ന്യൂയോർക്ക്: ഭൂമിയിലെ ഏതെങ്കിലും രാജ്യത്ത്‌നിന്നോ ഭൂമിക്കുപുറത്ത് ബഹിരാകാശത്ത് നിന്നോ ഇനി അമേരിക്കയ്‌ക്ക് നേരെ മിസൈൽ ആക്രമണമുണ്ടാകില്ല. അത്തരമൊരു പദ്ധതി വഴി രാജ്യസുരക്ഷയുറപ്പിക്കുമെന്ന് പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗോൾഡൻ ഡോം എന്ന മിസൈൽ പ്രതിരോധ സംവിധാനത്തെ കുറിച്ചാണ് ട്രംപ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഭൂമിയിൽ നിന്നോ ആകാശത്തുനിന്നോ അമേരിക്കയ്‌ക്ക് നേരെയുണ്ടാകുന്ന മിസൈൽ ആക്രമണങ്ങളെ തകർക്കാനാണ് ഗോൾഡൻ ഡോം സംവിധാനം.
യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സേത്തിനൊപ്പമാണ് ട്രംപ് നിർണായക പ്രഖ്യാപനം നടത്തിയത്. താൻ അധികാരം ഒഴിയുന്നതിന് മുൻപ് പദ്ധതി നടപ്പാക്കാൻ ശ്രമിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാദം. പദ്ധതിയുടെ തുടക്കം എന്ന നിലയിൽ 2500 കോടി ഡോളർ ഇതിനായി അനുവദിച്ചെന്ന് അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ഈ പദ്ധതിയിൽ കാനഡയും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
'ഒരിക്കൽ പൂർണമായും നിർമ്മിച്ചുകഴിഞ്ഞാൽ ഗോൾഡൻ ഡോം ലോകത്തിന്റെ മറുഭാഗത്തുനിന്നടക്കമുള്ള മിസൈലുകളെയും അഥവാ അവ ബഹിരാകാശത്ത് നിന്നും അയച്ചതായാൽ പോലും പ്രതിരോധിക്കാൻ സാധിക്കും.' ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഗോൾഡൻ ഡോമിന്റെ ഏകദേശ ഛായ എന്താകുമെന്ന് ട്രംപ് പറഞ്ഞില്ല. അമേരിക്കയ്‌ക്ക് നേരെയുള്ള മിസൈൽ ഭീഷണികളെ എന്നന്നേക്കുമായി അവസാനിപ്പിക്കും എന്നാണ് ട്രംപ് പറയുന്നത്. ചെറുത്, മീഡിയം, വലുത് എന്നിങ്ങനെ മൂന്ന് തരത്തിലുള്ളവയെയാണ് ഗോൾഡൻ ഡോം മാതൃകകളാണ് പെന്റഗൺ, പ്രസിഡന്റിന് മുന്നിൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ ഏത് വലുപ്പം വേണമെന്ന് ട്രംപ് ഇതുവരെ തീരുമാനിച്ചിട്ടില്ല.
അമേരിക്കൻ സ്‌പേസ് ഫോഴ്‌സിലെ ജനറൽ മൈക്കൽ ഗട്ട്‌ലിനാകും പദ്ധതിയുടെ മേൽനോട്ട ചുമതല. സൈനിക പേലോഡുകൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിക്കുന്നതിനുള്ള റോക്കറ്റുകൾ വിക്ഷേപിക്കാനും അടുത്തതലമുറ നിരീക്ഷണ ഉപഗ്രഹങ്ങൾ നിർമ്മിക്കാനും പ്രാപ്‌തിയുള്ള ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ് അടക്കം കമ്പനികളുടെ പങ്കാളിത്തം പദ്ധതിയിൽ ഉണ്ടാകുമെന്ന് കരുതുന്നു. അമേരിക്കൻ സൈന്യത്തിന് ഉപകരണങ്ങൾ നൽകുന്ന കമ്പനികളെയും ഇതിന്റെ നിർമ്മാണത്തിന് പരിഗണിക്കും.
ഗോൾഡൻ ഡോമിന്റെ പ്രവർത്തനം ഈ മൂന്ന് കാര്യങ്ങളെ ആസ്‌പദമാക്കിയാണ്:
ആഗോളതലത്തിൽ ലോകത്തെവിടെനിന്നും മിസൈൽ വിക്ഷേപണം കണ്ടെത്താൻ ഉപഗ്രഹങ്ങളുണ്ട്. മിസൈലുകളുടെ പ്രാരംഭഘട്ടത്തിൽ ഉപയോഗം പോലും കണ്ടെത്താൻ അതിന് കഴിയും. ബഹിരാകാശ സെൻസറുകളാണ് ഇതിന് ഉപയോഗിക്കുന്നത്.
ലക്ഷ്യസ്ഥാനം ലാക്കാക്കി പറക്കുന്നതിനിടെയുണ്ടാകുന്ന ഭീഷണികളെ അവ ഭൂതലത്തിൽ നിന്നുള്ളതോ ബഹിരാകാശത്ത് നിന്നുള്ളതോ ആയ മിസൈലുകളെ നിർവീര്യമാക്കാൻ ഇന്റർസെപ്‌റ്റർ ശൃംഖലയുണ്ട്. പ്രതിരോധ ശൃംഖലയിൽ പ്രതികരണങ്ങളുണ്ടാകുമ്പോൾ അവ ഏകോപിപ്പിക്കാൻ എഐ പവേർഡ് കമാന്റ് സിസ്‌റ്റമുണ്ട്.
ക്രൂസ് മിസൈലുകൾ, ബാലിസ്‌റ്റിക് മിസൈലുകൾ,ഡ്രോണുകൾ, ഹൈപ്പർസോണിക് മിസൈലുകൾ എന്നിവ പ്രതിരോധിക്കാൻ ഗോൾഡൻ ഡോമിന് പ്രാപ്‌തിയുണ്ടാകും. ഇസ്രയേൽ തയ്യാറാക്കിയ അയൺ ഡോമിന് തുല്യമായിരിക്കും അമേരിക്കയുടെ ഗോൾഡൻ ഡോം. വിജയസാദ്ധ്യത 100 ശതമാനത്തിന് അടുത്താണെന്ന് ട്രംപ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |