തൃശൂർ: തൃശൂർ- കുറ്റിപ്പുറം സംസ്ഥാനപാതയിലെ പുഴയ്ക്കലിലെ നിർമ്മാണപ്രവർത്തനം വൈകിയതോടെ ഗതാഗതക്കുരുക്ക് വീണ്ടും മുറുക്കുന്നു. തൊഴിലാളികൾ വേണ്ടത്രയില്ലാത്തതിനാലാണ് നിർമ്മാണം ഇഴയുന്നത്. കഴിഞ്ഞ ദിവസം കൂടുതൽ തൊഴിലാളികളെത്തി പണിക്ക് വേഗം കൂട്ടിയെന്ന് പറയുന്നുണ്ടെങ്കിലും പഴയ പാലത്തിലെ പണികൾ എങ്ങുമെത്തിയില്ല.
മഴ തുടങ്ങിയതോടെ നിർമ്മാണം വീണ്ടും തടസപ്പെടുമെന്ന ആശങ്കയും ഉയരുന്നുണ്ട്. മുതുവറയ്ക്കും പുഴയ്ക്കലിനുമിടയിൽ ഒന്നരക്കിലോമീറ്റർ റോഡ് കടക്കാൻ ഏകദേശം ഒരു മണിക്കൂറോളം വേണ്ടി വരും. അവധിദിനങ്ങളിലും ശനിയാഴ്ചകളിലും വിലങ്ങൻ സ്റ്റോപ്പ് വരെ കുരുക്ക് നീളും. ദിവസങ്ങളായി പുഴയ്ക്കൽ മേഖലയിൽ ഈ അവസ്ഥ തുടരുകയാണ്. റോഡ് കോൺക്രീറ്റിംഗ് നടക്കുന്നതിനാൽ ഒരുവശത്തേക്കു റോഡ് അടച്ചുകെട്ടിയ നിലയിലാണ്. എറണാകുളം, പാലക്കാട് ഭാഗത്തു നിന്ന് കോഴിക്കോട്, കുന്നംകുളം ഭാഗങ്ങളിലേക്കു പോകുന്ന വണ്ടികൾ നഗരത്തിലേക്കു പ്രവേശിക്കാതെ കിഴക്കേക്കോട്ട, പാട്ടുരായ്ക്കൽ വഴി പൂങ്കുന്നത്തെത്തി പുഴയ്ക്കൽ വഴിയാണ് മുൻപു കടന്നുപോയിരുന്നത്. പൂങ്കുന്നം ഭാഗത്തു റോഡ് വൺവേ ആക്കി അടച്ചുകെട്ടിയതോടെ വാഹനങ്ങൾക്കു നേരിട്ടു പുഴയ്ക്കലിലെത്താൻ കഴിയാത്ത അവസ്ഥയാണ്. എല്ലാ വാഹനങ്ങളും പടിഞ്ഞാറേക്കോട്ടയിലെത്തി അയ്യന്തോൾ വഴിയാണ് പുഴയ്ക്കലിലെത്തുന്നത്. ഇതോടെ റോഡ് മൊത്തം കുരുക്കിലായി.
കുത്തിക്കയറ്റി ബസുകൾ
ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നിര തെറ്റിച്ച് കുത്തിക്കയറ്റി വരുന്നതാണ് കുരുക്ക് വർദ്ധിക്കാൻ പ്രധാന കാരണം. ഗതാഗതം നിയന്ത്രിക്കാൻ ആവശ്യത്തിനു പൊലീസ് ഇല്ലാത്തതും ദുരിതം കൂട്ടുന്നുണ്ട്. ഇരു ദിശയിൽ നിന്നുമെത്തുന്ന വാഹനങ്ങൾ മുതുവറയ്ക്കും പുഴയ്ക്കലിനുമിടയിൽ റോഡിൽ ഒന്നിച്ചുകൂടി നിൽക്കും. വാഹനങ്ങൾ ഏറെനേരം അനങ്ങാതെ കുരുങ്ങിക്കിടക്കുന്ന അവസ്ഥയുമുണ്ട്. പൂങ്കുന്നം മുതൽ മുതുവറ വരെയും കേച്ചേരി മുതൽ ചൂണ്ടൽ വരെയുമാണ് പ്രധാന നിർമ്മാണം നടക്കുന്നത്. രണ്ടു മാസത്തോളമായി കേച്ചേരിയിൽ നിന്ന് ആളൂർ വഴിയാണ് വാഹനങ്ങൾ തിരിച്ചുവിടുന്നത്.
ഒരേ നിരയിൽ തന്നെ വാഹനങ്ങൾ പോകണമെന്ന് പൊലീസ് കർശന നിർദേശം നൽകിയിരുന്നു. നിർമ്മാണത്തിന്റെ വേഗം കൂട്ടിയിട്ടുണ്ട്. ഈ മാസത്തിനുളളിൽ തന്നെ ഗതാഗതം സുഗമമാകും.സേവ്യർ ചിറ്റിലപ്പിളളി, എം.എൽ.എ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |