പുതിയ എസ്റ്റിമേറ്റ് പരിഷ്കരിക്കണം
കൊല്ലം: മയ്യനാട് ആർ.ഒ.ബി നിർമ്മാണത്തിനുള്ള നടപടികൾ, തടസങ്ങളിൽ തട്ടി ഇഴയുന്നു. അടുത്തിടെ തയ്യാറാക്കിയ പുതിയ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പിന്റെ 2021ലെ ഷെഡ്യൂൾ നിരക്ക് പ്രകാരം പരിഷ്കരിക്കണമെന്നതും കെ.എസ്.ഇ.ബി പോസ്റ്റുകളും ലൈനുകളും മാറ്റാനുള്ള എസ്റ്റിമേറ്റ് ചുരുക്കണമെന്ന കിഫ്ബി നിർദ്ദേശവുമാണ് പുതിയ കുരുക്കുകൾ.
കഴിഞ്ഞ വർഷം നവംബറിലാണ് പരിഷ്കരിച്ച എസ്റ്റിമേറ്റ് സാങ്കേതിക അനുമതിക്കായി നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ കിഫ്ബിക്ക് സമർപ്പിച്ചത്. ഇതിനിടയിലാണ് പൊതുമരാമത്ത് ഷെഡ്യൂൾ 2021ലെ നിരക്ക് അടിസ്ഥാനമാക്കി പരിഷ്കരിക്കാൻ തുടങ്ങിയത്. ഇതിനു പിന്നാലെ, വൈദ്യുതി ലൈനുകൾ മാറ്റാനുള്ള എസ്റ്റിമേറ്റ് ചുരുക്കാൻ കെ.എസ്.ഇ.ബി നിർദ്ദേശിച്ചു. ഈ രണ്ട് നടപടികളും പൂർത്തിയാക്കി കിഫ്ബിയുടെ സാങ്കേതികാനുമതി ലഭിക്കാൻ ഇനിയും മാസങ്ങൾ കാത്തിരിക്കേണ്ടി വരും.
2018ൽ തയ്യാറാക്കിയ വിശദ രൂപരേഖ അടിസ്ഥാനമാക്കിയാണ് മയ്യനാട് ആർ.ഒ.ബിക്ക് കിഫ്ബി നേരത്തേ അനുമതി നൽകിയത്. സ്ഥലമേറ്റെടുക്കൽ നടപടികൾ നീണ്ടതോടെ പഴയ എസ്റ്റിമേറ്റ് പ്രകാരം ടെണ്ടർ ചെയ്യാൻ കഴിയാത്ത അവസ്ഥയായി. സർക്കാർ ഉടമസ്ഥതയിലുള്ള വെള്ളമണൽ സ്കൂളിന്റെ ഭൂമി കൈമാറൽ മാസങ്ങളോളം നീണ്ടത് സ്ഥലമേറ്റെടുക്കൽ നടപടികളുടെ പൂർത്തീകരണം ഏറെ വൈകിപ്പിച്ചു.
എട്ട് വർഷത്തെ പഴക്കം
ഭരണാനുമതി ലഭിച്ചത് 2017 ജൂലായ്
കിഫ്ബി ഡി.പി.ആർ അംഗീകരിച്ചത് 2018 ഒക്ടോബറിൽ
ജി.എ.ഡി അംഗീകരിച്ചത് 2024 ജനുവരിയിൽ
പുതിയ എസ്റ്റിമേറ്റ് ടി.എസ് കമ്മിറ്റി അംഗീകരിച്ചത് 2024 ഒക്ടോബറിൽ
പുതിയ എസ്റ്റിമേറ്റ് കിഫ്ബിക്ക് കൈമാറിയത് 2024 നവംബറിൽ
വെള്ളമണൽ സ്കൂളിന്റെ ഭൂമി കൈമാറിയത് 2025 ഫെബ്രുവരിയിൽ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |