ജുഡിഷ്യൽ സർവീസിലേക്ക് നേരിട്ട് വരുന്നവർക്ക് കോടതിയുടെ നടത്തിപ്പും മറ്റ് വ്യവഹാര പ്രക്രിയകളും സംബന്ധിച്ച് നല്ല പരിചയം ഇല്ലാത്തത് നിരവധി പ്രശ്നങ്ങൾക്ക് ഇടയാക്കിയിരുന്നു. അഭിഭാഷക പ്രാക്ടീസ് ഇല്ലാതെ ജുഡിഷ്യൽ സർവീസിൽ എത്തുന്നവരുടെ പല തീർപ്പുകളെയും അഭിഭാഷകർ കൂട്ടമായി എതിർക്കുന്ന സ്ഥിതിവിശേഷങ്ങളും ഉണ്ടായിട്ടുണ്ട്. പുതിയ നിയമ ബിരുദധാരികളെ നേരിട്ട് മജിസ്ട്രേട്ടുമാരായും മുൻസിഫുമാരായും നിയമിക്കരുതെന്നും ഇവരുടെ നിയമനത്തിന് അഭിഭാഷകവൃത്തിയിലെ പരിചയം നിർബന്ധമാക്കണമെന്നും ബാർ അസോസിയേഷനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നതാണ്. ഇക്കാര്യത്തിൽ സുപ്രീംകോടതി ഇപ്പോൾ അന്തിമ തീർപ്പ് കൽപ്പിച്ചിരിക്കുന്നു. അഭിഭാഷകരായി ചുരുങ്ങിയത് മൂന്നുവർഷം പ്രവർത്തിച്ചവർക്കു മാത്രമേ ഇനി മുതൽ ജുഡിഷ്യൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാനാവൂ എന്നാണ് സുപ്രീംകോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശം ഉൾപ്പെടുത്തി ചട്ടങ്ങളിൽ ഭേദഗതി വരുത്താൻ ഹൈക്കോടതികളോടും സംസ്ഥാന സർക്കാരുകളോടും സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
അതേസമയം, നിലവിൽ തുടങ്ങിവച്ച റിക്രൂട്ട്‌മെന്റുകളെ ഇത് ബാധിക്കില്ലെന്നും വിധിക്ക് മുൻകാല പ്രാബല്യമില്ലെന്നും ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ എ.ജി. മാസിഹ്, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷകരുടെ അനുഭവപരിചയം തെളിയിക്കാൻ ബന്ധപ്പെട്ട കോടതിയിലെ പ്രിൻസിപ്പൽ ജുഡിഷ്യൽ ഓഫീസറോ പത്തുവർഷമായി പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനോ സാക്ഷ്യപ്പെടുത്തണം. ജഡ്‌ജിമാരുടെയോ ജുഡിഷ്യൽ ഓഫീസർമാരുടെയോ കീഴിൽ നിയമ ക്ളാർക്കായി ജോലിചെയ്ത പരിചയവും അഭിഭാഷകവൃത്തിക്കൊപ്പം പരിഗണിക്കുന്നതാണ്. കോടതികളിൽ വർഷങ്ങളോളം പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകരെയാണ് പുതുതായി ജുഡിഷ്യൽ സർവീസിൽ എത്തുന്നവർ അഭിമുഖീകരിക്കേണ്ടിവരുന്നത്. കോടതിയിലെ നടപടിക്രമങ്ങളെക്കുറിച്ചുള്ള പരിചയക്കുറവ് ഇവിടെ ഒരു തടസമാവാം.
കോടതിയിലെ വ്യവഹാര പ്രക്രിയകൾ സങ്കീർണമാണ്. ഇത് ചുരുങ്ങിയ കാലം കൊണ്ട് മനസിലാക്കുക പ്രയാസവുമാണ്. അങ്ങനെ വരുമ്പോൾ പരിചയക്കുറവുള്ളവരുടെ തീരുമാനങ്ങളിൽ പാകപ്പിഴവ് സംഭവിക്കാനുള്ള സാദ്ധ്യത നിലനിൽക്കും. നിയമം കൈകാര്യം ചെയ്യുന്നതിൽ തഴക്കവും പഴക്കവും വരിക എന്നത് ഏതാനും ദിവസങ്ങൾക്കുള്ളിൽ സാധിക്കുന്ന കാര്യമല്ല. കോടതിമുറിയിലെ രീതികൾ കോടതിമുറിയിലിരുന്നു തന്നെ വേണം മനസിലാക്കാൻ. കോളേജിൽ പഠിക്കുന്നത് കൂടുതലും സിദ്ധാന്തങ്ങൾ മാത്രമാണ്. അതിന്റെ പ്രയോഗമാണ് കോടതികളിൽ നടക്കുന്നത്. അതിനെക്കുറിച്ച് അറിവ് നേടാൻ അനുഭവപരിചയം അത്യന്താപേക്ഷിതമാണ്. വക്കീലന്മാരുടെ തന്ത്രങ്ങളും അവരുടെ പ്രശ്നങ്ങളും ഒരേസമയം മനസിലാക്കാനുള്ള കഴിവ് ജുഡിഷ്യൽ ഓഫീസർമാർക്ക് ആവശ്യമാണ്. അതിന് പുസ്‌തകങ്ങളിൽ നിന്നും ക്ളാസ് മുറികളിൽ നിന്നും ലഭിച്ച അറിവുകൾ മാത്രം മതിയാവില്ല. മറിച്ച് സീനിയർ അഭിഭാഷകരുടെ കൂടെ ജോലി ചെയ്ത അനുഭവമുണ്ടെങ്കിൽ ഏത് അപകടകരമായ സന്ദർഭത്തെയും നിയമത്തിന്റെ പരിധിയിൽ ഉറച്ചുനിന്ന് സമചിത്തതയോടെ നേരിടാനാവും.
അഭിഭാഷകവൃത്തിയിൽ പരിചയമില്ലാതെ പുതുതായി സർവീസിൽ കയറുന്നവർക്ക് അബദ്ധങ്ങൾ സംഭവിക്കാമെന്ന ഒരു മുൻവിധി പോലും വക്കീലന്മാർക്ക് ഉണ്ടായിരിക്കും. ഇതാകട്ടെ ജുഡിഷ്യൽ ഓഫീസർമാരുടെ തീരുമാനങ്ങളിൽ ചെറിയ പിഴവ് സംഭവിച്ചാൽപ്പോലും പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമാക്കാൻ ഇടയാക്കും. ജോലിയിൽ പ്രവേശിക്കുന്ന അന്നുമുതൽ തന്നെ ജഡ്‌ജിമാർക്ക് ജീവിതം, സ്വാതന്ത്ര്യം, സ്വത്തുക്കൾ, പരാതിക്കാരുടെ അന്തസ് തുടങ്ങിയ നിരവധി വിഷയങ്ങൾ നിയമ പരിധിയിൽ നിന്ന് കൈകാര്യം ചെയ്യേണ്ടിവരും. ഇതൊക്കെ കൈകാര്യം ചെയ്യാൻ നിയമ ബോധത്തിനൊപ്പം പ്രായോഗിക പരിജ്ഞാനവും ആവശ്യമാണ്. അതിന്റെ അടിസ്ഥാനത്തിലാണ് 2002 മുതൽ ഇളവ് നൽകിയ അഭിഭാഷക പരിചയ യോഗ്യത ഇപ്പോൾ പുനഃസ്ഥാപിച്ചിരിക്കുന്നത്. ജുഡിഷ്യൽ സർവീസിന്റെ മികവ് കൂടുതൽ ശക്തിപ്പെടുത്താൻ എന്തുകൊണ്ടും ഉതകുന്നതാണ് സുപ്രീംകോടതിയുടെ പുതിയ തീരുമാനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |