SignIn
Kerala Kaumudi Online
Friday, 25 July 2025 5.20 PM IST

കേൾക്കുമ്പോൾ തന്നെ പേടി തോന്നും, ആദ്യ രണ്ട് ദിവസം അനുഭവിക്കേണ്ടത്; ഇതാണ് ചൈനയിലെ ജയിലിലെ അവസ്ഥ

Increase Font Size Decrease Font Size Print Page
jail

ചൈനയിൽ സംഭവിക്കുന്ന പല കാര്യങ്ങളും പുറം ലോകമറിയാറില്ല. അത്തരത്തിൽ ചൈനയിലെ ജയിലിലെ അവസ്ഥയെന്താണെന്ന് അധികമാർക്കും അറിയാത്ത കാര്യമാണ്. ചൈനയിൽ അഞ്ച് വർഷത്തോളം തടവിൽ കഴിഞ്ഞതിന്റെ ആഘാതത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ പൗരനായ മാത്യു റഡാൽജ്.

അന്താരാഷ്ട്ര തടവുകാരെ പാർപ്പിക്കുന്ന ബീജിംഗ് നമ്പർ 2 ജയിലിലായിരുന്നു മാത്യു കഴിഞ്ഞിരുന്നത്. മനുഷ്യത്വരഹിതമായ പ്രവൃത്തികളാണ് ജയിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് മാത്യു ഓർക്കുന്നു.

ജയിലിലായത്

മൊബൈൽ ഫോൺ സ്‌ക്രീൻ നന്നാക്കുന്നതിനുള്ള ചെലവിനെച്ചൊല്ലി ഇലക്ട്രോണിക്സ് കടയുടമകളുമായുള്ള വഴക്കാണ് മാത്യുവിനെ ജയിലിലെത്തിച്ചത്. താൻ അന്യായമായി ശിക്ഷിക്കപ്പെട്ടതായി ഇയാൾ അവകാശപ്പെടുന്നു. മറ്റൊരു വ്യാജ കവർച്ച കേസിൽ കുറ്റസമ്മതിച്ച് ഒപ്പിടാൻ തന്നെ നിർബന്ധിച്ചുവെന്ന് മാത്യു ആരോപിക്കുന്നു. തുടർന്ന് അഞ്ച് വർഷത്തോളം തടവ് ശിക്ഷ ലഭിച്ചു.

ശാരീരിക പീഡനവും കഠിനമായ നിയമങ്ങളും

2020 ജനുവരി രണ്ടിനാണ് മാത്യുവിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് ശേഷം തുടർച്ചയായി രണ്ട് ദിവസം മർദ്ദിക്കപ്പെട്ടതായും 48 മണിക്കൂർ ഭക്ഷണമോ വെള്ളമോ തരാതെ, ഉറങ്ങാൻ അനുവദിക്കാതെ രേഖകളിൽ ഒപ്പിടാൻ നിർബന്ധിതനായതായും മാത്യു വിവരിച്ചു. ജയിലിലെത്തിയപ്പോൾ ഒരു പ്രത്യേക കേന്ദ്രത്തിൽ 'ട്രാൻസിഷൻ ഫേസിന്' വിധേയനാക്കി. അവിടെ മാത്യു ശാരീരിക പീഡനവും മാനസിക പീഡനവും അനുഭവിച്ചു.

'ട്രാൻസിഷൻ ഫേസിൽ' തടവുകാരെ വളരെ കഠിനമായ നിയമങ്ങൾക്ക് വിധേയരാക്കി. 'ഞങ്ങൾക്ക് കുളിക്കുന്നതിനോ ശരീരം വൃത്തിയാക്കുന്നതിനോ മാസങ്ങളോളം വിലക്കുണ്ടായിരുന്നു. ടോയ്‌ലറ്റ് പോലും പ്രത്യേക സമയങ്ങളിൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അവ വൃത്തിഹീനമായിരുന്നു. മുകളിലുള്ള ടോയ്‌ലറ്റുകളിൽ നിന്നുള്ള മാലിന്യങ്ങൾ നിരന്തരം മേൽ വീഴുമെന്നും മാത്യു വ്യക്തമാക്കി.

മാത്യുവിനെ പിന്നെ സാധാരണ ജയിലിലേക്ക് മാറ്റി. അവിടെ തടവുകാരെ സെല്ലുകളിൽ ഒരുമിച്ച് നിർത്തുകയും ലൈറ്റുകൾ ഒരിക്കലും അണയ്ക്കാതിരിക്കുകയും ചെയ്തു. ഭക്ഷണം കഴിക്കുന്നത് പോലുള്ള കാര്യങ്ങൾ ആ പരിമിതമായ സ്ഥലത്ത് നടന്നു.

ആഫ്രിക്ക, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബ്രിട്ടൻ, യുഎസ് തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു സഹതടവുകാരായി ഉണ്ടായിരുന്നത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവരായിരുന്നു പലരും.

മാനസിക പീഡ‌നം

തടവുകാരെ മാനസിക പീഡനത്തിന് വിധേയരാക്കിയിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട സാഹിത്യം പഠിക്കുക, ജയിൽ ഫാക്ടറിയിൽ ജോലി ചെയ്യുക, സഹ തടവുകാർ ചെയ്യുന്ന കുറ്റങ്ങളും മറ്റും അറിയിക്കുക, എന്നിവ ചെയ്താൽ പോയിന്റുകൾ നേടാൻ കഴിയും. 4,200 പോയിന്റുകൾ ശേഖരിച്ചാൽ ശിക്ഷ കുറയ്ക്കാൻ സാദ്ധ്യതയുണ്ട്.

എന്നാൽ ഇങ്ങനെ പോയിന്റുകൾ ശേഖരിക്കുന്നത് എളുപ്പമല്ല. ജയിൽ ഗാർഡുകൾ മനഃപൂർവ്വം ചെറിയ നിയമലംഘനങ്ങൾക്ക് ശിക്ഷ വിധിക്കുകയും അതുവഴി ശേഖരിച്ച പോയിന്റുകൾ അസാധുവാക്കുകയും ചെയ്യുന്നുവെന്ന് മാത്യു ആരോപിച്ചു. ഭക്ഷണം പൂഴ്ത്തിവയ്ക്കുകയോ പങ്കിടുകയോ ചെയ്യുക, ഇടനാഴിയിലൂടെ നടക്കുമ്പോൾ വരിയിൽ നിന്ന് അൽപം തെറ്റുക, കട്ടിലിൽ സോക്സുകൾ തൂക്കിയിടുക, അല്ലെങ്കിൽ ഒരു ജനാലയ്ക്ക് വളരെ അടുത്ത് നിൽക്കുക തുടങ്ങിയവയൊക്കെ നിയമ ലംഘനമായി കണക്കാക്കും.

ഭക്ഷണം കുറയ്ക്കും


ഭക്ഷണം കുറച്ചുനൽകിക്കൊണ്ടും ശിക്ഷ നൽകും. കൂടാതെ വൃത്തികെട്ട വെള്ളത്തിൽ തയ്യാറാക്കുന്ന കാബേജ്, കാരറ്റ് അല്ലെങ്കിൽ കുറഞ്ഞ അളവിൽ മാംസം, ബ്രെഡ് എന്നിവ അടങ്ങിയ ഭക്ഷണമായിരുന്നു നൽകാറ്. ഇതുമൂലം മിക്ക തടവുകാരും പോഷകാഹാരക്കുറവുള്ളവരായി.

കൂടാതെ, തടവുകാരെ പച്ചക്കറികൾ വളർത്തുന്ന ഒരു ഫാമിൽ ജോലി ചെയ്യാൻ നിർബന്ധിതരാക്കി. പക്ഷേ അവ കഴിക്കാൻ അനുവദിക്കില്ല. മോഷ്ടിച്ച ഉൽപ്പന്നങ്ങൾ കൈവശം വച്ച ഒരാൾക്ക് എട്ട് മാസം വരെ ഏകാന്തതടവാണ് നൽകിയത്. ഉന്നത ഉദ്യോഗസ്ഥർ ജയിലിൽ സന്ദർശനം നടത്തുന്ന സമയത്ത് മാത്രം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം നൽകും

ഏകാന്ത തടവ്

ജയിലിലെ ഭക്ഷണ വിതരണത്തെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടയിൽ മാത്യുവും പെട്ടുപോയി. ശിക്ഷയായി 194 ദിവസത്തേക്ക് ഏകാന്ത തടവിലേക്ക് അയച്ചു. ചെറിയ സെല്ല്, പരിമിതമായ വെളിച്ചം, കുറഞ്ഞ ഭക്ഷണം എന്നിവയായിരുന്നു ഏകാന്ത തടവിൽ അനുഭവിക്കേണ്ടിവന്നത്. അവിടെ വായനാ സാമഗ്രികൾ ഒന്നും ഉണ്ടായിരുന്നില്ല.

ജയിൽ മോചനം

മോചിതനായ ശേഷം, പത്ത് വർഷത്തേക്ക് ചൈനയിലേക്ക് വരരുതെന്ന് മാത്യുവിന് പൊലീസ് മുന്നറിയിപ്പ് നൽകി. ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം, മാത്യു തന്റെ പിതാവിനെ കണ്ടു. പിന്നീട് തന്റെ കാമുകിയെ വിവാഹം കഴിക്കുകയും ചെയ്തു.

TAGS: AUSTRALIA, EXPLAINER, CHINA, CHINESE JAIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.