തൃശൂർ : ഒരാഴ്ചക്കാലം നഗരത്തിന് ഉത്സവച്ഛായ പകരാൻ, രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് തുടക്കം. പ്രദർശനവിപണന സ്റ്റാളുകൾ, പകലുകളെ സജീവമാക്കുന്ന സെമിനാറുകൾ, രാത്രികളെ ആഘോഷവേളകളാക്കുന്ന കലാരൂപങ്ങൾ എന്നിവയാൽ തേക്കിൻകാട് മൈതാനത്തെ ജനനിബിഡമാക്കുന്നതാകും ഇനിയുള്ള ദിനങ്ങൾ.
പതിനായിരങ്ങൾ അണിനിരന്ന വർണാഭമായ ഘോഷയാത്രയോടെയായിരുന്നു പരിപാടികളുടെ തുടക്കം.
സി.എം.എസ് സ്‌കൂളിന് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര സമ്മേളന നഗരിയായ തേക്കിൻകാട് സമാപിക്കാൻ മണിക്കൂറുകളെടുത്തു. മന്ത്രിമാരും മറ്റ് ജനപ്രതിനിധികളും അണിനിരന്ന ഘോഷയാത്രയ്ക്ക് ചാരുത പകരാൻ വാദ്യമേളങ്ങളും കലാരൂപങ്ങളുമുണ്ടായി. മുത്തുക്കുട, വട്ടമുടിയാട്ടം, തിറയും പൂതനും, നാടൻ കലാരൂപങ്ങൾ, നൃത്തരൂപങ്ങൾ, കളരിപ്പയറ്റ്, വർണ്ണബലൂണുകൾ, ശിങ്കാരിമേളം, കലപ്പ ഏന്തിയ കർഷകർ എന്നിവ ഘോഷയാത്രയുടെ പ്രൗഢിക്ക് മാറ്റുകൂട്ടി. ജില്ലാ കുടുംബശ്രീ മിഷന്റെ ധീരം കരാട്ടേ സംഘം, രംഗശ്രീ നാടക സംഘം, മുരിയാട് പഞ്ചായത്തിന്റെ ഗ്രാമവണ്ടി, ഫ്‌ളാഷ് മോബ് എന്നിവ ശ്രദ്ധേയമായി. വിവിധ വകുപ്പുകൾ, കുടുംബശ്രീകൾ, ഹരിതകർമ്മ സേന, പൊലീസ്, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് എന്നിവർ അണിനിരന്നു. ലഹരിക്കെതിരെയുള്ള പോരാട്ടം കൂടിയായിരുന്നു നിശ്ചലദൃശ്യങ്ങളിലൂടെ അണിനിരന്നത്. മന്ത്രിമാരായ കെ.രാജൻ, ഡോ.ആർ.ബിന്ദു, എം.എൽ.എമാരായ എ.സി.മൊയ്തീൻ, മുരളി പെരുനെല്ലി, യു.ആർ.പ്രദീപ്, എൻ.കെ.അക്ബർ, കെ.കെ.രാമചന്ദ്രൻ, ഇ.ടി.ടൈസൺ മാസ്റ്റർ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, കെ.വി.നഫീസ, ഇൻഫർമേഷൻ ഓഫീസർ പി.കെ.വേലായുധൻ എന്നിവർ നേതൃത്വം നൽകി.
നിറപ്പകിട്ടാർന്ന തുടക്കം
ഉദ്ഘാടന സമ്മേളനത്തിന് കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന എന്റെ കേരളം നൃത്തശിൽപ്പം ആകർഷകമായി. തുടർന്ന് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും അവതരിപ്പിക്കുന്ന അമൃതം ഗമയ ബാൻഡ് അരങ്ങേറി. ഇന്ന് രാത്രി എട്ടിന് ജയരാജ് വാര്യർ അവതരിപ്പിക്കുന്ന അനശ്വര ഗായകൻ പി.ജയചന്ദ്രൻ അനുസ്മരണ സംഗീതനിശ 'മലർവാകക്കൊമ്പത്ത്' നടക്കും. നാളെ കലാഭവൻ സലിം അവതരിപ്പിക്കുന്ന പാട്ടും ചിരിയും മ്യൂസിക്കൽ ഷോ, ഹാർമണി മ്യൂസിക് ബാൻസിന്റെ നന്തുണി പാട്ട്, പി.ഡി.പൗലോസ് ഒല്ലൂർ നയിക്കുന്ന ഗാനമേള എന്നിവ നടക്കും. ഭക്ഷ്യകാർഷിക മേള, കലാ സാംസ്‌കാരിക പരിപാടികൾ, സെമിനാർ, സിനിമാപ്രദർശനം എന്നിവ മേളയുടെ ഭാഗമായിട്ടുണ്ട്.
സെമിനാറുകൾ ഇന്ന് മുതൽ
മേളയുടെ ഭാഗമായി ഇന്ന് മുതൽ 24 വരെ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിലായി സെമിനാറുകളും സംഘടിപ്പിക്കും. ഇന്ന് രാവിലെ 10.30ന് വനിത ശിശു വികസന വകുപ്പിന്റെ 'ജനാധിപത്യ ശിശു പരിപാലനം' , 11.30 ന് സാമൂഹ്യ നീതി വകുപ്പിന്റെ 'വയോജന ക്ഷേമം' എന്ന സെമിനാറിന് ശേഷം ഗവ. വൃദ്ധ സദനത്തിലെ താമസക്കാർ അവതരിപ്പിക്കുന്ന പത്ത് മിനിറ്റ് ദൈർഘ്യമുള്ള സ്കിറ്റ് 'വയസല്ല മനസാണ്' ഉച്ചയ്ക്ക് രണ്ടിന് ജില്ലാ സാക്ഷരതാ മിഷന്റെ 'ഭരണഘടന സാക്ഷരത'എന്ന സെമിനാറുകളും നടക്കും.
തിരക്കിലമർന്ന് ആദ്യദിനം
ക്രമീകരിച്ചിരിക്കുന്നത് ശീതീകരിച്ച 189 വിപണന സ്റ്റാൾ
ക്രമീകരണം സർക്കാർ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങൾക്ക് അറിവ് നൽകുന്ന രീതിയിൽ
സർക്കാർ സേവനങ്ങൾ ഒരു കുടക്കീഴിൽ
വിവിധ വകുപ്പുകളുടെ 151 തീം സ്റ്റാൾ
38 കൊമേഴ്‌സ്യൽ സ്റ്റാൾ
പ്രദർശനം രാവിലെ 10 മുതൽ രാത്രി 8 വരെ.
വാഗ്ദാനങ്ങൾ പാലിക്കും
തൃശൂർ : തേക്കിൻകാട് മൈതാനിയിൽ 24 വരെ നീണ്ടുനിൽക്കുന്ന മേളയുടെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. എൽ.ഡി.എഫ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ മുഴുവൻ പാലിച്ച ശേഷമേ പിണറായി സർക്കാർ പടിയിറങ്ങൂവെന്ന് മന്ത്രി പറഞ്ഞു.
സർക്കാരിന് മുന്നിൽ ജനങ്ങളുടെ താത്പര്യം മാത്രമാണുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. മന്ത്രി ഡോ.ആർ.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. പകൽ വിവിധ സെമിനാറുകളും രാത്രി കലാസാംസ്കാരിക പരിപാടികളും നടക്കും.
അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകൾ കഴിഞ്ഞ ഒമ്പത് വർഷത്തിൽ സാധ്യമാക്കിയെന്ന അനുഭവത്തിന്റെ കരുത്തോടെയാണ് പിണറായി സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്നത്. 600 രൂപയായിരുന്ന ക്ഷേമ പെൻഷൻ 1600 രൂപയായി വർദ്ധിപ്പിച്ചു. എല്ലാ മാസവും 60 കഴിഞ്ഞ 62 ലക്ഷം മനുഷ്യരുടെ കൈകളിലേക്ക് അഭിമാനത്തോടെ ക്ഷേമ പെൻഷൻ എത്തിക്കുന്നു.
( മന്ത്രി കെ.രാജൻ)
നാല് ലക്ഷം പട്ടയങ്ങളാണ് കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ വിതരണം ചെയ്തത്. 5,00,000 കുടുംബങ്ങൾക്ക് ലൈഫ് പാർപ്പിട പദ്ധതി വഴി വീടെന്ന സ്വപ്നം പൂർത്തീകരിച്ചു. നാലേ മുക്കാൽ ലക്ഷം വീടുകൾ ഇതിനോടകം കൈമാറി. 87,000 കോടിയുടെ വികസനമാണ് കേരളത്തിൽ നടക്കുന്നത്.
( മന്ത്രി ഡോ.ആർ.ബിന്ദു)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |