കൊല്ലം: തൃക്കോവിൽവട്ടം തലച്ചിറ നഗർ പകർച്ചവ്യാധിയുടെ മുൾമുനയിലായി ആഴ്ചകളായിട്ടും അനങ്ങാതിരുന്ന അധികൃതർ, മഞ്ഞപ്പിത്തം ബാധിച്ച് രണ്ടാമതൊരു പെൺകുട്ടി മരിച്ചതിന് പിന്നാലെ ഇന്നലെ ഉണർന്നു. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ തലച്ചിറ നഗർ സന്ദർശിച്ച ശേഷം പ്രതിരോധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാൻ യോഗം ചേർന്നു.
തലച്ചിറ നഗറിലെ ജനങ്ങൾക്കായി തൊട്ടടുത്തുള്ള ലൈബ്രറിയിൽ ഇന്ന് മെഡിക്കൽ ക്യാമ്പ് നടത്തും. ഇതിന് പുറമേ നഗറിലെ കിണറുകളിൽ ഇന്ന് മുതൽ അഞ്ച് ദിവസം സൂപ്പർ ക്ലോറിനേഷൻ തുടരും. ഇവിടുത്തെ ചില കിണറുകളിലെ വെള്ളത്തിന് നിറം മാറ്റത്തിന് പുറമേ ദുർഗന്ധവുമുണ്ടെന്ന് നാട്ടകാർ പറയുന്നു. ജലത്തിന്റെ നിലവാരം ഉയരുന്നത് വരെ ക്ലോറിനേഷൻ തുടരും.
അമ്പാടിയുടെ ആരോഗ്യനിലയിൽ പുരോഗതി
മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച തലച്ചിറ നഗറിലെ മീനാക്ഷിയുടെയും നീതുവിന്റെയും സഹോദരൻ പതിമൂന്നുകാരൻ അമ്പാടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ. നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്പാടിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അമ്പാടിക്കാണ് അദ്യം മഞ്ഞപ്പിത്തം ബാധിച്ചത്. അതിന് പിന്നാലെയാണ് സഹോദരിമാർക്കും രോഗമുണ്ടായത്.
ജല പരിശോധനാ ഫലം വൈകുന്നു
തലച്ചിറ നഗറിലെ വിവിധ കിണറുകളിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ സാമ്പിളുകൾ വാട്ടർ അതോറിറ്റിക്ക് നൽകി അഞ്ച് ദിവസം കഴിഞ്ഞിട്ടും ഇതുവരെ ഫലം ലഭിച്ചിട്ടില്ല.
മഹിളാ കോൺഗ്രസ് ഉപരോധം
ചേരിക്കോണത്ത് മഞ്ഞപ്പിത്തം ബാധിച്ച് സഹോദരിമാർ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസ് ഉപരോധിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. യു.വഹീദ, ജില്ലാ പ്രസിഡന്റ് അഡ്വ. ഫേബ സുദർശൻ, സംസ്ഥാന സെക്രട്ടറിമാരായ പ്രഭ അനിൽ, മരിയത്, സുനിത സലിംകുമാർ, ജലജ മുണ്ടയ്ക്കൽ, സുവർണ, സിന്ധു കുമ്പളത്ത്, ബ്രിജിത്ത്, ഇന്ദിര, ഹരിത, രാജലക്ഷ്മി എന്നിവർ നേതൃത്വം നൽകി.
യൂത്ത് കോൺഗ്രസ് മാർച്ച്
സഹോദരിമാർ മരിക്കാനിടയായത് ആരോഗ്യ വകുപ്പിന്റെ അനാസ്ഥ കൊണ്ടാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് തൃക്കോവിൽവട്ടം എഫ്.എച്ച്.എസ്.സിയിലേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് സ്ഥാപിച്ച് ആശുപത്രിക്ക് മുന്നിൽ മാർച്ച് തടഞ്ഞു. ഡി.സി.സി ജനറൽ സെക്രട്ടറിയും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കുണ്ടറ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് ഷാൻ മുട്ടയ്ക്കാവ് അദ്ധ്യക്ഷനായി. എ.എൽ.നിസാമുദ്ദീൻ, കൗശിക്ക്.എം.ദാസ്, ജയൻ തട്ടാർകോണം, ചേരിക്കോണം സുധീർ, ജേക്കബ് നല്ലില, അതുൽ പള്ളിമൺ, തൗഫീഖ് വേപ്പിൻ മുക്ക്, അജിത്ത് ലാല്, പ്രവീൺ രാജ്, സൈദലി പഴയറ്റിൻകുഴി, ഐശ്വര്യ, ഷാജി കണ്ണനല്ലൂർ, അജ്മൽ കണ്ണനല്ലൂർ, ഷഹാർ വടക്കേമുക്ക്, തുടങ്ങിയവർ നേതൃത്വം നൽകി.
ആരോഗ്യവകുപ്പ് പൂർണ പരാജയം: എസ്.പ്രശാന്ത്
സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് പരാജയമാണെന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ചേരിക്കോണത്തെ സഹോദരിമാരുടെ മരണമെന്ന് ബി.ജെ.പി വെസ്റ്റ് ജില്ല പ്രസിഡന്റ് എസ്.പ്രശാന്ത് പറഞ്ഞു. നിലവിൽ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ചികിത്സയുടെ ചെലവ് സർക്കാർ വഹിക്കണം. വേനൽക്കാലത്തു മഞ്ഞപ്പിത്തം വ്യാപകമായി പടരാനുള്ള സാദ്ധ്യത മുന്നിൽ കണ്ട് ജില്ലയിൽ ഒരിടത്തും മുൻ കരുതൽ സ്വീകരിച്ചില്ല. ചേരിക്കോണത്തെ പ്രശ്നം പല തവണ വാർഡ് മെമ്പർ പഞ്ചായത്തിലെ ആരോഗ്യ വിഭാഗത്തെയും, ഭരണ സമിതിയെയും അറിയിച്ചെങ്കിലും നിസാരമായി അവഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |