തലപ്പാടി ടോൾപ്ളാസയിൽ നിന്ന് ആരിക്കാടിയിലെ നിർദ്ദിഷ്ട ടോൾബൂത്തിലേക്കുള്ള ദൂരം 20 കി.മി മാത്രം
കാസർകോട്: തലപ്പാടി ടോൾ പ്ളാസയിൽ നിന്നും വെറും ഇരുപത് കിലോമീറ്റർ മാത്രം ദൂരത്തിലുള്ള ആരിക്കാടിയിൽ
ദേശീയപാത അതോറിറ്റി ടോൾഗേറ്റ് നിർമ്മാണം തുടങ്ങിയ സാഹചര്യത്തിൽ ഉയർന്ന പ്രതിഷേധം മുഖ്യമന്ത്രിയുടേയും കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിധിൻ ഗഡ്കരിയുടെയും ശ്രദ്ധയിലെത്തിക്കാൻ ഇന്നലെ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന എം.പി, എം.എൽ.എമാരുടെയും ദേശീയപാത അതോറിറ്റി പ്രതിനിധികളുടേയും യോഗം തീരുമാനിച്ചു. അറുപത് കിലോമീറ്റർ പരിധിയിൽ മാത്രമെ ടോൾ ഗേറ്റ് സ്ഥാപിക്കാൻ പാടുള്ളുവെന്ന സർക്കാർ നിർദ്ദേശം ലംഘിക്കപ്പെടുമെന്ന സാഹചര്യത്തിലാണ് ഇതിനെതിരെ ജനപ്രതിനിധികളിൽ നിന്നടക്കം കടുത്ത പ്രതിഷേധം ഉയർന്നത്.
ആരിക്കാടിയിലെ ടോൾ ഗേറ്റ് നിർമ്മാണം നിർത്തിവെക്കണമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എ.കെ.എം അഷറഫ്, എൻ.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു എന്നിവർ യോഗത്തിൽ ആവശ്യപ്പെട്ടു. അതെ സമയം തലപ്പാടിയിൽ പ്രവർത്തിക്കുന്നത് ബി.ഒ.ടി അടിസ്ഥാനത്തിൽ സ്വകാര്യ ടോൾ പ്ലാസ ആണെന്നും അടുത്ത റീച്ച് പൂർത്തിയാകുന്നതോടെ ആരിക്കാടിയിലെ ടോൾ പിരിവ് അവസാനിപ്പിക്കുമെന്നുമാണ് ദേശീയപാത അതോറിറ്റി കണ്ണൂർ പ്രൊജക്ട് ഇംപ്ളിമെന്റേഷൻ യൂണിറ്റ് ഡയറക്ടർ ഉമേഷ് കെ.ഗാർഗ് യോഗത്തിൽ അറിയിച്ചത്. പൂർത്തിയായ റീച്ചുകളിൽ ടോൾ പിരിവ് ആരംഭിക്കണമെന്നത് കേന്ദ്രസർക്കാർ തീരുമാനമാണെന്നും അദ്ദേഹം വിശദീകരിച്ചു. ടോൾ പിരിവ് എന്ന് അവസാനിപ്പിക്കുമെന്ന് എൻ.എച്ച്.എ.ഐ കൃത്യമായ ഉറപ്പ് നൽകണമെന്ന് ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
ഇതിന് പുറമെ ടോൾഗേറ്റിന്റെ നിശ്ചിത കിലോമീറ്റർ പരിധിയിൽ താമസിക്കുന്ന ജനങ്ങൾക്ക് പരിഗണന ആവശ്യമാണെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു. മേഖലയിൽ കൂടുതൽ ഫൂട്ട് ഓവർ ബ്രിഡ്ജുകൾ പരിഗണിക്കണമെന്നും എൻ.എ.ഐ അധികൃതരോട് എം.പി ആവശ്യപ്പെട്ടു. വിഷയം എം.എൽ.എമാർ മുഖാന്തിരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താനും യോഗത്തിൽ ധാരണയായി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയെ സന്ദർശിച്ച് വിഷയം അറിയിക്കുമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം.പിയും വ്യക്തമാക്കി. അതുവരെ ടോൾഗേറ്റ് നിർമ്മാണ പ്രവർത്തനം നിർത്തിവെക്കണമെന്നായിരുന്നു ജനപ്രതിനിധികളുടെ ആവശ്യം.
യോഗത്തിൽ ജില്ലാ കളക്ടർ കെ.ഇമ്പശേഖർ , എ.ഡി.എം പി.അഖിൽ, എൻ.എച്ച്.എ.ഐ ഡെപ്യൂട്ടി മാനേജർ (ടി) ജസ്പ്രീത്, യു.എൽ.സി.സി.എസ് പി.എം എം.നാരായണൻ, എൻ.എച്ച്.എ.ഐ ലെയ്സൺ ഓഫീസർ കെ.സേതുമാധവൻ, എൻ.എച്ച്.എ.ഐ സ്‌പെഷ്യൽ തഹസിൽദാർ എൽ.കെ.സുബൈർ തുടങ്ങിയവർ പങ്കെടുത്തു.
ദേശീയപാതയിലെ ടോൾ ബൂത്ത് നിർമ്മാണം സംബന്ധിച്ച വിഷയം മുഖ്യമന്ത്രിയുടെ യോഗത്തിൽ വിഷയം അവതരിപ്പിക്കും- ജില്ലാ കളക്ടർ കെ.ഇമ്പശേഖർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |