പാണത്തൂർ(കാസർകോട്): പതിനേഴുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതി ബാപ്പുംകയത്തെ ബിജു പൗലോസിനെ മൃതദേഹം താഴ്ത്തി എന്ന് പറയുന്ന ചിറങ്കടവ് പവിത്രംകയം പാലത്തിനടിയിൽ തെളിവെടുപ്പിന് എത്തിച്ചു. ക്രൈം ബ്രാഞ്ച്, റവന്യു ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ഫയർ ഫോഴ്സ് സ്കൂബ ടീമാണ് പുഴയിൽ പരിശോധന നടത്തിയത്. മൂന്നു ദിവസത്തേക്കാണ് ഹോസ്ദുർഗ് കോടതി പ്രതിയെ കസ്റ്റഡിയിൽ വിട്ടത്. പെൺകുട്ടിയുടെ തുണികളും മറ്റ് സാധനങ്ങളും സൂക്ഷിച്ചിരുന്ന ചിറങ്കടവ് അമ്മ വീട്ടിലും തെളിവെടുപ്പ് നടത്തി. വീട് ജപ്തിയായ സാഹചര്യത്തിൽ പാണത്തൂർ ജില്ലാ ബാങ്ക് ബ്രാഞ്ച് മാനേജരുടെ നേതൃത്വത്തിലാണ് വീട് തുറന്ന് പരിശോധന നടത്തിയത്. പ്രതിയുടെ വീടും പരിസരവും പരിശോധിച്ചു. തുളുർവനത്ത് ഭഗവതി ക്ഷേത്രത്തിനു സമീപം പാലത്തിൽ നിന്നു പെൺകുട്ടിയുടെ ബാഗും മറ്റു സാധനങ്ങളും പുഴയിലേക്ക് കളഞ്ഞതായാണ് പ്രതി മൊഴി നൽകിയിരുന്നത്.
മകളുടെ കൊലയുമായി ഒരു ബാറുടമയ്ക്കു ബന്ധം ഉണ്ടെന്ന മാതാപിതാക്കളുടെ ആരോപണം ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചുവരികയാണ്. നേരത്തെ ഹൈക്കോടതിയെ ഇക്കാര്യം കുട്ടിയുടെ രക്ഷിതാക്കൾ ബോധിപ്പിച്ചിരുന്നു. ബിജു പൗലോസിനെ കൂടുതൽ ചോദ്യം ചെയ്യുന്നതോടെ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടൽ. ഈ വ്യവസായി ഇപ്പോൾ കർണാടകയിലാണെന്നാണ് വിവരം. പെൺകുട്ടിയെ കൂടുതൽ പേർ പീഡിപ്പിച്ചുവെന്ന സംശയവും അന്വേഷണസംഘത്തിനുണ്ട്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. മധുസൂദനൻനായരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |