തിരുവനന്തപുരം: പേരൂർക്കട സ്റ്റേഷനിൽ അസഭ്യവർഷം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തത് രണ്ടു വനിതകൾഅടക്കം നാലു പൊലീസുകാരാണെന്ന് ബിന്ദു. സിവിൽ പൊലീസ് ഓഫീസർ പ്രസന്നനാണ് കഠിനമായ മാനസിക പീഡനത്തിന് ഇരയാക്കിയത്. ടോയ്‌ലറ്റിലെ വെള്ളം കുടിക്കാൻ പറഞ്ഞത് പ്രസന്നനാണ്. തന്റെ നിറവും ജാതിയുമാണ് പീഡനത്തിന് കാരണമായതെന്നും ബിന്ദു വ്യക്തമാക്കി.
എസ്.ഐ പ്രസാദടക്കം മാലക്കള്ളി എന്നു വിളിച്ച് അസഭ്യം പറഞ്ഞു. ഭർത്താവിനെ അറിയിക്കണമെന്ന് കേണുപറഞ്ഞിട്ടും കേട്ടില്ല. സ്വർണംകിട്ടിയെന്ന് പരാതിക്കാരി അറിയിച്ച ശേഷവും തെറിവിളി തുടർന്നു. പരാതിക്കാരി കേസില്ലെന്ന് അറിയിച്ചതിനാൽ വിടുന്നതായും ഇനി കവടിയാർ, അമ്പലംമുക്ക് ഭാഗങ്ങളിൽ കണ്ടുപോവരുതെന്നും താക്കീത് നൽകി.
കുടപ്പനക്കുന്ന് എൻ.സി.സി റോഡിൽ ബഥേൽ വീട്ടിൽ ഓമന ഡാനിയേലായിരുന്നു പരാതിക്കാരി. ഓമനയുടെ വീട്ടിൽ മൂന്നു ദിവസം ജോലിചെയ്തതിന്റെ കൂലി നൽകാനെന്ന് പറഞ്ഞാണ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഭീകരമായ മാനസിക പീഡനവും തെറിവിളിയും സഹിക്കാനാവാതെ ഒരു ഘട്ടത്തിൽ മാലയെടുത്തെന്ന് ഒരു ദുർബല നിമിഷത്തിൽ പറഞ്ഞുപോയി. അത്ര ക്രൂരമായാണ് പെരുമാറിയത്. മാലയെടുത്തില്ലെന്ന് കാലുപിടിച്ച് പറഞ്ഞിട്ടും എസ്.ഐ പ്രതിയാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. ഭർത്താവും സഹോദരിയുടെ മക്കളും സ്റ്റേഷനിലെത്തിയിട്ടും കാണാൻ അനുവദിച്ചില്ല. - ബിന്ദു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |