പാലക്കാട്: നവകേരളത്തിന്റെ വികസന വഴികളിൽ തദ്ദേശീയ ജനവിഭാഗങ്ങൾ പിന്തള്ളപ്പെടാതിരിക്കാൻ നിരവധി പദ്ധതികൾ സർക്കാർ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പട്ടികജാതി, വർഗ വിഭാഗത്തിലുള്ള സംരംഭകർക്ക് സർക്കാർ പൂർണ പിന്തുണ നൽകും. സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടികജാതി, പട്ടികവർഗ സംസ്ഥാനതല സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
നൂതന സാങ്കേതികതയുടെ സാദ്ധ്യതകൾ ഗുണകരമാക്കുന്ന രീതിയിൽ പട്ടികജാതി, വർഗ വിഭാഗക്കാർക്കിടയിൽ പദ്ധതികൾ ആവിഷ്‌കരിക്കും. കഴിഞ്ഞ ഒമ്പത് വർഷത്തിനുള്ളിൽ കൃത്യമായ സംവരണതത്വം പാലിച്ച് 2.45 ലക്ഷത്തോളം നിയമനങ്ങൾ പി.എസ്.സി വഴി നടത്തി. പട്ടികജാതി, വർഗ വിഭാഗങ്ങളുൾക്കുള്ള പ്രത്യേക റിക്രൂട്ട്‌മെന്റും നടത്തി. കഴിഞ്ഞ ബഡ്ജറ്റിൽ 1,355 കോടിയാണ് പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചത്. അതിൽ 98% വിവിധ പദ്ധതികളിലൂടെ ചെലവഴിച്ചു.
പണിയ സമൂഹത്തിന്റെ വികസനത്തിനായി പുതിയ പാക്കേജ് ആവിഷ്‌കരിക്കും. മന്ത്രി ഒ.ആർ.കേളു അദ്ധ്യക്ഷനായി. മന്ത്രിമാരായ എം.ബി. രാജേഷ്, കെ.കൃഷ്ണൻകുട്ടി, കെ.രാധാകൃഷ്ണൻ എം.പി എന്നിവർ മുഖ്യാതിഥികളായി. റാപ്പർ വേടനും ഗായിക നഞ്ചിയമ്മയും പങ്കെടുത്തു.
വേടനെ അഭിവാദ്യം
ചെയ്ത് മുഖ്യമന്ത്രി
രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പട്ടികജാതി, വർഗ സംസ്ഥാനതല സംഗമത്തിൽ പങ്കെടുത്ത് റാപ്പർ വേടൻ. മുഖ്യമന്ത്രി പിണറായി വിജയൻ വേടന് ഹസ്തദാനം നൽകി. വിശേഷങ്ങൾ തിരക്കി. സംഗമത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് വേടൻ പറഞ്ഞു. സംസ്ഥാന സർക്കാർ നിരവധി സഹായങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്കായി ചെയ്തിട്ടുണ്ട്. അത് ഇനിയും തുടരണമെന്നും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |