കൊച്ചി: സർക്കാർ ജോലിക്കായി യുവാക്കൾ അടക്കം ലക്ഷങ്ങൾ കാത്തിരിക്കേ, വിരമിച്ച ഉദ്യോഗസ്ഥരുടെ വ്യാപക കരാർ നിയമനവുമായി കേന്ദ്രസർക്കാർ. മിക്ക വകുപ്പുകളും സ്വയംഭരണ സ്ഥാപനങ്ങളും ഇതിനായി അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് എന്ന പേരിലാണ് നിയമനമെങ്കിലും അക്കൗണ്ട്സ് ഓഫീസർ, സ്റ്റെനോഗ്രാഫർ, സെക്‌ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി തുടങ്ങിയവയാണ് തസ്തികകൾ. വിരമിച്ചവരിൽ നിന്ന് മുമ്പും ഒറ്റപ്പെട്ട കരാർ നിയമനങ്ങൾ നടന്നിട്ടുണ്ടെങ്കിലും വ്യാപകമാകുന്നത് ഇപ്പോഴാണ്.
നിയമ മന്ത്രാലയത്തിൽ കൺസൾട്ടന്റ് നിയമനത്തിന് സ്റ്റെനോഗ്രാഫർ തസ്തികയിൽ നിന്ന് റിട്ടയർ ചെയ്തവരെയാണ് ക്ഷണിച്ചത്. അവസാന തീയതി മേയ് 9 ആയിരുന്നു. വനം മന്ത്രാലയത്തിലെ നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിയിലേക്ക് അക്കൗണ്ട്സിൽ പരിചയമുള്ള മുൻ ജീവനക്കാരാണ് അപേക്ഷിക്കേണ്ടത്. സമയപരിധി മേയ് 6 വരെയായിരുന്നു.
ചില വകുപ്പുകളിൽ 63 വയസും ചിലതിൽ 65 വയസുമാണ് ഉയർന്ന പ്രായപരിധി. അവസാനം വാങ്ങിയ ശമ്പളത്തിൽ നിന്ന് അടിസ്ഥാന പെൻഷൻ കുറച്ചുള്ള തുകയാണ് പ്രതിഫലം. യാത്രാബത്തയ്ക്കും അർഹതയുണ്ട്. ഒരു വർഷത്തേക്കുള്ള നിയമനം ആവശ്യമെങ്കിൽ നീട്ടിനൽകുമെന്നും വിജ്ഞാപനങ്ങളിൽ പറയുന്നു.
ഉദ്യോഗാർത്ഥികൾക്ക് ആശങ്കകളേറെ
ഓരോ വകുപ്പിലും നിലവിൽ ചുരുക്കം തസ്തികകളിലേക്കാണ് നിയമനമെങ്കിലും ഇതൊരു പ്രവണതയാകുമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആശങ്ക. കേന്ദ്രജീവനക്കാരുടെ പെൻഷൻ പ്രായം 60ൽ നിന്ന് 62 ആക്കുമെന്ന വാർത്തകൾ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇതിലും മുതിർന്നവർക്ക് കരാർ നിയമനം നൽകുന്നത്.
കൈനിറയെ കരാർ നിയമനം
ആഭ്യന്തരം, ആരോഗ്യം, ട്രൈബൽ, കൃഷി, കോർപറേറ്റ്, ടെക്സ്റ്റൈൽസ്, ടെലികോം മന്ത്രാലയങ്ങളിലും നിതി അയോഗ്(അടൽ ഇന്നൊവേഷൻ മിഷൻ), പാസ്‌പോർട് ഓഫീസുകൾ, ദുരന്തനിവാരണ അതോറിറ്റി, ഡൽഹി റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി (റെറ) തുടങ്ങിയ സ്ഥാപനങ്ങളിലുമാണ് ഉടൻ കരാർ നിയമനം നടക്കുക.
കേന്ദ്രസർക്കാരിൽ
ആകെ തസ്തികകൾ- 40 ലക്ഷം
ഒഴിവുള്ളത് - 9.6 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |