വീഴ്ചയുണ്ടായെങ്കിൽ നടപടി: മേയർ ബീന ഫിലിപ്പ്
തീപിടിത്തത്തിൽ കോർപറേഷൻ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെങ്കിൽ നടപടി എടുക്കുമെന്ന് മേയർ ബീനാ ഫിലിപ്പ്. പല ഊഹാപോഹങ്ങളും ഉണ്ടാകും. അതൊന്നും വിശ്വസിക്കാൻ പറ്റില്ല. തീപിടിത്തത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോർപറേഷനിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം നടക്കും. പഴയ കെട്ടിടങ്ങളിൽ ഇടയ്ക്കിടെ തീപിടിത്തമുണ്ടാകുമ്പോൾ ശാസ്ത്രീയമായ കാര്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാകുകയും അത് കർശനമായി നടപ്പിലാക്കുകയും വേണം. ഒരു തരത്തിലുമുള്ള അനധികൃത നിർമാണത്തിനും അനുമതി നൽകിയിട്ടില്ല.
സമഗ്രമായ അന്വേഷണം വേണം: അടൂർ പ്രകാശ് എം.പി
തീപിടിത്തത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് പറഞ്ഞു. പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജുഡീഷ്യൽ അന്വേഷണത്തിലൂടെ മാത്രമേ കൂടുതൽ കാര്യങ്ങൾ പുറത്തുവരൂ. അന്വേഷണം പ്രഖ്യാപനത്തിൽ ഒതുക്കരുത്. റിപ്പോർട്ട് പുറത്തുവിടാനുള്ള നടപടി ഉണ്ടാവണം. സ്ഥലത്ത് പ്രവർത്തിച്ച സ്ഥാപനങ്ങൾ അനധികൃതമാണോ എന്ന് പരിശോധിക്കണം. ആണെങ്കിൽ നടപടിയുണ്ടാവണം.
കോർപ്പറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണം: അഡ്വ. കെ പ്രവീൺകുമാർ
പുതിയ സ്റ്റാൻഡിലെ തീപിടിത്തത്തിൽ കോർപ്പറേഷനെ ഒന്നാം പ്രതിയാക്കി കേസെടുക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺ കുമാർ. വ്യാപാരികൾക്കും ജീവനക്കാർക്കും കോർപ്പറേഷൻ നഷ്ടപരിഹാരം നൽകണം. യ്യാറായില്ലെങ്കിൽ കോൺഗ്രസ് പ്രക്ഷോഭം നടത്തും. കോർപ്പറേഷൻ കെട്ടിട നിർമാണ ചട്ടങ്ങൾ ലംഘിച്ചു. ഇക്കാര്യം കോൺഗ്രസ് പലതവണ ചൂണ്ടിക്കാട്ടിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല.
അനധികൃത നിർമാണങ്ങൾ ഏറെയുണ്ട്: കെ.സി ശോഭിത
പുതിയ സ്റ്റാൻഡിൽ തീപിടിത്തമുണ്ടായ കെട്ടിടത്തിൽ അനധികൃത നിർമാണങ്ങൾ ഏറെയുണ്ടെന്ന് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത പറഞ്ഞു. കെട്ടിടം പുതുക്കിപ്പണിയാൻ മുൻപ് തീരുമാനമെടുത്തെങ്കിലും വർഷങ്ങൾ പിന്നിട്ടിട്ടും ആ തീരുമാനം നടപ്പാക്കാനായില്ല. ലിഫ്റ്റ് ഉൾപ്പെടെ ബഹുനില കെട്ടിടത്തിൽ ഉണ്ടാവേണ്ട സംവിധാനങ്ങൾ ഒന്നും ഇവിടെയില്ല. കെട്ടിട ഉടമ എന്ന നിലയിൽ കോർപ്പറേഷൻ വേണ്ട സൗകര്യങ്ങൾ അവിടെ ഒരുക്കിയില്ല.
ജുഡിഷ്യൽ അന്വേഷണം വേണം: ടി.സിദ്ധിഖ്
തീപിടിത്തത്തെ പറ്റി ജുഡിഷ്യൽ അന്വേഷണം നടത്തണമെന്ന് ടി.സിദ്ധിഖ് എം.എൽ.എ, കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരുണ്ടെങ്കിൽ അവർക്കെതിരെ നടപടിയെടുത്ത് നഷ്ടം ഈടാക്കണം. നഗരത്തെ തീപിടിത്ത നഗരമാക്കി മാറ്റിയ കോർപ്പറേഷൻ ഭരണസമിതി രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടു. തീപിടിത്തമുണ്ടായ കാലിക്കറ്റ് ടെക്സ്റ്റയിൽസിലെ വാരന്തയടക്കം കെട്ടിയടച്ചുള്ള അനധികൃത നിർമ്മാണത്തിനും മറ്റും ആര് അനുമതി നൽകിയെന്ന് വ്യക്തമാക്കണം. ബീച്ചിലുള്ള ഫയർഫോഴിൻ്റെ നാല് യൂണിറ്റുകളിൽ മൂന്നെണ്ണവും പിൻവലിച്ചതും തെറ്റാണ്. വേണ്ടത്ര ഫയർഫോഴ്സ് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ടു.
മേയർക്കും ഡെപ്യൂട്ടി മേയർക്കുമെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ
വസ്ത്രക്കടയ്ക്ക് തീപിടിച്ച സംഭവത്തിൽ കോർപ്പറേഷൻ മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കുമെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. നഗരത്തിൽ തുടർച്ചയായി ഉണ്ടാവുന്ന അഗ്നിബാധയെ പറ്റി ജുഡീഷ്യൽ കമ്മിഷൻ അന്വേഷണം നടത്തണമെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ദുരന്തത്തെക്കുറിച്ച് ചർച്ച ചെയ്യാൻ കോഴിക്കോട്ടുകാരായ മന്ത്രിമാർ പോലും തയ്യാറാവുന്നില്ല. കേരളത്തിലെ പ്രധാനപ്പെട്ട നഗരത്തിൽ ഇത്രയും വലിയ നഷ്ടമുണ്ടായിട്ടും സർക്കാർ സംവിധാനങ്ങൾ എല്ലാം നിഷ്ക്രിയമാണെന്നും സുരേന്ദ്രൻ.
കോർപ്പറേഷനെതിരെ കേസെടുക്കണം: ജില്ലാ ലീഗ്
പുതിയ ബസ് സ്റ്റാന്‍ഡില്‍ വസ്ത്രക്കടക്ക് തീപ്പിടിച്ച സംഭവത്തിൽ നിയവും ചട്ടവും ലംഘിച്ച കെട്ടിടം ഉടമകളായ കോർപ്പറേഷൻ അധികൃതർക്കെതിരെ കേസ്സെടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ്, ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ ആവശ്യപ്പെട്ടു. കത്തിപ്പോയ കെട്ടിടം ഒരു ടെക്സ്റ്റൈൽസ് നടത്താനുള്ള ഒരു മാനദണ്ഡവും പാലിച്ചിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. കോർപ്പറേഷൻ പരിധിയിലെ നിയമ ലംഘന നിർമ്മാണങ്ങളുടെ ഉത്തരവാദിത്വത്തിൽ നിന്ന് മേയർക്കും ഡെപ്യൂട്ടി മേയർക്കും സെക്രട്ടറിക്കും ഒഴിഞ്ഞുമാറാനാവില്ല. അന്വേഷണം നടത്തണം. നഷ്ടം സംഭവിച്ച സമീപത്തുള്ളവർക്കും തൊഴിലാളികൾക്കും കോർപ്പറേഷനും സർക്കാറും നഷ്ടപരിഹാരം നൽകണം.
കെട്ടിടത്തിന് സുരക്ഷ നൽകുന്നതിൽ കോർപ്പറേഷന് വീഴ്ച
പുതിയ സ്റ്റാൻഡ് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ കോഴിക്കോട് കോർപ്പറേഷന് പങ്കുണ്ടെന്ന് വ്യാപാരി വ്യവസായി സമിതി. കെട്ടിടത്തിൽ ഫയർ സംവിധാനം ഉൾപ്പെടെ നൽകുന്നതിൽ കോർപ്പറേഷന് വീഴ്ചയുണ്ടായതായി വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ പറഞ്ഞു. കെട്ടിടത്തിൽ അനധികൃത പ്രവൃത്തികൾ നടത്തിയത് വ്യാപാരികളെന്ന പേരിൽ കുറ്റപ്പെടുത്തുകയാണ്. കെട്ടിടത്തിൽ ആവശ്യമായ സുരക്ഷ നൽകേണ്ടത് കോർപറേഷന്റെ കടമയാെണ്. യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് ഇലക്ട്രിസിറ്റി മീറ്റർ റൂമുകൾ പ്രവർത്തിക്കുന്നത്. നിയമാനുസൃത നപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |