ജയ്പൂർ: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഏഴ് മാസത്തിനിടെ 25ഓളം പുരുഷന്മാരെ വിവാഹം കഴിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭോപ്പാലിൽ നിന്ന് രാജസ്ഥാൻ പൊലീസാണ് അനുരാധ എന്ന യുവതിയെ പിടികൂടിയത്. വിവാഹതട്ടിപ്പുമായി ബന്ധപ്പെട്ട് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ശേഷം പണവും സ്വർണവും മോഷ്ടിച്ച് കടന്നുകളയുന്നതാണ് യുവതിയുടെ രീതി. എല്ലാവരെയും വിവാഹം കഴിക്കുന്നതിലൂടെ മോഷണം മാത്രമായിരുന്നു അനുരാധയുടെ ലക്ഷ്യം.
വലിയ വിവാഹതട്ടിപ്പ് റാക്കറ്റിന്റെ ഭാഗമാണ് യുവതിയെന്ന് പൊലീസ് പറയുന്നു. വിവാഹം നടക്കാത്ത നിരാശരായ യുവാക്കളെയാണ് യുവതി ലക്ഷ്യം വച്ചിരുന്നത്. ഇവരുമായുള്ള വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളയുകയാണ് യുവതി ചെയ്തത്. തന്റെ പ്രവർത്തനരീതിയിൽ അനുരാധ മികവ് പുലർത്തിയിരുന്നുവെന്ന് മാൻപൂർ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥ മീത്ത ലാൽ പറഞ്ഞു. പലരുമായും നിയമപരമായാണ് വിവാഹം കഴിച്ചത്. ശേഷം വരന്റെ വീട്ടിൽ കുറച്ച് ദിവസം താമസിച്ചതിന് ശേഷം രാത്രിയുടെ മറവിൽ സ്വർണവും പണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളയുമെന്ന് പൊലീസ് ഉദ്യോഗസ്ഥ വ്യക്തമാക്കി.
രാജസ്ഥാനിലെ സവായി മധോപൂർ സ്വദേശി വിഷ്ണു ശർമ്മ എന്ന യുവാവ് അനുരാധയ്‌ക്കെതിരെ പരാതി നൽകിയതോടെയാണ് ഈ വിവരം പുറത്തറിയുന്നത്. സുനിത, പപ്പു മീന എന്നീ രണ്ട് ഏജന്റുമാർക്ക് താൻ രണ്ട് ലക്ഷം രൂപ നൽകിയതായും, അവർ തനിക്ക് അനുയോജ്യമായ ഒരു പങ്കാളിയെ ഏർപ്പാട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായും ശർമ്മ പറഞ്ഞു. ഈ രണ്ട് ഏജന്റുമാരാണ് അനുരാധയെ വധുവായി എത്തിച്ചത്. ഏപ്രിൽ 20ന് ഇവർ തമ്മിലുള്ള വിവാഹം നടന്നു. രണ്ട് ദിവസത്തിന് ശേഷം യുവതി വിഷ്ണുവിന്റെ വീട്ടിലെ വിലപിടിപ്പുള്ള സാധനങ്ങളുമായി കടന്നുകളഞ്ഞു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിലാണ് അനുരാധ ജോലി ചെയ്തിരുന്നത്. കുടുംബ തർക്കത്തെത്തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറി. അവിടെ നിന്നാണ് വിവാഹതട്ടിപ്പ് സംഘത്തിന്റെ കൂട്ടത്തിൽ അനുരാധ എത്തുന്നത്. ഈ ഏജന്റുമാർ രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെ ബ്രോക്കർ ഫീസ് വാങ്ങിച്ചാണ് അനുരാധയെ പോലുള്ള യുവതികളുമായി വിവാഹം നടത്തിക്കൊടുക്കുന്നത്. ഈ വിവാഹത്തിന് ശേഷം വധു ഒരാഴ്ചകൊണ്ട് മോഷണം നടത്തി സ്ഥലം കാലിയാക്കും. ഭോപ്പാലിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള റോഷ്നി, രഘുബീർ, ഗോലു, മജ്ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |