തിരുവനന്തപുരം : കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലിൽ താമസിപ്പിച്ച എസ്.ഐക്ക് സസ്‌പെൻഷൻ. മ്യൂസിയം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഷെഫിനെതിരെയാണ് നടപടി.
ബാഴ്സലോണയിൽ എം.ബി.ബി.എസിന് പ്രവേശനം വാഗ്ദാനംചെയ്ത് വഴുതക്കാട് സ്വദേശിയിൽ നിന്ന് 15 ലക്ഷം തട്ടിയെടുത്ത കേസിലെ മൂന്നാം പ്രതിയായ അർച്ചന ഗൗതമിനാണ് വഴിവിട്ട സഹായംനൽകിയത്. പരാതിക്കാരാണ് എസ്.ഐയുടെ നടപടിക്കെതിരെയും സിറ്റിപൊലീസ് കമ്മിഷണറെ സമീപിച്ചത്.
കമ്മിഷണറുടെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ചാണ് എസ്.ഐക്ക് എതിരായ ആരോപണം അന്വേഷിച്ചത്. ഒപ്പമുണ്ടായിരുന്ന ഒരു വനിത കോൺസ്റ്റബിൾ, സിവിൽ പൊലീസ് ഓഫീസർ എന്നിവർക്കെതിരെയും നടപടിയുണ്ടായേക്കും.
മറ്റൊരു കേസിൽ ഉത്തരാഖണ്ഡിലെ ഹരിദ്വാർ ജയിലിലായിരുന്നു അർച്ചന ഗൗതം. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തിരുവനന്തപുരം സി.ജെ.എം കോടതിയിൽ ഹാജരാക്കി. തിരികെ ഹരിദ്വാർ ജയിലിലേക്ക് കൊണ്ടുപോയ പ്രതിയെ കോടതിയിൽ ഹാജരാക്കാതെ രണ്ടു ദിവസം ഡൽഹിയിൽ ഹോട്ടലിൽ താമസിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദിൽ സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തിൽ ഇരുത്തിയ ശേഷം വിവര ശേഖരണത്തിനെന്നപേരിൽ ഷെഫിൻ പോയതായും അന്വേഷണത്തിൽ കണ്ടത്തി. ഒന്നര മണിക്കൂർ ഇവർ വാഹനത്തിലിരിക്കേണ്ടിവന്നു.
പ്രതിയുടെ ചെലവിൽ ഫ്ലൈറ്റിലാണ് എസ്.ഐയും സംഘവും തിരികെയെത്തിയത്. എന്നാൽ, ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുകയും ഇത് സി.ഐക്ക് മുമ്പാകെ ഹാജരാക്കുകയും ചെയ്തിരുന്നു. ഫ്ലെൊറ്റിൽ നാട്ടിലെത്തിയ വിവരം സ്റ്റേഷനിൽ അറിയിച്ചില്ല. പകരം അനധികൃത അവധിയിൽ തുടർന്നു. തട്ടിപ്പുകേസിൽ പരാതി നൽകിയ വഴുതക്കാട് സ്വദേശിയാണ് പ്രതിക്ക് എസ്.ഐ ഒത്താശ ചെയ്തതായുള്ള വിവരങ്ങൾ തെളിവുസഹിതം സിറ്റിപൊലീസ് കമ്മിഷണർക്ക് കൈമാറിയത്. ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിക്കുക മാത്രമാണുണ്ടായതെന്നാണ് ഇവരുടെ നിലപാട്.
സിനിമയിൽ അഭിനയിക്കാൻ മുങ്ങി!
ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി അവധിയെടുത്ത് വകുപ്പുതല അനുമതി വാങ്ങാതെ എസ്.ഐ ഷെഫിൻ ഇടുക്കിയിൽ സിനിമയിൽ അഭിനയിക്കാനും പോയി. ഉത്തരാഖണ്ഡിൽ നിന്ന് നാട്ടിലെത്തി ഒരാഴ്ചയ്ക്കു ശേഷമാണ് സിനിമയിൽ അഭിനയിക്കാനായി നാലു ദിവസം അനധികൃത അവധിയെടുത്ത് മുങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |