തിരുവനന്തപുരം :ആറു മാസം തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ കാർഡുകൾ താത്കാലികമായി മരവിപ്പിക്കാനുള്ള കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ ചട്ടഭേദഗതി നിലവിൽ വന്നതോടെ, അടുത്ത തവണ കേന്ദ്രം നൽകുന്ന റേഷൻ വിഹിതം കുറയും. കാർഡുകളുടെയും, അതിൽ ഉൾപ്പെട്ട അംഗങ്ങളുടെയും എണ്ണം കണക്കാക്കിയാവും വിഹിതം കുറയ്ക്കുക.
തുടർച്ചയായി റേഷൻ വാങ്ങാത്തവരുടെ എണ്ണം ശേഖരിച്ച് കാർഡ് മരവിപ്പിക്കാനുള്ള നീക്കം സംസ്ഥാനം ഉടനെ ആരംഭിക്കും.റേഷൻ വാങ്ങാത്തവരിൽ ഏറ്റവും കൂടുതലുള്ളത് വെള്ള , നീല കാർഡുടമകളാണ് . ഈ വിഭാഗത്തിലെ കാർഡുടമകൾക്ക് സംസ്ഥാന സർക്കാർ പണം നൽകിയാണ് കേന്ദ്രത്തിൽ നിന്നും ഭക്ഷ്യധാന്യം വാങ്ങി വിതരണം ചെയ്യുന്നത്. ഈ വിഭാഗത്തിൽ ഓരോ മാസവും ശരാശരി 17 ശതമാനം കാർഡുടമകളാണ് റേഷൻ
വാങ്ങാതിരിക്കുന്നത്.എന്നാൽ മഞ്ഞ, പിങ്ക് കാർഡുടമകളിലെ 96 ശതമാനവും ഓരോ മാസവും റേഷൻ വാങ്ങുന്നുണ്ട്. തുടർച്ചയായി മൂന്നു മാസം റേഷൻ വാങ്ങാത്ത ഈ വിഭാഗത്തിൽപ്പെട്ടവരെ ഒഴിവാക്കുന്ന രീതി നിലവിലുള്ളതിനാൽ ഈ വിഭാഗത്തിലുള്ളവർ ഒരു മാസം റേഷൻ വാങ്ങാൻ സാധിക്കാതെ വന്നാൽ അടുത്ത മാസം വാങ്ങാറുണ്ട്.
കേരളത്തിൽ ഓരോ മാസവും ശരാശരി 17.65 ലക്ഷം കാർഡുടമകൾ റേഷൻ വാങ്ങുന്നില്ലെന്നാണ് കണ്ടെത്തൽ .95.05 ലക്ഷം കാർഡുടമകളിൽ 78.33 ലക്ഷം കാർഡുടമകളാണ് കഴിഞ്ഞ മാസം റേഷൻ വാങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |