കോഴിക്കോട് : വെെകിട്ട് അഞ്ച് മണിയോടെയാണ് നഗരത്തിനെ വിഴുങ്ങാൻ പോന്നവണ്ണം മൊഫ്യൂസിൽ ബസ് സ്റ്റാൻഡ‌് കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഗോഡൗണിൽ നിന്ന് പുക ഉയർന്നത്. ഞായറാഴ്ചയായതിനാൽ ടെക്സ്റ്റയിൽസ് ഗോഡൗൺ തുറന്നിരുന്നില്ല. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട കച്ചവടക്കാരും നാട്ടുകാരുമാണ് ഫയർ ഫോഴ്സിലും പൊലീസിലും വിവരമറിയിച്ചത്. ഇവർ തന്നെ കെട്ടിടത്തിലുണ്ടായിരുന്ന മുഴുവൻ ആളുകളെയും താഴേക്കിറക്കി. ബസ് സ്റ്റാൻഡിനകത്ത് ഉണ്ടായിരുന്ന ബസുകളും പെട്ടെന്ന് തന്നെ സ്ഥലത്തുനിന്നും നീക്കിയത് അപകടത്തിന്റെ ആഴം കുറച്ചു.
ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും ശ്രമിച്ചിട്ടും മൂന്നര മണിക്കൂറോളം കെട്ടിടം കത്തി. കാലിക്കറ്റ് ടെക്സ്റ്റയിൽസ്, കാലിക്കറ്റ് ഫർണിഷിംഗ്, കാലിക്കറ്റ് ഫാഷൻസ്, പി.ആർ.സി മെഡിക്കൽസ് എന്നീ കെട്ടിടങ്ങളിലേക്കാണ് തീ പടർന്നത്. കാലിക്കറ്റ് ടെക്സ്റ്റയിൽസ് ഗോഡൗൺ പൂർണമായും കത്തി നശിച്ചു. ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനുകളാണ് ആദ്യം സ്ഥലത്തെത്തിയത്. പിന്നീട് തീ നിയന്ത്രണ വിധേയമാകാതെ വന്നതോടെ ജില്ലയിലെ മുഴുവൻ ഫയർ യൂണിറ്റുകളും സ്ഥലത്തെത്തി. ആദ്യം നിയന്ത്രണ വിധേയമെന്ന് തോന്നിപ്പിച്ചുവെങ്കിലും ഏഴരയോടെ തീ ആളിപ്പടർന്നത് നഗരത്തെ പരിഭ്രാന്തിയിലാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നെത്തിയ പ്രത്യേക ഫയർ എൻജിൻ ഉപയോഗിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. രണ്ട് നിലയുള്ള കെട്ടിടത്തിലെ ഒന്നാം നില പൂർണമായും കത്തിനശിച്ചു. ഞായറാഴ്ചയായതിനാൽ നിരവഴി ആളുകളാണ് ബസ് സ്റ്റാൻഡ് പരിസരത്ത് ഉണ്ടായിരുന്നത്. സ്കൂൾ തുറക്കുന്ന സമയമായതിനാൽ യൂണിഫോമുകളുൾപ്പെടെ ലക്ഷക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് കത്തിനശിച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
ആളപായമില്ലാത്തത് വലിയ ആശ്വാസമായി. തീ അണയ്ക്കുന്നതിനനുസരിച്ച് വീണ്ടും ആളിക്കത്തുകയായിരുന്നു. ബസ് സ്റ്റാൻഡ് കോമ്പൗണ്ടിനകത്തുനിന്നും പുറത്ത് റോഡിൽ നിന്നും ഫയർ ഫോഴ്സ് തീയണയ്ക്കാൻ ശ്രമം നടത്തി. താഴത്തെ നിലയിലെ കെട്ടിടത്തിൽ തീപിടിക്കുന്ന വിധത്തിലുള്ള വസ്തുക്കൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പെട്ടെന്ന് തന്നെ മാറ്റി. നിരവധി തവണയാണ് ഫയർഫോഴ്സ് വാഹനങ്ങൾ മാനാഞ്ചിറയിലെത്തി വെള്ളം നിറച്ചത്. തൊട്ടടുത്തുണ്ടായ ഫാഷൻ ബസാർ എന്ന നാലുനില കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ ഫയർ ഫോഴ്സ് കിണഞ്ഞു പരിശ്രമിച്ചു. ഫാഷൻ ബസാർ കെട്ടിടത്തിനകത്തു നിന്നും ഫയർ ഫോഴ്സ് തീയണയ്ക്കാനും ശ്രമങ്ങൾ നടത്തി. ബസ് സ്റ്റാൻഡിൽ തടിച്ചുകൂടിയ നൂറുകണക്കിനാളുകളെ നിയന്ത്രിക്കാൻ പൊലീസും ആർ.ആർ.ആർ.എഫ് ജീവനക്കാരുമുൾപ്പെടെ രംഗത്തുണ്ടായിരുന്നു.
മന്ത്രി എ.കെ ശശീന്ദ്രൻ, എം.എൽ.എ മാരായ അഹമ്മദ് ദേവർകോവിൽ, തോട്ടത്തിൽ രവീന്ദ്രൻ, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡി.സി.പി അരുൺ.കെ.പവിത്രൻ, മേയർ ബീന ഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി മുസാഫിർ അഹമ്മദ് തുടങ്ങിയവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
വേണ്ടത്ര സുരക്ഷയില്ലാത്ത കെട്ടിടങ്ങൾ
കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാം നിലയിലുമുള്ള കെട്ടിടങ്ങളുടെയെല്ലാം ഭാഗങ്ങൾ ഫ്ലക്സ് ബോർഡുകൾ വെച്ച് മറച്ച നിലയിലായിരുന്നു. ഇതിനാൽ കെട്ടിടത്തിനകത്തേക്ക് കയറാനോ കൃത്യമായി വെള്ളം പമ്പ് ചെയ്യാനോ സാധിച്ചില്ല. കോഴിക്കോട് ബസ് സ്റ്റാൻഡ് പോലെ നഗരഹൃദയത്തിലുള്ള ഒരു കെട്ടിടം യാതൊരു ഫയർ സുരക്ഷാ സംവിധാനങ്ങളുമില്ലാതെ പ്രവർത്തിക്കുന്നത് ആശങ്കാജനകമാണെന്നും പ്രദേശത്ത് തടിച്ചുകൂടിവയരും പ്രതികരിച്ചു.
താളംതെറ്റി ഗതാഗതം
കോഴിക്കോട്: തീപിടിത്തത്തിന് പിന്നാലെ നഗരത്തിലെ ഗതാഗത സംവിധാനങ്ങളും താളംതെറ്റി. തീപിടിത്തമുണ്ടായതോടെ പുതിയ സ്റ്റാൻഡ് വഴിയുള്ള ഗതാഗതം പൂർണമായും നിറുത്തി. ബസ് സ്റ്റാൻഡ് വഴി തിരിഞ്ഞുപോകണ്ട വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ നഗരം ട്രാഫിക്ക് ബ്ലോക്കിലമർന്നു. മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ ബസുകളെല്ലാം പുറത്തേയ്ക്ക് മാറ്റിയിരുന്നു. ഇത് ദീർഘദൂര യാത്രക്കാരെ വലച്ചു. സ്വകാര്യ ബസുകൾ വഴിതിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് വരെ മാത്രമേ സർവീസ് നടത്തിയുള്ളൂ. ബാലുശ്ശേരി, കണ്ണൂർ, കൊയിലാണ്ടി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ സ്റ്റാൻഡിൽ കയറാതെ കെ.എസ്.ആർ.ടി.സി മാവൂർ റോഡ് വഴി മാനാഞ്ചിറ വഴിയും സർവീസ് നടത്തി. മലപ്പുറം ഭാഗത്തു നിന്ന് വന്ന വാഹനങ്ങൾ പുതിയറ ജംഗ്ഷൻ പാളയം വഴി സവീസ് നടത്തി. ബീച്ചിൽ നിന്നും മാനാഞ്ചിറ ഭാഗത്തുനിന്നുമെല്ലാം എത്തുന്ന വാഹനങ്ങൾക്ക് പുതിയ ബസ് സ്റ്റാൻഡ് ഭാഗം പിന്നിടാൻ സാധിച്ചിരുന്നില്ല. അവധി ദിവസമായതിനാൽ നിരവധി പേർ സ്വന്തം വാഹനങ്ങളിലും മറ്റ് വാഹനങ്ങളിലുമായി നഗരത്തിലെത്തിയിരുന്നു.
നഗരത്തിൽ കനത്ത ജാഗ്രത
കോഴിക്കോട്: തീപിടിത്തത്തെതുടർന്ന് നഗരത്തിൽ കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് ജില്ല ഭരണകൂടം. ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് ടെക്സ്റ്റൈൽസ് തുണിക്കടയ്ക്കാണ് വൈകിട്ട് അഞ്ച് മണിയോടെ തീപിടിച്ചത്. തീ ആളിപ്പടർന്നതോടെയാണ് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയത്. കത്തിയ വസ്തുക്കളിൽ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കൾ അടങ്ങിയിട്ടുണ്ടാകുമെന്നതിനാൽ ജനങ്ങൾ മാസ്ക് ധരിച്ച് പുറത്തിറങ്ങാനും തീപിടിത്തമുള്ള സ്ഥലങ്ങളിൽ നിന്ന് മാറാനും പൊലീസും ഫയർ ഫോഴ്സും നിർദ്ദേശിച്ചു. തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ സമീപത്തുള്ള കടകളിലെ ആളുകളെ തീപിടിത്തമുണ്ടായ സമയത്ത് തന്നെ മാറ്റിയിരുന്നു. പിന്നീട് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.പ്രദേശത്ത് തടിച്ചു കൂടിയ ജനക്കൂട്ടത്തെ സുരക്ഷ മുൻനിറുത്തി മാറ്റി.
മുൾമുനയിൽ നിർത്തിയ മണിക്കൂറുകൾ
കോഴിക്കോട്:നഗരമദ്ധ്യത്തിൽ മണിക്കൂറുകളോളം നീണ്ട തീ അക്ഷരാർത്ഥത്തിൽ ജനത്തെ പരിഭ്രാന്തരാക്കി.
ആളപായമുണ്ടായില്ലെങ്കിലും കടകളിൽ നിന്ന് കടകളിലേക്ക് തീ പടർന്നത് ആശങ്കയ്ക്കിടയാക്കി. മണിക്കൂറുകൾ നഗരം കറുത്ത പുകച്ചുരുളുകളാൽ ഇരുണ്ടു.
ഫയർഫോഴ്സ് സൈറണും തീചൂടും നഗരത്തെ എരിപൊരികൊള്ളിച്ചു. മണിക്കൂറുകളോളം ഫയർ ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിച്ചെങ്കിലും ഫലം കാണാത്തതും ആശങ്ക വർദ്ധിപ്പിച്ചു.വൈകിട്ട് അഞ്ച് മണിയാേടെയാണ് കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിൽ തീ പിടിച്ചത്.
ചെറിയ തീപിടിത്തമാണെന്നാണ് ജനം ആദ്യം കരുതിയിരുന്നത്. തീ ആളിപ്പടർന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. ഈ സമയം നഗരത്തിന്റെ പല ഭാഗങ്ങളിലേക്ക് സർവീസ് നടത്തുന്ന ബസുകളും യാത്രക്കാരും കച്ചവടക്കാരും അടക്കം നൂറു കണക്കിന് ആളുകൾ സ്റ്റാൻഡിലും പരിസരത്തുമുണ്ടായിരുന്നു. തീ പടർന്ന് പിടിച്ചതോടെ പലരും ഇറങ്ങി ഓടി സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി.
അവധി ദിവസമായതിനാലും വൈകുന്നേരമായതിനാലും നിരവധി ബസുകൾ സർവീസ് അവസാനിപ്പിച്ച് ബസ് സ്റ്റാന്റിൽ നിർത്തിയിട്ടിരുന്നു.
തീപടർന്നതോടെ ബസുകളെല്ലാം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. തീ ആളിപ്പടർന്നതോടെ സ്ഥലത്തെ വൈദ്യുതി ബന്ധം വിഛേദിച്ചു. തീ അണച്ച ഇടങ്ങളിൽ വീണ്ടും തീ ആളിപ്പടർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |