കൊച്ചി: ചാലക്കുടിപ്പുഴയിൽ അമ്മ മൂന്നുവയസുകാരിയെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വെളിപ്പെടുത്തലുകളുമായി അയൽവാസി. കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടിൽ സുഭാഷിന്റെ മകൾ കല്യാണിയാണ് കൊല്ലപ്പെട്ടത്. കുഞ്ഞിന്റെ അമ്മ സന്ധ്യ നേരത്തെയും കൊലപാതക ശ്രമങ്ങൾ നടത്തിയിരുന്നുവെന്നാണ് അയൽവാസിയും ബന്ധുവുമായ അശോകൻ വെളിപ്പെടുത്തിയത്.
'സന്ധ്യ അധികം ആരോടും സംസാരിക്കുന്ന ആളല്ല. കുട്ടികളെ ടോർച്ചുകൊണ്ട് തലയ്ക്കടിച്ചിട്ടുണ്ട്. ഐസ്‌ക്രീമിൽ വിഷം കലർത്തി കുഞ്ഞിനെ നേരത്തെയും കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് ഒച്ചയുണ്ടാക്കിയത് മൂത്ത കൊച്ചാണ്. സുഭാഷിന്റെ അമ്മ ഇതുകണ്ട് പേടിച്ച് സന്ധ്യയെയും മക്കളെയും സ്വന്തം വീട്ടിൽ കൊണ്ടാക്കി. അന്ന് പൊലീസിലും പരാതി നൽകിയിരുന്നു. അവർ കൗൺസലിംഗിന് വിട്ടു. സന്ധ്യയ്ക്ക് മാനസിക ബുദ്ധിമുട്ടുണ്ടെന്ന് തോന്നിയിട്ടില്ല. സന്ധ്യയുടെ അമ്മയുടെയും സഹോദരിയുടെയും പെരുമാറ്റത്തിൽ സംശയമുണ്ട്'- എന്നാണ് അശോകൻ വെളിപ്പെടുത്തുന്നത്.
സന്ധ്യയ്ക്ക് മാനസിക പ്രശ്‌നമില്ലെന്നും എന്നാൽ മുൻപും കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഭർത്താവ് സുഭാഷും പറഞ്ഞു. 'സന്ധ്യയുടെ അമ്മയ്ക്കും സഹോദരിക്കും സംഭവത്തിൽ പങ്കുണ്ടെന്ന് സംശയമുണ്ട്. അവർ പറയുന്നത് മാത്രമേ സന്ധ്യ അനുസരിക്കാറുള്ളൂ. സന്ധ്യ നേരത്തെയും കുഞ്ഞിനെ ഉപദ്രവിച്ചിട്ടുണ്ട്. ടോർച്ചുവച്ച് കുഞ്ഞിന്റെ തലയ്ക്ക് അടിച്ചതിനെത്തുടർന്ന് സന്ധ്യയെ സ്വന്തം വീട്ടിൽ കൊണ്ടുവിട്ടിരുന്നു. ഒരുമാസം മുൻപാണ് പ്രശ്നങ്ങൾ പരിഹരിച്ച് തിരികെ വന്നത്'- സുഭാഷ് വ്യക്തമാക്കി.
കുഞ്ഞിനെ പുഴയിൽ എറിഞ്ഞ് കൊലപ്പെടുത്തിയെന്ന് സന്ധ്യ സമ്മതിച്ചായി പൊലീസ് അറിയിച്ചു. എന്തിന് കൊന്നു എന്ന ചോദ്യത്തിന് ഞാൻ കൊന്നു എന്ന് ഭാവഭേദമില്ലാതെയാണ് സന്ധ്യ മറുപടി നൽകിയത്. മാനസികാരോഗ്യ വിദഗ്ദ്ധൻ പൊലീസ് സ്റ്റേഷനിലെത്തി സന്ധ്യയുടെ മാനസിക നില പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |