ആലുവ: ജലാശയങ്ങളിലെ സേവന പ്രവർത്തനങ്ങളിൽ ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര സ്‌കൂബ ടീം നാടിനാകെ മാതൃക. പണമോ പാരിതോഷികങ്ങളോ പ്രതീക്ഷിക്കാതെ സേവനമായിട്ടാണ് സ്കൂബാ ടീമിന്റെ പ്രവർത്തനം. സംഘടന രൂപീകൃതമായി കഴിഞ്ഞ ആറ് വർഷത്തിനിടെ പുഴയുടെ ആഴങ്ങളിൽ നിന്ന് മുങ്ങിയെടുത്തത് 70ഓളം മൃതദേഹങ്ങൾ.
പലപ്പോഴും പൊലീസും ഫയർഫോഴ്സും പകച്ചുനിൽക്കുമ്പോഴാണ് യു.കെ സ്കൂബ ടീം രക്ഷകരായെത്തുന്നത്. യു.കെ സ്കൂബ ടീം തന്നെയാണ് ചാലക്കുടി പുഴയിൽ നിന്ന് മാതാവ് വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയ കല്യാണിയുടെ മൃതദേഹവും ഇന്നലെ പുലർച്ചെ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാത്രി 11.45നാണ് ആലുവ ഡിവൈ.എസ്.പി പി.കെ. രാജേഷിന്റെ ഫോൺ സന്ദേശം സ്കൂബ ടീം കോഓർഡിനേറ്റർ നിയാസ് കപ്പൂരിക്ക് ലഭിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പിൽ അറിയിച്ചപ്പോൾ കോരിച്ചൊരിയുന്ന മഴയായിട്ടും ഒമ്പത് പേർ തെരച്ചിലിന് തയ്യാറായി. 12.30ഓടെ മൂഴിക്കുളത്തെത്തി. പൊലീസ് നിർദ്ദേശമനുസരിച്ച് വഞ്ചി ഉപയോഗിച്ച് തെരച്ചിലാരംഭിച്ചു. കംപ്രസർ ഹെൽമെറ്റ് ഉപയോഗിച്ചുള്ള തെരച്ചിലിൽ 2.20ഓടെ നാലാം റൗണ്ടിൽ മൃതദേഹം കണ്ടെത്തി. 36 അടിയോളം ആഴത്തിൽ മൃതദേഹം മരകൊമ്പിൽ തടഞ്ഞുകിടക്കുകയായിരുന്നു.
മുൻകാലങ്ങളിൽ മണൽ വാരൽ തൊഴിലാളികളെയാണ് ഇത്തരം സന്ദർഭങ്ങളിൽ പൊലീസ് ഉപയോഗപ്പെടുത്തിയിരുന്നത്. ഇപ്പോൾ മണൽ വാരൽ തൊഴിലാളികൾ ഇല്ലാത്തതിനാൽ ഉളിയന്നൂർ - കുഞ്ഞുണ്ണിക്കര സ്വദേശികളായ യുവാക്കൾ 18 പേർ ചേർന്ന് സ്കൂബ ടീം രൂപീകരിക്കുകയായിരുന്നു. പഴയ മണൽ വാരൽ തൊഴിലാളികൾ പരിശീലനവും നൽകി. ഒരു വർഷം മുമ്പ് മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് പുഴയിൽ ചാടിയ കമിതാക്കളിൽ യുവതിയെ രക്ഷിക്കാനും ഇതേസംഘത്തിന് കഴിഞ്ഞിരുന്നു. യുവാവിനെയും രക്ഷപ്പെടുത്തിയെങ്കിലും ആശുപത്രിയിൽ മരിച്ചു.
കോഓഡിനേറ്റർ നിയാസ് കപ്പൂരി, ടീം ക്യാപ്റ്റൻ അൻസാരി ചാലിയേലി, വൈസ് ക്യാപ്റ്റൻ നൗഷാദ് കരിമ്പേലി, സുധീർ ബുഹാരി, ലത്തീഫ് ചക്കാലക്കുഴി, ഷമീർ കുറുപ്പത്ത്, യഹിയ കപ്പൂരി, കെ.ബി. റഫീക്ക്, ആദിൽ കരിമ്പേലി എന്നിവരാണ് ഇന്നലെ മൂഴിക്കുളത്ത് തെരച്ചിലിനെത്തിയത്. വയനാട് ദുരന്തമേഖലയിൽ ആദ്യ ദിവസങ്ങളിൽ തന്നെ പുഴയിലെ തെരച്ചിലിന് യു.കെ സ്കൂബ ടീം ഉണ്ടായിരുന്നു. 50,000 രൂപ വരുന്ന കംപ്രസർ ഹെൽമെറ്റ് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾമുത്തലിബ് ഇടപെട്ട് നെസ്റ്റ് ഗ്രൂപ്പാണ് സ്പോൺസർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |