കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പത്താം ക്‌ളാസിൽ പഠിക്കുന്ന കാലം തൊട്ട് പ്രതി ബിജു പൗലോസിന് ബന്ധമുണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. നന്നായി പാടുമായിരുന്ന പതിനേഴുകാരിയുമായി കൂടുതൽ അടുത്തത് ഗാനമേള ട്രൂപ്പിൽ നിന്നാണ്. അതിനു ശേഷമാണ് കുടുംബത്തിൽ നിന്ന് തന്നെ പെൺകുട്ടിയെ അകറ്റാൻ പ്രതി പദ്ധതികൾ തയ്യാറാക്കിയത്.
സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങികൊടുത്തിരുന്നു. ഇടയ്ക്കിടെ പെൺകുട്ടിയെ കാണാൻ പ്രതി സ്കൂളിൽ എത്തിയിരുന്നു. പ്ലസ്‌ടു പഠനത്തിനു ശേഷം കാഞ്ഞങ്ങാട്ടെ പ്രീപ്രൈമറി ടീച്ചേർസ് ട്രെയിനിംഗിന് ചേർന്ന് പഠിക്കാൻ തുടങ്ങിയതോടെ ഇരുവരും മൂന്ന് വീടുകളിൽ മാറിമാറി താമസിച്ചിട്ടുണ്ട്. ഈ വീടുകളിൽ വച്ചാണ് പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് അന്വേഷണ സംഘം പറയുന്നു. ഇതിനിടെ ബിജു പൗലോസ് വിവാഹിതനായി.
അതിനെ തുടർന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പെൺകുട്ടിയെ കാഞ്ഞങ്ങാട്ടെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടുവെന്നും തുടർന്ന് മൃതദേഹം പവിത്രങ്കയത്ത് പുഴയിൽ താഴ്ത്തിയെന്നുമാണ് പ്രതി അന്വേഷണ സംഘത്തോട് പറഞ്ഞത്. പെൺകുട്ടിയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിൽ ഇപ്പോഴും ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്. നിലവിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
2010ൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹത്തിന്റെ അസ്ഥികൾ മാസങ്ങൾക്ക് ശേഷം 2011 ലാണ് കാസർകോട് കടപ്പുറത്ത് നിന്ന് കണ്ടെത്തിയത്. അന്ന് തിരിച്ചറിയാൻ കഴിയാത്തതിനാൽ കാസർകോട് നഗരസഭ പൊതുശ്‌മശാനത്തിൽ മറവുചെയ്തു. പ്രതിയുടെ അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ബന്ധുക്കൾ പരാതിയിൽ അമ്മയുടെ പേരും പറഞ്ഞിരുന്നു. 52 കാരനായ പ്രതി ബിജു കരാട്ടെ ട്രെയിനറാണ്. കേസിന്റെ തുടക്കം മുതൽ പ്രതി സംശയമുനമ്പിൽ ആയിരുന്നു. ബന്ധുക്കൾ കൃത്യമായി ഇയാളുടെ പേര് പൊലീസിനോടും ക്രൈംബ്രാഞ്ചിനോടും കോടതിയിലും പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |