കണ്ണൂർ: പുതുതായി പണി നടക്കുന്ന ദേശീയപാത 66നോട് ചേർന്ന് കണ്ണൂരും കാസർകോടും മണ്ണിടിച്ചിൽ. കണ്ണൂരിൽ തളിപ്പറമ്പ് കുപ്പത്താണ് വീണ്ടും മണ്ണിടിഞ്ഞത്. ഇന്ന് രണ്ട് തവണ ഇവിടെ മണ്ണിടിഞ്ഞു. വാഹനങ്ങൾ കടന്നുപോകുന്ന സമയത്ത് തന്നെയാണ് അപകടമുണ്ടായത്. രാവിലെയും ഉച്ചയ്‌ക്കുമാണ് ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ജില്ലാ കളക്‌ടർ ഇതുവരെ മണ്ണിടിഞ്ഞ പ്രദേശം സന്ദർശിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പ്രതിഷേധിച്ചു. ഇവർ റോഡ് ഉപരോധിച്ചു.
പ്രശ്‌നമുണ്ടായിട്ടും ദേശീയപാത അതോറിറ്റി അധികൃതർ ഉടൻ സ്ഥലത്തെത്തിയില്ല. ദേശീയപാത നിർമ്മാണത്തിന് കുന്നിടിച്ച സ്ഥലത്താണ് ഇന്ന് രണ്ടുവട്ടം മണ്ണിടിഞ്ഞത്. സ്ഥലത്ത് സുരക്ഷയൊരുക്കും വരെ പ്രതിഷേധിക്കുമെന്നാണ് നാട്ടുകാരുടെ നിലപാട്. സ്ഥലത്ത് വീടുകളുള്ളവർ മഴ പെയ്യുമ്പോഴുള്ള ചെളിയും വെള്ളവും വീട്ടിൽ എത്തിയതിനെ തുടർന്ന് വിഷമിക്കുകയാണ്.വെള്ളം ഒഴുകിപ്പോകാൻ ഇടമില്ലാത്ത അവസ്ഥയാണ്.
കാസർകോട് കാഞ്ഞങ്ങാട് കൂളിയങ്കാവിലാണ് ദേശീയപാതയുടെ അപ്രോച് റോഡ് ഇടിഞ്ഞത്. ഇത് രണ്ടാം തവണയാണ് ഇവിടെയും റോഡ് ഇടിയുന്നത്. അപ്രോച് റോഡ് ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്നു. ഇതിനിടെ മലപ്പുറം കൂരിയാട് കഴിഞ്ഞദിവസം ദേശീയപാത 66ന്റെ അപ്രോച്ച് റോഡ് തകർന്ന സ്ഥലത്ത് ദേശീയ പാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം പരിശോധിച്ചു, ഡോ. അനിൽ ദീക്ഷിത്ത് (ജയ്‌പൂർ). ഡോ. ജിമ്മി തോമസ് (കൊച്ചി) എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.
അതേസമയം ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് ഉണ്ടായ അനിഷ്‌ടസംഭവങ്ങൾ തീർത്തും ദൗർഭാഗ്യകരമാണെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. വാർത്തയറിഞ്ഞ ഉടൻ ദേശീയ പാത അതോറിറ്റിയെ ബന്ധപ്പെട്ടിരുന്നതായും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |