ഡോക്ടർമാരുടെ സേവനം സമൂഹത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. ചെറിയ കാര്യങ്ങളുടെ പോലും പേരിൽ ഡോക്ടർമാരോട് തട്ടിക്കയറുകയും അപമര്യാദയായി പെരുമാറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സംഭവങ്ങൾ അടിക്കടി ആവർത്തിച്ചപ്പോഴാണ് ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നതിന് കടുത്ത ശിക്ഷ നൽകുന്ന നിയമങ്ങൾ നിലവിൽ വന്നത്. രോഗിയുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്ന ഡോക്ടർമാരെയും മറ്റ് ആരോഗ്യപ്രവർത്തകരെയും സമ്മർദ്ദത്തിലാക്കുന്നത് ഏതു പ്രകാരത്തിലായാലും ഒഴിവാക്കേണ്ടതാണ്. അതുപോലെ തന്നെയാണ് ചെറിയ ചികിത്സാപ്പിഴവിനു പോലും അവർക്കെതിരെ ക്രിമിനൽ കേസെടുക്കുന്നതും. ഇങ്ങനെയൊരു സാഹചര്യം നിലനിന്നാൽ പല ഡോക്ടർമാരും അപകടസാദ്ധ്യത മുന്നിൽക്കണ്ട് സ്വന്തം നിലയിൽ റിസ്‌ക് എടുക്കാൻ തയ്യാറാകില്ല.
ഇതിന്റെ ദുരിതങ്ങൾ സാധാരണക്കാരായ രോഗികളാവും അനുഭവിക്കേണ്ടിവരിക. ചികിത്സയ്ക്കിടയിലുള്ള രോഗിയുടെ മരണം ഏതു നിമിഷവും സംഭവിക്കാവുന്നതാണ്. അതിന്റെ പേരിൽ ഡോക്ടർ ക്രിമിനൽ കേസിൽ പ്രതിയാകുന്നത് ഒരിക്കലും ആശാസ്യമല്ല. അതിനാൽ ചികിത്സയ്ക്കിടെ കണക്കുകൂട്ടലിലെ പിഴവോ അപ്രതീക്ഷിത കാരണങ്ങളോ കൊണ്ട് രോഗി മരിക്കാനിടയായാൽ ഡോക്ടർക്കെതിരെ ക്രിമിനൽ കേസ് എടുക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിൽ പറഞ്ഞിരിക്കുന്നത് തികച്ചും സ്വാഗതാർഹമാണ്. എന്നാൽ തികഞ്ഞ അവഗണനയും അശ്രദ്ധയും കാട്ടിയെന്നോ ചികിത്സ നിഷേധിച്ചെന്നോ ബോദ്ധ്യപ്പെടുന്ന സന്ദർഭത്തിൽ മാത്രമേ ഇങ്ങനെ കേസെടുക്കാൻ പാടുള്ളൂ എന്നും ജസ്റ്റിസ് ജി. ഗിരീഷ് ഉത്തരവിൽ വ്യക്തമാക്കിയിരിക്കുന്നു.
രോഗികളുടെ ബന്ധുക്കൾ നിരാശയിൽ നിന്ന് ഉന്നയിക്കുന്ന പരാതിയിൽ അധികൃതർക്ക് ചാഞ്ചാട്ടമുണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, യുവാവായ വൃക്കരോഗിയുടെ മരണത്തിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ സ്പെഷ്യലിസ്റ്റ് ഡോക്ടർക്കെതിരെ പൊലീസ് എടുത്ത ക്രിമിനൽ കേസും മജിസ്ട്രേട്ട് കോടതിയിലെ തുടർ നടപടികളും ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. മരണമടഞ്ഞ രോഗിയുടെ പിതാവ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഡോക്ടർക്കെതിരെ കേസ് എടുത്തിരുന്നത്. രോഗിക്ക് ഉചിതമായ ചികിത്സ ഡോക്ടർ നൽകിയിരുന്നു എന്ന് ബോദ്ധ്യപ്പെട്ടതിന്റെ കൂടി അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് കേസ് റദ്ദാക്കിയത്.
കേസ് വരുമെന്നു ഭയന്ന് വിറയാർന്ന കൈകളോടെ സർജൻ ശസ്ത്രക്രിയ ചെയ്യുന്നതും ഫിസിഷ്യൻ മരുന്ന് നൽകുന്നതും ആശാസ്യമല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു.
ഇത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ വിധിക്ക് വിട്ടുകൊടുക്കാനുള്ള പ്രവണതയുണ്ടാക്കും. രോഗിയോട് അവഗണന കാട്ടിയെന്ന എല്ലാ പരാതികളിലും കേസെടുത്താൽ ഡോക്ടർമാർ സ്വന്തം സുരക്ഷിതത്വം നോക്കുന്ന അവസ്ഥ ഉണ്ടാകുമെന്നാണ് കോടതി പറഞ്ഞത്. ഭൂരിപക്ഷം ഡോക്ടർമാരും രോഗിയെ രക്ഷിക്കാനുള്ള ജാഗ്രത പുലർത്തുന്നവരാണ്. ക്ഷമയോടെയും സമാധാനത്തോടെയും ജോലിചെയ്യാനുള്ള സാഹചര്യം കേസും വഴക്കുകളും തുടരെ ഉണ്ടായാൽ നഷ്ടപ്പെടും. അതേസമയം ശസ്ത്രക്രിയ കഴിഞ്ഞ് രോഗിയുടെ ശരീരത്തിൽ കത്രിക കുടുങ്ങുക തുടങ്ങിയ ഗുരുതരമായ പിഴവുകൾക്ക് ശക്തമായ നടപടികൾ എടുക്കുകയും വേണം. അതാകട്ടെ അപൂർവമായി മാത്രം സംഭവിക്കുന്നതായിരിക്കും. അതല്ലാതെ ഏതു പരാതിയുടെ പേരിലും പൊലീസ് കേസെടുക്കാൻ തുടങ്ങിയാൽ ഡോക്ടർമാർക്ക് ജോലി നിർവഹിക്കാൻ കഴിയാതാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |