കൊച്ചി: മൂന്ന് വയസുകാരിയെ പുഴയിലെറിഞ്ഞ് കൊലപ്പെടുത്തിയ സംഭവത്തിൽ കുട്ടിയുടെ അമ്മ സന്ധ്യയുടെ (35) അറസ്റ്റ് രേഖപ്പെടുത്തി. സന്ധ്യയെ അൽപസമയത്തിനകം വിശദമായി ചോദ്യം ചെയ്യും. കുടുംബ പ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കോലഞ്ചേരി വരിക്കോലി മറ്റക്കുഴി കീഴ്പ്പിള്ളി വീട്ടിൽ സുഭാഷിന്റെ മകൾ കല്യാണിയാണ് കൊല്ലപ്പെട്ടത്. മൂന്നുവയസുകാരിയുടേത് മുങ്ങിമരണമാണെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ശ്വാസകോശത്തിലടക്കം വെള്ളം കയറിയിട്ടുണ്ട്. കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായെന്നും റിപ്പോർട്ടിലുണ്ട്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കല്യാണിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃതദേഹം സംസ്‌കരിച്ചു.
അങ്കണവാടിയിലായിരുന്ന കല്യാണിയെ കൊണ്ടുപോകാൻ ഇന്നലെ വൈകിട്ട് മൂന്നേകാലോടെയാണ് സന്ധ്യ എത്തിയത്. ഈ സമയം കുട്ടി ഉറക്കം കഴിഞ്ഞ് പാല് കുടിക്കുകയായിരുന്നു. ലഡുവും അൽപം ഗോതമ്പ് ഉപ്പുമാവും കഴിച്ചശേഷമാണ് കുട്ടി അമ്മയുടെ കൈയും പിടിച്ച് സന്തോഷത്തോടെ പോയത്. ആ യാത്ര മരണത്തിലേക്കായിരിക്കുമെന്ന് ആരും കരുതിയില്ല.
മകളെ കൊലപ്പെടുത്തിയ ശേഷവും സന്ധ്യയ്ക്ക് യാതൊരു കൂസലുമുണ്ടായിരുന്നില്ല. കുഞ്ഞിനെ മൂഴിക്കുളം പാലത്തിന് സമീപം ഉപേക്ഷിച്ചു എന്നായിരുന്നു പ്രതി പൊലീസിനോട് പറഞ്ഞത്. തുടർന്ന് പൊലീസിന്റയും ഫയർഫോഴ്‌സിന്റെയും നേതൃത്വത്തിൽ പുഴയിലും സമീപത്തും തെരച്ചിൽ നടത്തി. തെരച്ചിലിനായി സ്കൂബ ഡൈവിംഗ് സംഘവും എത്തിയിരുന്നു. പുഴയിൽ നിന്നാണ് മുങ്ങൽ വിദ്ഗ്ധർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. യുവതി മാനസികാസ്വാസ്ഥ്യം നേരിട്ടിരുന്നതായി ബന്ധുക്കൾ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |