രണ്ട് സഹോദരങ്ങൾ മരിച്ചു
രണ്ടാഴ്ചക്കിടെ 25 പേർക്ക് ഹെപ്പറ്റൈറ്റിസ് എ
കൊല്ലം: ജില്ലയിൽ മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. രണ്ടാഴ്ചക്കിടെ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഗവ. ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണം മാത്രമാണിത്. സ്വകാര്യ ആശുപത്രികളിൽ എത്തുന്നവരെയും പാരമ്പര്യ ചികിത്സ തേടുന്നവരെയും കണക്കിലെടുത്താൽ എണ്ണം ഇരട്ടിയാകും.
തൃക്കോവിൽവട്ടം, കരിക്കോട്, പാരിപ്പള്ളി, പൊഴിക്കര, തൃക്കടവൂർ, മയ്യനാട്, പാലത്തറ, ഇളമ്പള്ളൂർ, തേവലക്കര തുടങ്ങിയ ഇടങ്ങളിലും ഇതിനോടകം മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന ചേരിക്കോണം സ്വദേശിനികളും സഹോദരങ്ങളുമായ രണ്ട് പെൺകുട്ടികളാണ് ഒരുദിവസത്തിന്റെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്. ഇവരുടെ സഹോദരനും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്.
ഇവർ താമസിക്കുന്ന ചേരിക്കോണം തലച്ചിറ ഭാഗത്ത് അഞ്ചോളം പേർക്ക് കൂടി മഞ്ഞപ്പിത്തം ബാധിച്ചതായാണ് റിപ്പോർട്ട്. തലച്ചിറ ബണ്ടിനോട് ചേർന്നാണ് തലച്ചിറ നഗർ. ഇവിടെ കെട്ടിക്കിടക്കുന്ന വെള്ളം കിണറുകളിലേക്ക് ഊറ്റായി ഇറങ്ങി മലിനമാകാൻ കാരണമായിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
സാധാരണ പനി ബാധിക്കുന്നവർ സ്വയം ചികിത്സ നടത്തുന്നതും മഞ്ഞപ്പിത്തമാണോയെന്ന് പരിശോധന നടത്താത്തതും രോഗം കൂടാൻ കാരണമാകുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു. വേനൽ കടുക്കുന്നതും ബോധവത്കരണം ഉൾപ്പടെ കൃത്യമായി നടക്കാത്തതും മറ്റ് കാരണങ്ങളാണ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിക്കുകയും ബോധവത്കരണം ഉൾപ്പടെ നടത്തുകയും ചെയ്ത് രോഗബാധ പടരാതിരിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അവഗണിക്കരുത് ലക്ഷണങ്ങൾ
ഹെപ്പറ്റൈറ്റിസ് എ ബാധിച്ചാൽ 80-95 ശതമാനം കുട്ടികളിലും, 10-25 ശതമാനം മുതിർന്നവരിലും രോഗലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. 2 മുതൽ 6 ആഴ്ച വരെ ഇടവേളയിലാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. സാധാരണയായി 28 ദിവസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങളുണ്ടാവാം. ക്ഷീണം, പനി, വയറുവേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ചൊറിച്ചിൽ (കണ്ണിലെ വെളുത്ത ഭാഗം, മൂത്രം, ത്വക്ക്, നഖങ്ങൾ എന്നിവ മഞ്ഞ നിറത്തിൽ ആവുക) എന്നിവയാണ് ലക്ഷണങ്ങൾ. പ്രതിരോധശേഷി കുറഞ്ഞവരിലും എച്ച്.ഐ.വി, കരൾ രോഗങ്ങൾ തുടങ്ങിയ മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരിലുമാണ് രോഗം തീവ്രമാകുന്നത്. സമ്പർക്കത്തിലൂടെ പകരാൻ സാദ്ധ്യതയുണ്ട്. രക്ത പരിശോധനയിലൂടെയാണ് സ്ഥിരീകരിക്കുന്നത്. ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം പൂർണമായും ഭേദമാക്കാനാകും. ആവശ്യമില്ലാത്ത മരുന്നുകൾ ഉപയോഗിക്കുന്നതിലൂടെ കരളിന്റെ പ്രവർത്തനം കൂടുതൽ വഷളായി മരണം വരെ സംഭവിക്കാം.
പ്രതിരോധം പ്രധാനം
ശുചിത്വമുള്ള ആഹാരം, തിളപ്പിച്ചാറ്റിയ വെള്ളം എന്നിവ ഉറപ്പാക്കുക
നന്നായി പാചകം ചെയ്ത ഭക്ഷണം കഴിക്കുക
തുറസായ സ്ഥലങ്ങളിലെ മലമൂത്ര വിസർജ്ജനം ഒഴിവാക്കുക
കിണർ വെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക
സെപ്ടിക് ടാങ്കും കിണറും തമ്മിൽ നിശ്ചിത അകലമുണ്ടെന്ന് ഉറപ്പ് വരുത്തുക
ശുദ്ധത ഉറപ്പില്ലാത്ത സിപ്പ് അപ്പ്, ഐസ്‌ക്രീം, മറ്റ് ശീതള പാനീയങ്ങൾ തുടങ്ങിയവ കഴിക്കരുത്
ഭക്ഷണം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക
രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുള്ളവരുമായി പങ്കിടരുത്
ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |