കൊച്ചി: രണ്ട് മാസത്തിനിടെ ജില്ലയിലെ ജലാശയങ്ങളിൽ പൊലിഞ്ഞത് 18 ജീവനുകൾ. ചതിച്ചുഴിയിൽപ്പെട്ടത് കുട്ടികൾ മുതൽ മുതിർന്നവർ വരെ. നീന്തൽ പഠനത്തിന്റെ അനിവാര്യത തുറന്നുകാട്ടുകയാണ് ഓരോ അപകടങ്ങളും. കഴിഞ്ഞദിവസം തമ്മനം കൂത്താപ്പാടി ശ്രീധർമ്മ ശാസ്താ നരസിംഹമൂർത്തി ക്ഷേത്രക്കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചതാണ് ഒടുവിലത്തെ സംഭവം. കലൂർ കറുകപ്പള്ളി ജംഗ്ഷൻ മാമംഗലം റോഡ് തട്ടാൻ വീട്ടിൽ ഹുസൈൻ -നിഹാര ദമ്പതികളുടെ മകൻ ഫാസിൽ ഹുസൈൻ (13) ആണ് മരിച്ചത്.
മറ്റു രണ്ട് സുഹൃത്തുക്കളോടൊപ്പം എത്തിയ ഫാസിൽ ക്ഷേത്രക്കുളത്തിൽ നീന്തിക്കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാരെത്തി തെരച്ചിൽ നടത്തിയെങ്കിലും ഫാസിലിനെ കണ്ടെത്താനായില്ല. അര മണിക്കൂറോളം നാട്ടുകാരുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിലാണ് ഫാസിലിന്റെ മൃതദേഹം ചെളിയിൽ പൂണ്ടനിലയിൽ കണ്ടെത്താനായത്.
അപരിചിതമായ ജലാശയങ്ങളിൽ
ഇറങ്ങുമ്പോൾ സൂക്ഷിക്കണം
മഞ്ഞുമ്മൻ പുഴയിൽ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശികളായ രണ്ട് യുവാക്കൾ മുങ്ങി മരിച്ചതും കാലടി വൈശൻകുടി കടവിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചതുമടക്കം ജില്ലയെ കണ്ണീരിലാഴ്ത്തിയ സംഭവങ്ങൾ നീളുന്നു. നീന്തൽ അറിയാത്തതും പരിചയസമ്പന്നരായ ആളുകൾ ഒപ്പമില്ലാത്തതുമൊക്കെയാണ് അപകടത്തിലേക്ക് നയിക്കുന്നത്.
അപരിചിതമായ സ്ഥലങ്ങളിലെ ജലാശയങ്ങളിലിറങ്ങുന്നത് അപകടം ക്ഷണിച്ചുവരുത്തും. ചൂടുകാലമായതിനാൽ പുഴയിലും മറ്റും കുളിക്കാൻ എത്തുന്നവരുണ്ട്. വേനൽക്കാലത്താണ് മുങ്ങിമരണങ്ങൾ അധികവും സംഭവിക്കുന്നത്. ആഴം കുറവാണെന്നത് കൊണ്ടുമാത്രം പുഴകൾ സുരക്ഷിതമാകണമെന്നില്ല. ബാലൻസ് നഷ്ടമായാൽ ചെറിയ തോതിലുള്ള വെള്ളത്തിലും അപകടമുണ്ടാകാം.
• തടാകത്തിലോ പുഴയിലോ പോയി ചാടാൻ ശ്രമിക്കരുത്. ആഴം പ്രതീക്ഷിക്കുന്നതിനേക്കാൾ കൂടുതലായിരിക്കും.
• മതിയായ വെള്ളമില്ലെങ്കിൽ ചെളിയിൽ പൂഴ്ന്നു പോകാൻ കാരണമാകും
• അപസ്മാരം, മസിൽ കയറുന്നവർ കൂടുതൽ ശ്രദ്ധിക്കണം
• മുതിർന്നവരുടെ സാന്നിദ്ധ്യം ഉണ്ടായിരിക്കണം
• ഒഴുക്കും ആഴവും മനസ്സിലാക്കി ജലാശയത്തിൽ ഇറങ്ങുക
• രക്ഷപ്പെടാൻ ബുദ്ധിമുട്ടുണ്ടാകുന്ന വസ്ത്രങ്ങൾ ധരിക്കരുത്
• ഇരുട്ടിയതിന് ശേഷം ഒരു കാരണവശാലും വെള്ളത്തിൽഇറങ്ങരുത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |