂടുതൽ ട്രെയിനുകൾ അനുവദിച്ചാൽ റോഡിലെ മണിക്കൂറുകളോളമുളള അലച്ചിലിന് ശമനമുണ്ടാകുമെന്ന് യാത്രക്കാർ. ദേശീയ പാതകളായ 544ലും 66ലും സംസ്ഥാന പാതകളായ കൊടുങ്ങല്ലൂർ-ഷൊർണ്ണൂർ, കുറ്റിപ്പുറം-തൃശൂർ എന്നിവയിലുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നത്.
തൃശൂർ-എറണാകുളം പാതയിൽ നടക്കുന്ന നിർമ്മാണം പൂർത്തിയാക്കാൻ മാസങ്ങൾ എടുത്തേക്കും. വരാനിരിയ്ക്കുന്ന മഴക്കാലവും സ്‌കൂൾ തുറക്കുന്നതും നിരത്തിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കും.
ഈ സാഹചര്യത്തിൽ ട്രെയിനുകളിൽ ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് ഇനിയും കൂടാനാണ് സാദ്ധ്യത. സമയത്തിന് എത്തേണ്ടവർ ട്രെയിനുകളെത്തന്നെ ആശ്രയിക്കേണ്ടിവരും.
എളുപ്പത്തിൽ അപകടം സംഭവിക്കാവുന്ന (ക്രാഷ് വൾനറബിൾ) റോഡുകളുടെ പട്ടികയിൽ സംസ്ഥാനത്ത് ഒന്നാമത് തൃശൂർ ജില്ലയ്ക്കായിരുന്നുവെന്ന ആശങ്കപ്പെടുത്തുന്ന വിവരവും പുറത്തുവന്നിരുന്നു. ദേശീയപാതയിലും സംസ്ഥാനപാതയിലുമായി ജില്ലയിൽ 290 കിലോമീറ്റർ റോഡ് അപകട മേഖലയെന്നു നാറ്റ്പാക് (നാഷനൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്റർ) തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. ദേശീയപാത 544, 66 എന്നിവിടങ്ങളിലായി 104 കിലോമീറ്റർ ഭാഗവും സംസ്ഥാനപാതകളിൽ 185 കിലോമീറ്റർ ഭാഗവും അപകടങ്ങളൊഴിയാത്ത മേഖലയായി റിപ്പോർട്ടിലുണ്ട്.
കോച്ചുകൾ വർദ്ധിപ്പിക്കാവുന്ന ട്രെയിനുകൾ
66319 ഷൊർണ്ണൂർ-എറണാകുളം മെമു
16328 ഗുരുവായൂർ-മധുര എക്‌സ് പ്രസ്സ്
56313 ഗുരുവായൂർ-എറണാകുളം പാസ്സഞ്ചർ
66609 പാലക്കാട്-എറണാകുളം മെമു
16308 കണ്ണൂർ-ആലപ്പുഴ എക്‌സ് പ്രസ്സ്
എറണാകുളം വരെ നീട്ടാവുന്ന ട്രെയിൻ:
56612 നിലമ്പൂർ-ഷൊർണ്ണൂർ പാസ്സഞ്ചർ
കൂടുതൽ സ്റ്റാേപ്പുകൾ അനുവദിക്കാം
പാലക്കാട് തൂത്തുക്കുടി പാലരുവി എക്‌സ് പ്രസ്സിന് ചാലക്കുടി, ഇരിഞ്ഞാലക്കുട, പുതുക്കാട്, പൂങ്കുന്നം, വടക്കാഞ്ചേരി എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിക്കാം. തൃശൂരിനും എറണാകുളത്തിനുമിടയിൽ ദിവസവും ഒന്നോ രണ്ടോ പ്രത്യേക മെമു സർവ്വീസുകൾ നടത്തിയാലും യാത്രക്കാർക്ക് ആശ്വാസമാകും.
തൃശൂർ എറണാകുളം മേഖലയിലെ ട്രെയിൻ യാത്രാസൗകര്യം അടിയന്തിരമായി വർദ്ധിപ്പിയ്ക്കണം. ആവശ്യങ്ങൾ അടങ്ങിയ നിവേദനം കേന്ദ്ര മന്ത്രി സുരേഷ് ഗോപിയ്ക്കും റെയിൽവേ അധികൃതർക്കും നൽകിയിട്ടുണ്ട്.
പി.കൃഷ്ണകുമാർ,
ജനറൽ സെക്രട്ടറി,
തൃശൂർ റെയിൽവേ പാസ്സഞ്ചേഴ്‌സ് അസ്സോസിയേഷൻ അധികൃതരോട് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |