കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചപ്പോൾ ജില്ലയിൽ ലഭിച്ചത് 38,480 അപേക്ഷകൾ. ഏഴ് താലൂക്കുകളിലായി ആകെ 37,900 സീറ്റാണ് ജില്ലയിലുള്ളത്. കഴിഞ്ഞ തവണ 32,225 പേർ മാത്രമാണ് സയൻസ്, കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഭാഗങ്ങളിലായി പ്ലസ് വണ്ണിൽ അഡ്മിഷൻ നേടിയത്.
ഇത്തവണ അപേക്ഷിച്ചതിൽ 34,057 പേർ എസ്.എസ്.എൽ.സി വിജയികളും 3,357 പേർ സി.ബി.എസ്.ഇ വിജയികളും 372 പേർ ഐ.സി.എസ്.ഇ വിജയികളുമാണ്. 694 പേർ അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും അന്യ സംസ്ഥാനങ്ങളിലെ ടെക്‌നിക്കൽ സ്ട്രീമിൽ നിന്നുള്ളവരുമാണ്. മോഡൽ റസിഡൻസ് സ്‌കൂളുകളിൽ നിന്നുള്ള 28 പേരും അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷം അയ്യായിരത്തിലേറെ സീറ്റുകൾ ഒഴിഞ്ഞു കിടന്നതിനാൽ ഇത്തവണ അപേക്ഷിച്ചവരിൽ എത്ര പേർ തുടരും എന്നതാണ് അധികൃതർ ഉറ്റു നോക്കുന്നത്.
ആശങ്ക വേണ്ട
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച ആർക്കും ആശങ്ക വേണ്ടെന്ന് ജില്ലാ ഹയർ സെക്കൻഡറി വിഭാഗം അറിയിച്ചു. അപേക്ഷയിൽ തെറ്റുണ്ടായാൽ ട്രയൽ അലോട്ട്മെന്റിനു ശേഷവും തിരുത്താനുള്ള അവസരമുണ്ട്. ആദ്യം നൽകിയ ചോയ്‌സുകൾ ട്രയൽ അലോട്ട്മെന്റിനു ശേഷം മാറ്റാം. കാസ്റ്റ് റിസർവേഷൻ വരെ നോക്കി ചോയ്‌സ് തിരുത്താം.
കഴിഞ്ഞ വർഷം ഇങ്ങനെ
സയൻസിന് 21,300 സീറ്റുകളിൽ 18,473 പേർ മാത്രമാണ് പ്രവേശനം നേടിയത്, 2,827 സീറ്റുകളിൽ ആളെത്തിയില്ല. കൊമേഴ്സിന് 11,660 സീറ്റിൽ പ്രവേശനം നേടിയത് 9,847 പേർ. 1,813 സീറ്റ് ഒഴിവു വന്നു. ഹ്യുമാനിറ്റീസിന് 4,940ൽ 3,905 സീറ്റുകളിൽ വിദ്യാർത്ഥികൾ പ്രവേശനം നേടിയപ്പോൾ 1,035 സീറ്റുകൾ ഒഴിഞ്ഞു കിടന്നു.
പ്ലസ് വൺ പ്രവേശനം
ട്രയൽ അലോട്ട്‌മെന്റ്: മേയ് 24
ആദ്യ അലോട്ട്‌മെന്റ് : ജൂൺ 2
രണ്ടാം അലോട്ട്‌മെന്റ്: ജൂൺ 10
മൂന്നാം അലോട്ട്‌മെന്റ് : ജൂൺ 16
ക്ലാസുകൾ ആരംഭിക്കുന്നത്: ജൂൺ 18
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |